നടിയെ ആക്രമിച്ച കേസ്: ദിലീപിനെ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‌റെ വെളിപ്പെടുത്തലില്‍ നടന്‍ ദിലീപിനെ ഉടന്‍ ചോദ്യം ചെയ്യും. ദിലീപിന്‌റെ സഹോദരന്‍ അനൂപിന്‌റേയും കാവ്യ മാധവന്‌റേയും മൊഴിയെടുത്തേക്കും. ബാലചന്ദ്രകുമാറിന്‌റെ രഹസ്യമൊഴി രേഖപ്പെടുത്തണം എന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ദിലീപിനെതിരായ ബാലചന്ദ്രകുമാറിന്‌റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജനുവരി 20ന് മുമ്പായി അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം.

അതേസമയം ആറ് മാസത്തേക്ക് കൂടി വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്നും അപേക്ഷയിൽ പറയുന്നു.

Read More: നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ കോടതി

വിചാരണ നിര്‍ത്തിവെച്ച് തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹരജി പരിഗണിക്കുന്നതും ജനുവരി 20ലേക്ക് മാറ്റി. പ്രോസിക്യൂഷന്റെ ഹരജിയില്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് വിചാരണ കോടതി നോട്ടീസ് നല്‍കി. സംവിധായകന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിചാരണ നിര്‍ത്തിവെച്ച് തുടരന്വേഷണം നടത്തണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, വിചാരണ തുടരണമെന്ന് ദിലീപിന്റെ അഭിഭാഷകനും വാദിച്ചു.

നടിയെ ആക്രമിച്ച വിവരങ്ങള്‍ ദിലീപ് തന്നോട് പറഞ്ഞിരുന്നെന്നും താനത് ഫോണില്‍ റെക്കോര്‍ഡ് ചെയ്തെന്നും ബാലചന്ദ്രകുമാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഈ സംഭാഷണമടങ്ങിയ ഫോണും പൊലീസ് കോടതിയില്‍ ഹാജരാക്കി. നിലവിലുള്ള പ്രോസിക്യൂഷന്‍ രാജിവെച്ച സാഹചര്യത്തില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാനും ജനുവരി 20 വരെ സമയം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചില്ലെങ്കില്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടറുടെ സഹായത്തോടെ നടപടികള്‍ തുടരാമെന്ന് കോടതി വാക്കാന്‍ പരാമര്‍ശിച്ചിട്ടുണ്ട്.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. തനിക്ക് ദിലീപുമായി സൗഹൃദമുണ്ടെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കുന്നുണ്ടെന്ന് അറിയാമെന്നും സംവിധാനകന്‍ പറഞ്ഞിരുന്നു.

കേസിലെ വിചാരണ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങവെയാണ് നിര്‍ണായക വെളിപ്പെടുത്തല്‍. ഇതോടെയാണ് ഗൂഢാലോചനയില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് രംഗത്തെത്തിയത്. പുതിയ വെളിപ്പെടുത്തലുകള്‍ കേസന്വേഷണത്തെ സഹായിക്കുന്നതാണെന്നും നേരത്തെ കണ്ടെത്തിയ തെളിവുകളുമായി ഇവയ്ക്ക് സാമ്യമുണ്ടെന്നും പൊലീസ് പറയുന്നു.

UPDATES
STORIES