സൽമാൻ ഖാനെയും അക്ഷയ് കുമാറിനെയും കടത്തിവെട്ടി പ്രഭാസ്; ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം

തന്റെ പുതിയ ചിത്രം ‘ആദിപുരുഷിന്’ പ്രതിഫലമായി 150 കോടി നിശ്ചയിച്ചതോടെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി പ്രഭാസ്. രാമായണത്തെ അടിസ്ഥാനമാക്കി അടുത്തവർഷം ഓഗസ്റ്റിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഓം റാഉത്ത് സംവിധാനം ചെയ്യുന്ന ‘ആദി പുരുഷ്’. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും പണച്ചെലവേറിയ ചിത്രങ്ങളിൽ ഒന്നാണ് ഇത്. സന്ദീപ് റെഡ്‌ഡി വങ്കയുടെ ‘സ്‌പിരിറ്റ്‌’ സിനിമക്കും പ്രഭാസ് 150 കോടിയാണ് പ്രതിഫലമാവശ്യപ്പെട്ടിരിക്കുന്നത്.

ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനെയും അക്ഷയ് കുമാറിനെയും കടത്തിവെട്ടിയാണ് പ്രഭാസ് ഇപ്പോൾ പ്രതിഫലപ്പട്ടികയിൽ ഒന്നാമതായിരിക്കുന്നത്. സുൽത്താൻ സിനിമക്ക് സൽമാൻ ഖാൻ 100 കോടിയാണ് പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ബെൽ ബോട്ടത്തിന് 130 കോടിക്കടുത്താണ് അക്ഷയ് കുമാറിന്റെ പ്രതിഫലം. സിനിമാ ബിസിനസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് പ്രതിഫലക്കണക്കുകൾ റിപ്പോർട്ട്ചെയ്തിരിക്കുന്നത്.

പണിപ്പുരയിലുള്ള രാധേ ശ്യാം, സലാർ ചിത്രങ്ങൾക്ക് പ്രഭാസ് 100 കോടി വീതമാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. പതിനഞ്ച് വർഷമായി സിനിമയിലുള്ള പ്രഭാസിന്റെ തലവര മാറ്റിയത് ബാഹുബലിയായിരുന്നു. അഞ്ചുവർഷത്തോളമാണ് താരം ബാഹുബലിക്കായി ചെലവിട്ടത്. തൊട്ടടുത്ത് ചെയ്‌ത സാഹോ വലിയ വിജയമായില്ലെങ്കിലും ബിഗ് ബജറ്റ് ചിത്രങ്ങളിലേക്കുള്ള നടന്റെ ചുവടുമാറ്റമായിരുന്നു പിന്നീട്. പ്രഭാസിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങളും വമ്പൻ പ്രോജക്ടുകളാണ്. വെങ്കിടേശ്വര ക്രിയേഷൻസ്, യുവി ക്രിയേഷൻസ്, മൈത്രീ മൂവീസ് തുടങ്ങിയ പൊഡക്ഷൻ ഭീമന്മാരുമായി താരം ചർച്ചയിലാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഒരേസമയം ചിത്രീകരിക്കുന്ന ആദിപുരുഷിൽ പ്രഭാസിനൊപ്പം സൈഫ് അലി ഖാനും കൃതി സാനോനും പ്രധാന വേഷങ്ങളിലുണ്ടാകും. തമിഴ്, മലയാളം, കന്നഡ ഭാഷകളിലേക്ക് സിനിമക്ക് മൊഴിമാറ്റവുമുണ്ടാകും. 2022 ഓഗസ്റ്റ് 11നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

UPDATES
STORIES