‘അഭിനയിച്ചത് രണ്ടുവർഷം മാത്രം’; വിവാഹം കഴിഞ്ഞതോടെ ആരും കഥ പറയാന്‍ സമീപിച്ചില്ലെന്ന് പൂര്‍ണിമ ഇന്ദ്രജിത്

വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും മലയാളികളുടെ പ്രിയ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്. വിവാഹ ശേഷം അഭിനയ രംഗത്തു നിന്നും മാറി നിന്ന പൂര്‍ണിമ 18 വര്‍ഷത്തിന് ശേഷം ആഷിക്ക് അബു സംവിധാനം ചെയ്ത ‘വൈറസ്’ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവന്നത്. വിവാഹം കഴിഞ്ഞതോടെ ആരും കഥ പറയാന്‍ തന്നെ സമീപിക്കാതെയായതാണ് വലിയ ബ്രേക്കിന് കാരണമെന്ന് പൂര്‍ണിമ പറുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കി അഭിമുഖത്തിലാണ് പൂര്‍ണിമ ഇക്കാര്യം പറഞ്ഞത്.

‘രണ്ടു വര്‍ഷം മാത്രമാണു സിനിമയില്‍ അഭിനയിച്ചത്. 2000-2002 കാലഘട്ടത്തില്‍. അതും ഏഴ് സിനിമകളില്‍ മാത്രം. ഒന്നു രണ്ട് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞതോടെ ആരും കഥ പറയാന്‍ സമീപിച്ചില്ല. അന്നൊക്കെ വിവാഹം കഴിഞ്ഞാല്‍ അഭിനയിക്കില്ലെന്ന ചിന്തയുണ്ടായിരുന്നു. തുടര്‍ന്നു കുട്ടികളും ഉത്തരവാദിത്തങ്ങളും കൂടി. സിനിമയില്‍ തിരിച്ചെത്തുമെന്ന് എന്നോട് അടുപ്പമുള്ളവര്‍ക്ക് എല്ലാം അറിയാമായിരുന്നു. സിനിമയെ അത്രയേറെ സ്‌നേഹിക്കുന്ന ഒരാളാണ്. യോജിച്ച കഥാപാത്രങ്ങള്‍ കൃത്യസമയത്ത് എന്നെ തേടി എത്തുമെന്നു ഞാന്‍ വിശ്വസിച്ചിരുന്നു. ‘വൈറസ്’ ഞാന്‍ ചെയ്യണമെന്ന് ആഷിഖ് അബുവും റിമ കല്ലിങ്കലും ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു,’ പൂര്‍ണിമ പറഞ്ഞു.

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സച്ചിന്‍ കുന്ദല്‍ക്കറിന്റെ ഹിന്ദി-ഇംഗ്ലിഷ് സിനിമ ‘കൊബാള്‍ട്ട് ബ്ലൂ’വില്‍ പൂര്‍ണിമ അഭിനയിച്ചിരുന്നു. സംവിധായകന്റെ ‘കൊബാള്‍ട്ട് ബ്ലൂ’ എന്ന നോവലിനെ അധികരിച്ചാണ് ഈ സിനിമ. 2006ല്‍ മറാത്തിയില്‍ പുറത്തിറങ്ങിയ നോവലാണിത്. പൂര്‍ണിമയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ഇത്. നെറ്റ്ഫ്‌ലിക്‌സില്‍ റിലീസായ ചിത്രത്തില്‍ ഒരു കന്യാസ്ത്രീയുടെ വേഷത്തിലാണ് പൂര്‍ണിമ എത്തിയത്.

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിലും പൂര്‍ണിമ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഒരു കഥാപാത്രത്തിന്‌റെ തന്നെ രണ്ട് കാലഘട്ടങ്ങളെയാണ് പൂര്‍ണിമ അവതരിപ്പിക്കുക.

UPDATES
STORIES