ഇന്ത്യന്‍ ബാഡ്മിറ്റണ്‍ താരം സൈന നെഹ്വാളിനെതിയാ അധിക്ഷേപ ട്വീറ്റില്‍ നടന് സിദ്ധാര്‍ഥിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി പൊലീസ്. ചെന്നൈ പൊലീസിന്റേതാണ് നടപടി. നടനില്‍നിന്നും മൊഴിയെടുക്കുക മാത്രമാണ് വിളിച്ചുവരുത്തിലിന്റെ ഉദ്ദേശമെന്ന് പൊലീസ് അറിയിച്ചു.
ട്വീറ്റിനെ ആസ്പദമാക്കി നടനെതിരെ രണ്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഹൈദരാബാദില്‍നിന്നുള്ള ഒരു പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അപകീര്‍ത്തിപ്പെടുത്തല്‍ കുറ്റമാരോപിച്ചാണ് രണ്ടാമത്തെ പരാതി. ഈ പരാതിയുടെ അന്വേഷണത്തിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന് പൊലീസ് സമന്‍സ് ആയച്ചിട്ടുണ്ടെന്നും കൊവിഡിന്റെ പശ്ചാത്തലത്തില്‍ മൊഴിയെടുക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുകയാണെന്നുമായിരുന്നു പൊലീസ് അറിയിച്ചിരുന്നത്.
രണ്ടും ക്രിമിനല്‍ കേസുകളല്ലെന്നും പൊലീസ് വ്യക്തമാക്കി. ഐപിസി 509ാം വകുപ്പു പ്രകാരമാണ് ഹൈദരാബാദ് പൊലീസിന്റെ സൈബര്‍ വിഭാഗത്തിന് ഒരു സ്ത്രീ പരാതി നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സംഭവിച്ച സുരക്ഷാ വീഴ്ചയെ കുറിച്ചുള്ള സൈനയുടെ ട്വീറ്റിന് മറുപടിയായി സിദ്ധാര്ത്ഥിട്ട ട്വീറ്റാണ് വിവാദമായത്. ”സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച സംഭവിച്ചാല്‍ ആ രാജ്യ0 സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ല. അരാജകവാദികള് പ്രധാനമന്ത്രിക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണമാണിത്. ഇതിനെതിരെ ഏറ്റവും ശക്തമായി തന്നെ ഞാന്‍ അപലപിക്കുന്നു,” എന്നായിരുന്നു സൈനയുടെ ട്വീറ്റ്.
ഇതു റീട്വീറ്റ് ചെയ്ത് സിദ്ധാര്‍ത്ഥ് ഇട്ട കുറിപ്പിലെ ഒരു വാക്കാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. സിദ്ധാര്‍ഥിന്റെ ട്വീറ്റിനെതിരെ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ, നടിയും ബിജെപി നേതാവുമായ ഖുശ്ബു, സൈനയുടെ ഭര്‍ത്താവും ബാഡ്മിന്റണ്‍ താരവുമായ പി കശ്യപ് എന്നിവരും രംഗത്തെത്തിയിരുന്നു. സിദ്ധാര്‍ഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്തിനാണ് നിലനിര്‍ത്തുന്നത് എന്നായിരുന്നു ട്വിറ്റര്‍ ഇന്ത്യയെ മെന്‍ഷന്‍ ചെയ്തുകൊണ്ട് വനിതാ കമ്മീഷന് അധ്യക്ഷ ചോദിച്ചത്.
തുടര്‍ന്ന് വിവാദ ട്വീറ്റില്‍ സിദ്ധാര്‍ഥ് പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. ഫെമിനിസ്റ്റ് മുന്നേറ്റത്തെ പിന്തുണയ്ക്കുന്ന ഒരാള്‍ എന്ന നിലയില്‍ തന്റെ ട്വീറ്റില്‍ ലിംഗവിവേചനപരമായ യാതൊരു അര്‍ഥവും താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും. ഒരു സ്ത്രീയെന്ന നിലയില്‍ സൈനയെ ആക്രമിക്കാനും ലക്ഷ്യമിട്ടിരുന്നില്ലെന്നും സിദ്ധാര്‍ഥ് ക്ഷമാപണ കുറിപ്പില്‍ കുറിച്ചിരുന്നു.
സിദ്ധാര്‍ഥിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം:
പ്രിയ സൈന നെഹ്വാള്,
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് താങ്കളുടെ ഒരു ട്വീറ്റിന് മറുപടിയായി ഞാന്‍ കുറിച്ച കാഠിന്യമേറിയ തമാശയ്ക്ക് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. ഒട്ടേറെ കാര്യങ്ങളില്‍ എനിക്ക് താങ്കളോട് അഭിപ്രായ വ്യത്യാസമുണ്ടായിരിക്കാം. എങ്കിലും താങ്കളുടെ ട്വീറ്റ് വായിച്ചപ്പോള്‍ എനിക്കു തോന്നിയ നിരാശയും ദേഷ്യവും എന്റെ വാക്കുകളെയും അതിന്റെ അര്‍ഥത്തെയും ന്യായീകരിക്കാന്‍ തക്കതല്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നില്‍ അതില്‍ കൂടുതല്‍ ബഹുമാനം ഉണ്ട്.
ഇനി ആ തമാശയേക്കുറിച്ച്… ഒരു തമാശ മറ്റുള്ളവര്‍ക്കായി വിശദീകരിക്കേണ്ടി വരികയെന്നാല്‍ അത് അത്ര നല്ല തമാശയല്ലെന്നു തന്നെയാണ് അര്‍ഥം. പ്രതീക്ഷിച്ചതുപോലെ സ്വീകരിക്കപ്പെടാതെ പോയ ആ തമാശയെക്കുറിച്ച് ക്ഷമ ചോദിക്കുന്നു.
എങ്കിലും ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള വ്യത്യസ്തരായ ആളുകള്‍ ചാര്‍ത്തി നല്കിയതുപോലുള്ള മോശപ്പെട്ട അര്‍ഥങ്ങളൊന്നും ഉദ്ദേശിച്ചല്ല ഞാന്‍ ആ വാക്കുകള്‍ ട്വീറ്റ് ചെയ്തതെന്ന് ആവര്‍ത്തിക്കട്ടെ. ഫെമിനിസ്റ്റ് മുന്നേറ്റത്തെ പിന്തുണയ്ക്കുന്ന ഒരാള്‍ എന്ന നിലയില്‍ എന്റെ ട്വീറ്റില്‍ ലിംഗവിവചേനപരമായ യാതൊരു അര്‍ഥവും ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഒരു സ്ത്രീയെന്ന നിലയില്‍ താങ്കളെ ആക്രമിക്കാനും ലക്ഷ്യമിട്ടിരുന്നില്ല.
ഈ വിഷയം നമുക്ക് മറന്നുകളയാമെന്നും താങ്കള്‍ എന്റെ കത്ത് സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ എക്കാലവും എന്റെ ചാംപ്യനായിരിക്കും.
വിശ്വസ്തതയോടെ,
സിദ്ധാര്‍ഥ്