ഓസ്കാര്‍ വേദിയില്‍ അവതാരകനെ ആക്രമിച്ച സംഭവത്തില്‍ നടന് വില്‍ സ്മിത്തിനെ അറസ്റ്റുചെയ്യാന്‍ നീക്കം നടന്നതായി ഓസ്കാര്‍ പ്രൊഡ്യൂസര്‍ വില്‍ പാക്കര്‍. ക്രിസ് റോക്ക് പരാതിയെല്ലെന്ന് പറഞ്ഞതിലൂടെയാണ് അത്തരമൊരു നടപടി ഒഴിവായതെന്നും അദ്ദേഹം വെളിപ്പെടുത്തി. പൊലീസ് ക്രിസ് റോക്കുമായി സംസാരിച്ചപ്പോള്‍ താനും ഒപ്പമുണ്ടായിരുന്നതായി പാക്കര്‍ പറയുന്നു. നേരത്തെ ലോസ് ഏഞ്ചലസ് പൊലീസും ക്രിസ് റോക്ക് പരാതി നല്കാന് വിസമ്മതിച്ചതായി അറിയിച്ചിരുന്നു.
‘പരാതി നല്കാന് അവസരമുണ്ടെന്നും ഇപ്പോള്‍ തന്നെ ഒരു അറസ്റ്റിന് തയ്യാറാണെന്നും പൊലീസ് അദ്ദേഹത്തോട് വിശദീകരിച്ചതാണ്. എന്നാല്‍ അത് നിഷേധിച്ച ക്രിസ് റോക്ക് തനിക്ക് കുഴപ്പമില്ല എന്നാണ് മറുപടി നല്‍കിയത്’; എബിസി നെറ്റ്വര്‍ക്കിനോട് വില്‍ പാക്കര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ സംഭവത്തില്‍ ഇത് ആദ്യമായാണ് ഓസ്കാര്‍ പ്രൊഡ്യൂസര്‍ പ്രതികരിക്കുന്നത്.
94-ാമത് ഓസ്കാര്‍ ചടങ്ങില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയ വില്‍ സ്മിത്ത് ലോകത്തെയാകെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു അവതാരകനായ ക്രിസ് റോക്കിനെ വേദിയില്‍വെച്ച് ആക്രമിച്ചത്. അലോപേഷ്യ രോഗബാധിതയായ ഭാര്യ ജേഡ പിങ്കറ്റ് സ്മിത്തിനുനേരെ ക്രിസ് റോക്ക് നടത്തിയ ജി.ഐ. ജെയിന് (G.I. Jane) പരാമര്‍ശത്തില്‍ പ്രകോപിതനായ നടന് അവതാരകനെ വേദിയില്‍ കയറി മുഖത്തടിക്കുകയായിരുന്നു. ഈ സംഭവത്തിന് വെറും അരമണിക്കൂര്‍ ശേഷമാണ് വില്‍ സ്മിത്ത് ഓസ്കാര്‍ പുരസ്കാരം അതേ വേദിയില്‍ ഏറ്റുവാങ്ങിയത്.
തുടര്‍ന്ന് തന്റെ ഭാഗത്തുനിന്നുണ്ടായ പ്രവര്‍ത്തിയില്‍ അക്കാദമിയോടും ക്രിസ് റോക്കിനോടും വില്‍ സ്മിത്ത് ക്ഷമാപണം നടത്തി. രോഗത്തെ പരിഹസിക്കുന്നതുവഴി തന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായും അതിന് ക്ഷമചോദിക്കുന്നതായും ക്രിസ് റോക്കും പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം, വിവാദങ്ങള്‍ക്ക് മറുപടി നല്കിയ അക്കാദമി ചടങ്ങില്‍ നിന്ന് മാറിനില്ക്കാന് വില്‍ സ്മത്തിനോട് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം അത് നിഷേധിച്ച് തുടരുകയായിരുന്നു എന്നുമാണ് പ്രതികരിച്ചത്. നടനെതിരെ കടുത്ത അച്ചടക്ക നടപടി തന്നെയുണ്ടാകുമെന്നാണ് അക്കാദമി പ്രസ്ഥാവനയിലൂടെ അറിയിച്ചിരിക്കുന്നത്.