എന്നെ ആദ്യമായി സ്വാധീനിച്ച വ്യക്തികളിൽ ഒരാളാണ് വിജയ്: പ്രിയങ്ക ചോപ്ര

‘തമിഴൻ’ എന്ന വിജയ്‌യുടെ തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്ര അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ വിജയ്‌യുടെ നായികയായാണ് പ്രിയങ്ക എത്തിയത്. 2000-ൽ ലോകസുന്ദരി കിരീടം നേടിയതിന് തൊട്ടുപിന്നാലെ, താൻ എങ്ങനെ സിനിമയിൽ എത്തി എന്നതിനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രിയങ്ക പറയുകയുണ്ടായി. തന്റെ ആദ്യ നായകനായ വിജയിനെക്കുറിച്ചും അദ്ദേഹത്തിൽ നിന്ന് താൻ പഠിച്ച കാര്യങ്ങളെക്കുറിച്ചും അവർ സംസാരിച്ചു. ഇന്നും അദ്ദേഹത്തിൽ നിന്ന് പഠിച്ച ഒരു പ്രധാന പാഠം താൻ പിന്തുടരുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

വാനിറ്റി ഫെയറുമായുള്ള തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ, താൻ എങ്ങനെ സിനിമയിൽ എത്തിയെന്നും അഭിനയം എന്താണെന്ന് അറിയില്ലായിരുന്നു എന്നും പ്രിയങ്ക വിശദീകരിച്ചു. “ഞാൻ ആദ്യം ചെയ്ത കുറച്ച് സിനിമകൾ ‘തമിഴൻ’ എന്ന തമിഴ് സിനിമയും ‘അന്ദാസ്’, ‘ദി ഹീറോ’ എന്നീ ഹിന്ദി സിനിമകളും ആയിരുന്നു. അവ ശരിക്കും വലിയ സിനിമകളാണെന്ന് ടാഗ് ചെയ്യപ്പെട്ടു. ഒന്നും അറിയാതെയാണ് ഞാൻ സെറ്റിലെത്തിയത്. നിങ്ങൾ ധരിക്കുന്ന വസ്ത്രങ്ങളും മേക്കപ്പും ആണ് അഭിനയം എന്നായിരുന്നു എന്റെ ധാരണ.”

വിജയിൽ നിന്ന് താൻ വളരെ പ്രധാനപ്പെട്ട ഒരു പാഠം പഠിച്ചുവെന്നും, അത് ഇന്നും പിന്തുടരുന്നു എന്നും പ്രിയങ്ക പറഞ്ഞു. “തമിഴ് എന്ന ഭാഷ അറിയാത്തതിനാൽ തമിഴൻ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഞാൻ വളരെ കഷ്ടപ്പെട്ടു. ഞാൻ അതിന്റെ ഉച്ചാരണം പഠിക്കുകയും മനഃപാഠമാക്കുകയും അതിന്റെ പിന്നിലെ അർത്ഥം മനസ്സിലാക്കുകയും തുടർന്ന് എന്റെ വരികൾ പറയുകയും ചെയ്തു. പക്ഷേ, എന്റെ സഹപ്രവർത്തകൻ വിജയ് അഭിനയിക്കുന്നത് കാണാൻ എനിക്ക് ഇഷ്ടമായിരുന്നു. എന്റെ ജീവിതത്തിൽ ആദ്യമായി സ്വാധീനിച്ചവരിൽ ഒരാളായിരുന്നു അദ്ദേഹം. സെറ്റിൽ വളരെ വിനയത്തോടെയാണ് അദ്ദേഹം എല്ലാവരോടും പെരുമാറിയിരുന്നത്. ഒരിക്കൽ സെറ്റിൽ വന്നാൽ പിന്നെ പോകാറില്ല. അത് ഞാനിപ്പോൾ ചെയ്യുന്ന കാര്യമാണ്. വളരെ അപൂർവമായേ ഞാൻ തിരിച്ചു പോകാറുള്ളൂ. ഷോട്ടുകൾക്കിടയിൽ ഒരുപാട് സമയം എനിക്ക് കാത്തിരിക്കേണ്ടി വരുന്നില്ലെങ്കിൽ, ഞാൻ സാധാരണയായി സെറ്റിൽ ചുറ്റിത്തിരിയുകയാണ് പതിവ്. എന്തുകൊണ്ടാണ് വ്യത്യസ്തമായ ഷോട്ടുകൾ എടുക്കുന്നതെന്ന് മനസിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ക്രൂവിനോട് സംസാരിക്കാൻ ഇഷ്ടമാണ്,” പ്രിയങ്ക വ്യക്തമാക്കി.

‘മാട്രിക്സ് റിസറക്ഷൻസി’ലാണ് പ്രിയങ്ക ചോപ്ര അവസാനമായി അഭിനയിച്ചത്. ‘സിറ്റാഡൽ’, ടെക്‌സ്‌റ്റ് ഫോർ യു, ജീ ലെ സരാ എന്നീ ചിത്രങ്ങൾ പ്രിയങ്കയുടേതായി ഒരുങ്ങുന്നുണ്ട്.

UPDATES
STORIES