ഒരു സിനിമ ‘പാന്‍ ഇന്ത്യന്‍’ ആകേണ്ടത് ഉള്ളടക്കം കൊണ്ടാണ്; ‘ജനഗണമന’യെ കുറിച്ച് പൃഥ്വിരാജ്

മലയാള സിനിമയെ രാജ്യത്തുടനീളം മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകളും ശ്രദ്ധിക്കണമെന്ന തന്റെ ലക്ഷ്യത്തെക്കുറിച്ച് പൃഥ്വിരാജ് എപ്പോഴും സംസാരിക്കാറുണ്ട്. റിലീസിനൊരുങ്ങുന്ന തന്‌റെ ഏറ്റവും പുതിയ ചിത്രം ‘ജന ഗണ മന’ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും എന്നാണ് പൃഥ്വിരാജ് പറയുന്നത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള തന്റെ ആദ്യ തിയറ്റര്‍ ചിത്രമായ ജന ഗണ മനയുടെ റിലീസിന് മുന്നോടിയായി കൊച്ചിയില്‍ അടുത്തിടെ നടന്ന ഒരു പ്രൊമോഷണല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിലെ മറ്റ് ‘പാന്‍-ഇന്ത്യന്‍’ സംരംഭങ്ങളുമായി തന്‌റെ സിനിമയെ എങ്ങനെ താരതമ്യം ചെയ്യുന്നു എന്നതിനെക്കുറിച്ചും പൃഥ്വിരാജ് സംസാരിച്ചു.

‘പാന്‍-ഇന്ത്യന്‍ സിനിമ പലപ്പോഴും തെറ്റായി ഉപയോഗിക്കുന്ന പദമാണെന്ന് ഞാന്‍ കരുതുന്നു. പാന്‍ ഇന്ത്യന്‍ എന്ന വാക്ക് നിങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ ആളുകള്‍ ചിന്തിക്കുന്നത്, ഒരു ഭാഷയില്‍ നിന്നുള്ള വലിയൊരു നടനും മറ്റൊരു ഭാഷയിലെ വലിയ നടിയും പിന്നെ പല ഭാഷകളില്‍ നിന്നുള്ള പ്രമുഖ അഭിനേതാക്കളും ഒരു ബിഗ് ബജറ്റ് സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നതാണ് എന്നാണ്. സത്യത്തില്‍, ഒരു സിനിമ പാന്‍-ഇന്ത്യന്‍ ആകുന്നത് അതിന്‌റെ ഉള്ളടക്കം കൊണ്ടാണ്. എവിടെയുള്ള ആളുകള്‍ക്ക് കണ്ടാലും മനസിലാക്കാനും റിലേറ്റ് ചെയ്യാനും കഴിയുന്ന ഒരു സിനിമ. അത്തരത്തില്‍, ജനഗണമന ഒരു പാന്‍-ഇന്ത്യന്‍ ചിത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.’

സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ് എന്നിവരും അഭിനയിക്കുന്ന ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയാണ് പൃഥ്വിരാജ്. ജന ഗണ മനയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് എങ്ങനെയാണ് തന്നോട് സിനിമ നരേറ്റ് ചെയ്തതെന്നും പൃഥ്വി പറഞ്ഞു.

‘ഷാരിസ് എന്നോട് ആദ്യമായി കഥ പറഞ്ഞപ്പോള്‍, അദ്ദേഹം പറഞ്ഞു, ഗുഡ്ഗാവില്‍ നിന്നോ ഒറീസയില്‍ നിന്നോ ആരെങ്കിലും ഈ സിനിമ കാണുമ്പോള്‍ ഇത് അവരുടെ തൊട്ട് മുന്നില്‍ നടക്കുന്ന കഥയാണെന്ന് തോന്നണം. ഈ കഥയ്ക്ക് ആ ഗുണമുണ്ട്. എവിടെ വേണമെങ്കിലും സംഭവിക്കാവുന്ന കഥയാണിത്,’ അദ്ദേഹം പറഞ്ഞു.

തന്‌റെ കമ്പനി ഇത്രയും കാലത്തിനിടെ നിര്‍മ്മിച്ച ഏറ്റവും വലിയ ചിത്രമാണ് ജനഗണമന എന്നും പൃഥ്വിരാജ് പറഞ്ഞു. പണച്ചെലവുകൊണ്ട് മാത്രമല്ല, സിനിമ കൈകാര്യം ചെയ്യുന്നവ വിഷയം കൊണ്ടുകൂടിയാണ് ഈ ചിത്രം വലുതാകുന്നതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

UPDATES
STORIES