എന്‍എഫ്ടിയുടെ ലോകത്തേക്ക് ചുവടുവെച്ച് പൃഥ്വിരാജ്; ആദ്യ ക്രിപ്‌റ്റോ ആര്‍ട്ട് സ്വന്തമാക്കി

എന്‍എഫ്ടി (നോണ്‍-ഫഞ്ചബിള്‍ ടോക്കന്‍സ്) നിക്ഷേപത്തിലേക്ക് ചുവടുവെച്ച് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ആര്‍ട്ടിസ്റ്റ് ലക്ഷ്മി മാധവന്റെ ‘ഐ സ്‌പൈ വിത്ത് മൈ ലിറ്റില്‍ ഐ’ എന്ന ക്രിപ്‌റ്റോ ആര്‍ട്ടാണ് പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുന്നത്. എന്‍എഫ്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റുവഴിയാണ് താരം ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.

നമ്മള്‍ കാണുന്നവയെക്കുറിച്ച്, എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച്, എന്തുകൊണ്ട് കണ്ടു എന്നതിനെക്കുറിച്ച് ചിന്തിപ്പിക്കുന്നതാണ് ലക്ഷ്മി മാധവിന്റെ സൃഷ്ടിയെന്ന് പൃഥ്വിരാജ് പറഞ്ഞു.

നടി റിമ കല്ലിങ്കലാണ് മലയാളത്തില്‍ ആദ്യമായി ഡിജിറ്റല്‍ ആര്‍ട് വര്‍ക്ക്, എന്‍എഫ്ടി എന്ന സാങ്കേതികവിദ്യ സൃഷ്ടിയുടെ ഭാഗമായത്. ദി ബോഹോ മോന്‍ക്, ഫ്രാന്‍സിസ് കുര്യന്‍, ലാമി മ്യൂസിക് എന്നീ കലാകാരന്മാര്‍ക്ക് ഒപ്പം തയ്യാറാക്കിയ റിമയുടെ ‘ദ ഇന്‍സര്‍ജന്റ് ബ്ലൂം’ 24 മണിക്കൂറിനകം 7.7 ലക്ഷം രൂപയ്ക്കാണ് ഓണ്‍ലൈനായി വില്‍പ്പന നടത്തിയത്.

വികേന്ദ്രീകൃത ഡിജിറ്റല്‍ ലെഡ്ജറായ ബ്ലോക്‌ചെയിനില്‍ സൂക്ഷിക്കുന്ന നിശ്ചിത യൂണിറ്റ് ഡേറ്റയാണ് എന്‍എഫ്ടി. ഫോട്ടോകള്‍, ഡിജിറ്റല്‍ ചിത്രങ്ങള്‍, ഓഡിയോ, വിഡിയോ, സിനിമ എന്നിങ്ങനെ ഏത് സൃഷ്ടിയും ഡിജിറ്റല്‍ രൂപത്തില്‍ എന്‍എഫ്ടിയാക്കി മാറ്റാം. എന്‍എഫ്ടി പ്ലാറ്റ്‌ഫോമുകളായ ഫൗണ്ടേഷന്‍ (foundation.app) , ഓപ്പണ്‍സീ (opensea.io) തുടങ്ങിയവയില്‍ അക്കൗണ്ട് തുറന്ന് മെറ്റാമാസ്‌ക് (Metamask) പോലെയുള്ള ക്രിപ്‌റ്റോ വോലറ്റുകള്‍ വഴിയാണ് എന്‍എഫ്ടി ഇടപാടുകള്‍ നടത്തുക. ബിറ്റ്‌കോയിനു സമാനമായ എതേറിയം, ടെസോസ് പോലെയുള്ള ക്രിപ്‌റ്റോകറന്‍സികളുപയോഗിച്ചാണ് എന്‍എഫ്ടി സ്വന്തമാക്കുക.

UPDATES
STORIES