വിവാദമുണ്ടാക്കാനല്ല; ‘അയ്യപ്പൻ’ ജീവിതത്തിൽ ഒരിക്കൽ സംഭവിക്കുന്ന സിനിമ: ശങ്കർ രാമകൃഷ്ണൻ

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി എഴുത്തുകാരനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ തന്റെ ബിഗ് ബജറ്റ് പ്രോജക്റ്റ് ‘അയ്യപ്പൻ’ പ്രഖ്യാപിച്ചിട്ട് ഏകദേശം നാല് വർഷമാകുന്നു. പിന്നീട് ചിത്രത്തെ കുറിച്ച് മറ്റ് അപ്ഡേറ്റുകളൊന്നും വന്നില്ല. എന്നാൽ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും അതിന്റെ പണിപ്പുരയിലാണെന്നും ശങ്കർ രാമകൃഷ്ണൻ പറയുന്നു. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശങ്കറിന്റെ വെളിപ്പെടുത്തൽ.

ചിത്രത്തെ “ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രോജക്‌ട്” എന്ന് വിശേഷിപ്പിച്ച സംവിധായകൻ, 65 പുതിയ പ്രതിഭകളെ അണിനിരത്തിയ ‘പതിനെട്ടാം പടി’, ‘അയ്യപ്പനു’ മുന്നോടിയായുള്ള ഒരു ശിൽപശാലയായാണ് താൻ പരിഗണിച്ചതെന്നും പറഞ്ഞു. ഈ വർഷം നവംബറോടെ ചിത്രത്തിന്റെ ജോലികൾ ആരംഭിച്ച് വലിയ ക്യാൻവാസിൽ സിനിമ ഒരുക്കാനാണ് നിലവിലെ പദ്ധതി.

ഓഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന ചിത്രം 2019ൽ ഷൂട്ടിങ് ആരംഭിച്ച് 2020 വിഷുവിന് തിയേറ്റുകളിൽ എത്തിക്കാനായിരുന്നു ആദ്യത്തെ പ്ലാൻ. എന്നാൽ നാല് ദക്ഷിണേന്ത്യൻ ഭാഷകളിലെയും അഭിനേതാക്കളുടെ ഡേറ്റുകൾ ഒരുമിച്ച് ലഭിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു എന്നാണ് ശങ്കർ രാമകൃഷ്ണൻ പറയുന്നത്.

2020-ൽ ഷൂട്ടിംഗ് ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് വ്യാപനം തിരിച്ചടിയായെന്നും അദ്ദേഹം പറയുന്നു. അയ്യപ്പൻ ഒരു ദൈവം എന്നതിലുപരി ഒരു രാജകുമാരനായും യോദ്ധാവായും കഥാപാത്രത്തിന്റെ ജീവിതത്തെ കേന്ദ്രീകരിക്കുമെന്നാണ് അണിയറപ്രവർത്തകർ ആദ്യം പറഞ്ഞിരുന്നു.

ഇതൊരു പുരാണ ചിത്രമായിരിക്കില്ലെന്ന് ശങ്കർ പറഞ്ഞു. കേരളത്തിന്റെ സ്വന്തം ദ്രാവിഡ ആത്മീയ പോരാളിയെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. അത് യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“അദ്ദേഹത്തിന്റെ വീക്ഷണം എങ്ങനെയാണ് ജനങ്ങളെയും ഭരണകൂടത്തേയും രൂപപ്പെടുത്തിയത്, എങ്ങനെയാണ് അദ്ദേഹം തന്റെ കാലത്തെ സാമൂഹ്യവിരുദ്ധ ഘടകങ്ങളെ കൈകാര്യം ചെയ്തത്, എന്തുകൊണ്ടാണ് ഇതെല്ലാം ഇപ്പോഴും പ്രസക്തമാകുന്നത് എന്നതാണ് സിനിമയിലൂടെ ഞങ്ങൾ കാണിക്കാൻ ശ്രമിക്കുന്നത്.”

അതേസമയം, അയ്യപ്പന് മുൻപായി പൃഥ്വിരാജ് ‘കാളിയൻ’, ‘കറാച്ചി 81’ എന്നീ രണ്ട് വലിയ ചിത്രങ്ങളിൽ കൂടി ഭാഗമാകും.

UPDATES
STORIES