കെജിഎഫ് പോലൊരു ചിത്രം മലയാളത്തിൽ ഉണ്ടാകും എന്ന് ഉറപ്പ് നൽകി പൃഥ്വിരാജ് സുകുമാരൻ. കെജിഎഫ്; ചാപ്റ്റർ 2 കേരളത്തില്‍ വിതരണം ഏറ്റെടുത്തത് പൃഥ്വിരാജ് ആയിരുന്നു. ആദ്യ ദിനം കേരളത്തിലെ ബോക്സ് ഓഫീസില്‍ നിന്ന് 7.48 കോടി രൂപയാണ് കെജിഎഫ് നേടിയത്. ഒരു സിനിമയ്ക്ക് കേരളത്തില്‍ ആദ്യദിനം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനം കൂടിയാണ് ഇത്. എന്നാല്‍ നമുക്ക് നമ്മുടെ സ്വന്തം കെജിഎഫ് ഉണ്ടാകും എന്നാണ് ഇപ്പോള്‍ പൃഥ്വിരാജ് പറയുന്നത്. ഒടിടി പ്ലേക്ക് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു ഡിസ്ട്രിബ്യൂട്ടര്‍ എന്ന നിലയില്‍ 83, കെജിഎഫ്: ചാപ്റ്റര്‍ 2 എന്നീ സിനിമകള്‍ കേരളത്തില്‍ വിതരണം ചെയ്തത് പൃഥ്വിരാജ് ആണ്. അത്തരം സിനിമകള്‍ മലയാളത്തില്‍ സംഭവിക്കുന്നതിനെ കുറിച്ച് എന്ത് തോന്നുന്നു എന്ന ചോദ്യത്തിനായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
‘നമുക്കുമുണ്ടാകും എന്ന് എനിക്ക് ഉറപ്പ് നല്‍കാനാകും. നമുക്ക് നമ്മുടെ സ്വന്തം കെജിഎഫ് ഉണ്ടാകും എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു,’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
നേരത്തേ അഭിനേതാക്കള്‍ കമ്മിറ്റ് ചെയ്യാന്‍ മടിച്ചിരുന്ന ഉള്ളടക്കങ്ങളുള്ള സിനിമകളുടെ ഭാഗമാകാന്‍ ഒടിടി വഴിയൊരുക്കുമോ എന്ന ചോദ്യത്തിനും പൃഥ്വിരാജിന്റെ മറുപടി ശ്രദ്ധേയമായിരുന്നു.
‘വര്‍ക്കാവില്ല എന്ന് തോന്നിയ ഒരു ഉള്ളടക്കത്തേയും ഞാന്‍ വ്യക്തിപരമായി പിന്തുണച്ചിട്ടില്ല. നിങ്ങള്‍ ഒടിടി എന്ന് പറയുമ്പോള്‍, വിജയിക്കാത്ത സിനിമകള്‍ കൊണ്ടുതള്ളാന്‍ കഴിയുന്ന ഒരു ഇടമാണ് അത് എന്ന് കരുതുന്നതു പോലെ തോന്നുന്നു. ആളുകള്‍ സിനിമയെ കുറിച്ച് നല്ലത് പറഞ്ഞില്ലെങ്കില്‍, പ്രേക്ഷകര്‍ക്ക് സിനിമ കാണാന്‍ താത്പര്യമില്ലെങ്കില്‍ തിയേറ്ററുകളില്‍ മാത്രമല്ല, ഒടിടിയിലും അത് വര്‍ക്കാവില്ല. സിനിമ ഏത് മാര്‍ഗത്തിലൂടെ ആളുകളില്‍ എത്തുന്നു എന്നതില്ല, അത് നന്നായിരിക്കണം എന്നതിലാണ് കാര്യം,’ പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജ് നായകനാകുന്ന ‘ജനഗണമന’ എന്ന ചിത്രം ഏപ്രില്‍ 28നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.