ശങ്കറിന്റെ രൺവീർ സിനിമയ്ക്ക് ചെക്ക് വെച്ച് ‘അന്യൻ’ നിർമ്മാതാവ്; ജാക്കി ചാനെ നായകനാക്കി ഹിന്ദി റീമേക്കുമായി ഓസ്‌കാർ രവിചന്ദ്രൻ

തമിഴ് മെഗാ ഹിറ്റ് ചിത്രം അന്യന്റെ ഹിന്ദി പതിപ്പിനെ ചൊല്ലിയുള്ള തർക്കം തുടരുന്നു. ഹോളിവുഡ് ആക്ഷൻ ലെജൻഡ് ജാക്കിച്ചാനെ നായകനാക്കി ചിത്രത്തിന്റെ ഹിന്ദി റീമേക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാവ് ഓസ്‌കാർ രവിചന്ദ്രൻ. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിൽ ഒരു ബോളിവുഡ് സൂപ്പർ താരവുമുണ്ടാകും. ലീഡ് റോളിൽ വിക്രത്തിനു പകരം രൺവീർ സിംഗിനെ വെച്ച് അന്യൻ ഹിന്ദിയിലിറക്കുമെന്ന് തമിഴ് ചിത്രത്തിന്റെ സംവിധായകൻ ശങ്കർ നേരത്തെ പറഞ്ഞിരുന്നു. ഇതിനെ എതിർത്ത് രംഗത്തുവന്ന രവിചന്ദ്രൻ സിനിമയുടെ പകർപ്പവകാശം തന്റെ പേരിലാണെന്നും ശങ്കറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞതോടെ തർക്കം ഉടെലെടുക്കുകയായിരുന്നു.

രവിചന്ദ്രന്റെ പ്രഖ്യാപനത്തോട് ശങ്കർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ പണിപ്പുരയിലുള്ള ആർസി15, ഇന്ത്യൻ2 സിനിമകൾക്ക് ശേഷം അന്യൻ ഹിന്ദിയുടെ ഷൂട്ടിങ് ആരംഭിക്കും എന്നായിരുന്നു ശങ്കർ പറഞ്ഞിരുന്നത്. രവിചന്ദ്രന്റെ റീമേക്കിലെ ബോളിവുഡ് താരം ആരെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അമിതാഭ് ബച്ചൻ ഉൾപ്പടെയുള്ള താരങ്ങളെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങളുണ്ട്.

ശങ്കറിന്റെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കുന്ന മുറയ്ക്ക് നിയമപരമായി നേരിടുമെന്നും ഓസ്കാർ രവിചന്ദ്രൻ ആവർത്തിച്ചു. ശങ്കറിന്റെ ഹിന്ദി പതിപ്പിനെതിരെ രവിചന്ദ്രൻ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന് നേരത്തെ പരാതി നൽകിയിരുന്നു. ജാക്കിച്ചാൻ സിനിമകൾ കാലങ്ങളായി തമിഴിൽ വിതരണം ചെയ്യുന്ന ആസ്കാർ രവിചന്ദ്രൻ അദ്ദേഹവുമായി സുഹൃദ്ബന്ധമുള്ള വ്യക്തികൂടിയാണ്. രവിചന്ദ്രന്ററെ 2008 ചിത്രം ദശാവതാരത്തിന്റെ ഓഡിയോ ലോഞ്ചിനായി ജാക്കി ചാൻ ചെന്നൈയിലെത്തിയിരുന്നു.

അന്യൻ ട്രെയിലർ

തമിഴിൽ 2005ൽ ഇറങ്ങിയ ‘അന്യൻ’ ബ്ലോക്ബസ്റ്റർ ചിത്രമായിരുന്നു. അംബി, റെമോ, അന്യൻ എന്ന മൂന്ന് കഥാപാത്രങ്ങളിലേക്ക് വിക്രം പരകായപ്രവേശം നടത്തി തിളങ്ങിയ സിനിമ തമിഴിന് പുറത്തും ശ്രദ്ധിക്കപ്പെട്ടു. സദ, നെടുമുടി വേണു, പ്രകാശ് രാജ്, വിവേക് തുടങ്ങിയവർ വിവിധ റോളുകളിൽ തിളങ്ങി. ഹാരിസ് ജയരാജിന്റെ പാട്ടുകൾ ഇൻസ്റ്റന്റ് ഹിറ്റായിരുന്നു. പീറ്റർ ഹെയിനായിരുന്നു തകർപ്പൻ ആക്ഷൻ രംഗങ്ങളൊരുക്കിയത്. എട്ട് ഫിലിം ഫെയർ അവാർഡുകൾ, ആറ് സംസ്ഥാന അവാർഡുകൾ, സ്‌പെഷ്യൽ ഇഫക്സ്റ്റിനുള്ള ദേശീയ അവാർഡ് ഉൾപ്പടെ നിരവധി അംഗീകാരങ്ങളും നേടിയിരുന്നു. തമിഴ് സിനിമയുടെ തന്നെ ഹിന്ദി മൊഴിമാറ്റവും ഉത്തരേന്ത്യൻ ടെലിവിഷൻ ചാനലുകളിൽ വ്യാപകമായി സ്വീകരിക്കപ്പെട്ടിരുന്നു.

UPDATES
STORIES