പ്രഭാസിന്റെയും പൂജ ഹെഗ്‌ഡെയുടെയും റൊമാന്റിക് ഡ്രാമ ‘രാധേ ശ്യാം’ മാര്‍ച്ചിലെത്തും; തെലുങ്കില്‍ ഇനി വമ്പന്‍ റിലീസുകള്‍

നിരവധി തവണയായുണ്ടായ മാറ്റിവെക്കലുകള്‍ക്കൊടുവില്‍ പ്രഭാസിന്റെ രാധേ ശ്യാമിന്റെ റിലീസ് തിയതിയിലും തീരുമാനമായി. മാര്‍ച്ച് 11ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സാഹോയ്ക്ക് ശേഷം പ്രഭാസ് കേന്ദ്രകഥാപാത്രമായെത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് പ്രേക്ഷക പ്രതീക്ഷളേറെയാണ്. പ്രഭാസിന്റെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകളിലൂടെയാണ് പ്രഖ്യാപനം.

പ്രണയവും വിധിയും തമ്മിലുള്ള യുദ്ധം എന്നെഴുതിയ, ആഞ്ഞടിക്കുന്ന കടലും കപ്പലും ചിത്രീകരിച്ചുള്ള പോസ്റ്ററോടെയാണ് റിലീസ് തിയതി അറിയിച്ചിരിക്കുന്നത്. വിധി മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന വിക്രമാദിത്യ എന്ന ഹസ്തരേഖ വിദഗ്ധന്റെ കഥാപാത്രമാണ് ചിത്രത്തില്‍ പ്രഭാസിന്റേത്.

പ്രേരണ എന്ന കഥാപാത്രമായി പൂജ ഹെഗ്‌ഡെയും എത്തുന്നു. സച്ചിന്‍ ഖെഡേകര്‍, പ്രിയദര്‍ശിനി, ഭാഗ്യശ്രീ, ജഗപതി ബാബു, മുരളി ശര്‍മ്മ, കുനാല്‍ റോയ് കപൂര്‍, റിദ്ധി കുമാര്‍, സാഷ ഛേത്രി തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്.

രാധാകൃഷ്ണ കുമാറിന്റെ സംവിധാനത്തിലെത്തുന്ന ചിത്രം 350 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. യുവി ക്രിയേഷന്‍സും ടി സീരീസും ചേര്‍ന്നാണ് നിര്‍മ്മാണം. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, ചൈനീസ്, ജാപനീസ് ഭാഷകളിലായാണ് രാധേ ശ്യാം എത്തുക. ജസ്റ്റിന്‍ പ്രഭാകറാണ് ചിത്രത്തില്‍ ഗാനങ്ങളൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം മനോജ് പരമഹംസ.

കൊവിഡിന്റെ മൂന്നാം തരംഗം ഒന്നടങ്ങവേ, തെലുങ്കില്‍ ബോക്‌സ്ഓഫീസുകള്‍ നിറയ്ക്കാന്‍ വമ്പന്‍ റിലീസുകളാണിനി വരാനിരിക്കുന്നത്. എസ്എസ് രാജമൗലിയുടെ സംവിധാനത്തിലെത്തുന്ന ‘ആര്‍ആര്‍ആര്‍’ മാര്‍ച്ച് 25നാണ് റിലീസ്. അല്ലു അര്‍ജുന്‍ നായകനായെത്തിയ പുഷ്പയുടെ രണ്ടാം ഭാഗം, പവന്‍ കല്യാണിന്റെ ‘ഭീല്‍മ നായക്’, ചിരഞ്ജീവിയും രാം ചരണും കാജല്‍ അഗര്‍വാളും ഒന്നിക്കുന്ന ‘ആചാര്യ’, മഹേഷ് ബാബുവിന്റെ ‘സര്‍കാരു വാരി പട്ടു’, പ്രഭാസിന്റെ ആക്ഷന്‍ ത്രില്ലര്‍ ‘സലാര്‍’ തുടങ്ങിയവയും റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

UPDATES
STORIES