ഷാരൂഖ് ഖാനേയും മകനേയും അപമാനിച്ചതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശം: ടൊവിനോ തോമസ്

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനേയും മകന്‍ ആര്യന്‍ ഖാനേയും അപമാനിക്കാനും അവരുടെ പ്രശസ്തിക്ക് കളങ്കം വരുത്താനും ശ്രമമുണ്ടായെന്ന് നടന്‍ ടൊവിനോ തോമസ്. മുംബൈ ക്രൂയിസ് കപ്പല്‍ റെയ്ഡ് കേസ് വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു ടൊവിനോയുടെ മറുപടി. തന്‌റെ പുതിയ ചിത്രം നാരദന്‌റെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി മുംബൈയില്‍ എത്തിയതായിരുന്നു ടൊവിനോ, അന്ന ബെന്‍, ആഷിഖ് അബു എന്നിവര്‍. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവിനോയുടെ പ്രതികരണം.

‘ഇപ്പോള്‍ നമുക്കറിയാവുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഷാരൂഖ് ഖാന്റെയും മകന്റെ പ്രശസ്തിക്കു കളങ്കം വരുത്താനുള്ള ഒരു രാഷ്ട്രീയ ഉദ്ദേശം ഇതിന് പിന്നില്‍ ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്,’ടൊവിനോ പറഞ്ഞു.

ഈ കാലയളവില്‍ നടന്ന മാധ്യമ വിചാരണക്കും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കും എന്ത് ന്യായീകരണമാണ് നിരത്താനുള്ളതെന്നും ടോവിനോ തോമസ് ചോദിച്ചു. ഒരാളെ അപകീര്‍ത്തിപ്പെടുത്താനും ബ്ലാക്ക്മെയില്‍ ചെയ്യാനും മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന രീതി തെറ്റാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു

നാരദന്‍ എന്ന സിനിമയില്‍ തന്റെ സ്വാധീനം ഉപയോഗിച്ച് പ്രതികാരം ചെയ്യാനും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സമൂഹത്തെ ഭിന്നിപ്പിക്കാനും ആളുകളുടെ സ്വകാര്യത ലംഘിക്കാനും ശ്രമിക്കുന്ന ഒരു സദാചാര വാര്‍ത്താ അവതാരകനെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച പ്രീമിയര്‍ പ്രദര്‍ശനത്തിന് ശേഷം ചിത്രത്തിന്റെ പ്രമോഷനായി അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും മുംബൈയില്‍ ഉണ്ടായിരുന്നു.

ആര്യന്‍ ഖാനെതിരെയുള്ള കേസിന് പുറകില്‍ രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടായിരുന്നെന്നാണ് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞത്. വാര്‍ത്തകള്‍ക്കായുള്ള മത്സരമാണ് മാധ്യമരംഗം നേരിടുന്ന വെല്ലുവിളിയെന്നും ആഷിഖ് അബു ചൂണ്ടിക്കാട്ടി.

UPDATES
STORIES