ജസ്റ്റിസ് ഹേമ കമ്മിറ്റി എന്തിനാണോ രൂപീകരിച്ചത് ആ ഉദ്ദേശ്യം നിറവേറ്റപ്പെടണമെന്ന് നടന് പൃഥ്വിരാജ്. സിനിമാ സെറ്റുകളില്‍ ജോലി സാഹചര്യം മെച്ചപ്പെടുത്തുകയാണ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യമെങ്കില്‍ അത് നടപ്പിലാവണമെന്നാണ് തന്റെ ആഗ്രഹം. റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല അല്ലെങ്കില്‍ ആ അധികാരം ആരുടേതാണ് എന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നും റിപ്പോര്‍ട്ട് പുറത്തുവിടണമോ എന്ന് തീരുമാനിക്കേണ്ടത് അത് രൂപീകരിച്ചവര്‍ ആണെന്നും പൃഥ്വിരാജ് പറഞ്ഞു.
കൊവിഡിന് ശേഷമുള്ള തന്റെ ആദ്യ തിയേറ്റര്‍ ചിത്രമായ ‘ജന ഗണ മന’യുടെ പ്രൊമോഷണല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിലെ മറ്റ് ‘പാന്‍-ഇന്ത്യന്‍’ സംരംഭങ്ങളുമായി തന്റെ സിനിമയെ എങ്ങനെ താരതമ്യം ചെയ്യുന്നു എന്നതിനെക്കുറിച്ചും പൃഥ്വിരാജ് സംസാരിച്ചു.
‘പാന്‍-ഇന്ത്യന്‍ സിനിമ പലപ്പോഴും തെറ്റായി ഉപയോഗിക്കുന്ന പദമാണെന്ന് ഞാന്‍ കരുതുന്നു. പാന്‍ ഇന്ത്യന്‍ എന്ന വാക്ക് നിങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ ആളുകള്‍ ചിന്തിക്കുന്നത്, ഒരു ഭാഷയില്‍ നിന്നുള്ള വലിയൊരു നടനും മറ്റൊരു ഭാഷയിലെ വലിയ നടിയും പിന്നെ പല ഭാഷകളില്‍ നിന്നുള്ള പ്രമുഖ അഭിനേതാക്കളും ഒരു ബിഗ് ബജറ്റ് സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നതാണ് എന്നാണ്. സത്യത്തില്‍, ഒരു സിനിമ പാന്‍-ഇന്ത്യന്‍ ആകുന്നത് അതിന്റെ ഉള്ളടക്കം കൊണ്ടാണ്. എവിടെയുള്ള ആളുകള്‍ക്ക് കണ്ടാലും മനസിലാക്കാനും റിലേറ്റ് ചെയ്യാനും കഴിയുന്ന ഒരു സിനിമ. അത്തരത്തില്‍, ജനഗണമന ഒരു പാന്‍-ഇന്ത്യന്‍ ചിത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.’
സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ് എന്നിവരും അഭിനയിക്കുന്ന ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയാണ് പൃഥ്വിരാജ്. ജന ഗണ മനയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് എങ്ങനെയാണ് തന്നോട് സിനിമ നരേറ്റ് ചെയ്തതെന്നും പൃഥ്വി പറഞ്ഞു.
‘ഷാരിസ് എന്നോട് ആദ്യമായി കഥ പറഞ്ഞപ്പോള്‍, അദ്ദേഹം പറഞ്ഞു, ഗുഡ്ഗാവില്‍ നിന്നോ ഒറീസയില്‍ നിന്നോ ആരെങ്കിലും ഈ സിനിമ കാണുമ്പോള്‍ ഇത് അവരുടെ തൊട്ട് മുന്നില്‍ നടക്കുന്ന കഥയാണെന്ന് തോന്നണം. ഈ കഥയ്ക്ക് ആ ഗുണമുണ്ട്. എവിടെ വേണമെങ്കിലും സംഭവിക്കാവുന്ന കഥയാണിത്,’ അദ്ദേഹം പറഞ്ഞു. തന്റെ കമ്പനി ഇത്രയും കാലത്തിനിടെ നിര്‍മ്മിച്ച ഏറ്റവും വലിയ ചിത്രമാണ് ജനഗണമന എന്നും പൃഥ്വിരാജ് പറഞ്ഞു. പണച്ചെലവുകൊണ്ട് മാത്രമല്ല, സിനിമ കൈകാര്യം ചെയ്യുന്നവ വിഷയം കൊണ്ടുകൂടിയാണ് ഈ ചിത്രം വലുതാകുന്നതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു