കട്ട കലിപ്പിൽ പൃഥ്വിരാജ്, പോപ്കോൺ കൊറിച്ച് നയൻതാര; അൽഫോൺസ് പുത്രന്റെ ‘ഗോൾഡ്’ ടീസർ

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘ഗോൾഡ്’ എന്ന ചിത്രത്തിന്റെ ടീസർ എത്തി. പൃഥ്വിരാജും നയൻതാരയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോഷി എന്ന കഥാപാത്രമായി പൃഥ്വിരാജും സുമംഗലി ഉണ്ണികൃഷ്ണനായി നയൻതാരയും എത്തുന്നു.

കഥയെ കുറിച്ച് യാതൊരു സൂചനയും നൽകാതെയാണ് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരിക്കുന്നത്. ‘പ്രേമം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൻസ് പുത്രൻ ഒരുക്കുന്ന ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനുമാണ് ചിത്രം നിർമിക്കുന്നത്.

“ഏഴ് വർഷത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം ഞാൻ എന്റെ സിനിമയുമായി തിരിച്ചെത്തുകയാണ്. “ഗോൾഡ്” ടീസർ ഇന്ന് വൈകുന്നേരം 6 മണിക്ക് മാജിക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും. ഈ വെള്ളിയാഴ്ച, മാർച്ച് 25ന് “ഗോൾഡ്” ടീസർ തീയറ്ററുകളിൽ റിലീസ് ചെയ്യും. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും ആഗ്രഹങ്ങളും വേണം. ടീസർ കണ്ടിട്ട് അഭിപ്രായം പറയൂ”, എന്നാണ് രാവിലെ ടീസർ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അൽഫോൻസ് കുറിച്ചിരുന്നത്.

ലാലു അലക്സ്, ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, ശാന്തി കൃഷ്ണ, ബാബുരാജ്, വിനയ് ഫോര്‍ട്ട്, ചെമ്പൻ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, റോഷൻ മാത്യു, ജഗദീഷ്, സൈജു കുറുപ്പ്, ദീപ്തി സതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും സ്റ്റണ്ടും വിഷ്വൽ എഫക്സും ആനിമേഷനും കളര്‍ ഗ്രേഡിങ്ങുമൊക്കെ അൽഫോൻസ് തന്നെയാണ് നി‍ർവ്വഹിക്കുന്നത്.

UPDATES
STORIES