വാരിയംകുന്നന് സിനിമയില്‍ നിന്നും പിന്മാറിയത് നിര്‍മ്മാണ കമ്പനിയുടെ പക്കല്‍ ആവശ്യത്തിന് പണമില്ലാത്തതുകൊണ്ടെന്ന് സംവിധായകന് ആഷിക് അബു. വലിയ സാമ്പത്തികം ആവശ്യമുള്ള ചിത്രമാണ് തന്റെ മനസിലെ വാരിയംകുന്നന്. അത്തരമൊരു ചരിത്രസിനിമയോട് നീതി പുലര്‍ത്താന്‍ കഴിയില്ലെന്ന് മനസിലായതുകൊണ്ടായിരുന്നു പിന്മാറ്റമെന്ന് ആഷിക് അബു പറഞ്ഞതായി മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്തു. കോമ്പസ് മൂവീസ് പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
‘വാരിയംകുന്നനില്നിന്നും പിന്മാറിയത് തീര്‍ത്തും പ്രൊഫഷണലായ തീരുമാനമായിരുന്നു. അത് ഞാന്‍ ചെയ്യേണ്ട സിനിമയായിരുന്നില്ല. വേറൊരു സംവിധായകനുമായി ഒരുപാടുകാലം ആലോചിച്ചിരുന്ന സിനിമയാണത്. വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഒന്നാണ് ചിത്രം. നമ്മള് ഉദ്ദേശിക്കുന്നതുപോലെ ആ ചിത്രം ചെയ്യാന്‍ വലിയ സമ്പത്ത് ആവശ്യമുണ്ട്. അത്രയും സമ്പത്ത് തല്ക്കാലം ആ പ്രൊഡക്ഷന്‍ കമ്പനിയുടെ കയ്യിലില്ല. സിനിമ ഞങ്ങള്‍ക്ക് കൈമാറാനും ആ പ്രൊഡക്ഷന്‍ കമ്പനി തയ്യാറല്ല. ആ അവസ്ഥയില്‍ ഇത്തരമൊരു ചരിത്ര സിനിമയോട് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് തോന്നാത്തതുകൊണ്ടാണ് പിന്മാറിയത്. അതുകൊണ്ടാണ് വളരെ സമാധാനപൂര്‍വം അവരോട് നിങ്ങള്‍ വേറെ ആരെയെങ്കിലും നോക്കിക്കോളൂ എന്ന് പറഞ്ഞത്’, ആഷിക് അബു പറഞ്ഞു.
പിന്മാറ്റത്തിന് പിന്നില്‍ മറ്റൊരു സമ്മര്‍ദ്ദവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ പ്രൊജക്ടാണത്. ഞങ്ങളെപ്പോലെയുള്ള ആളുകള്‍ അത് ചെയ്യണമെങ്കില്‍ വലിയ സംവിധാനങ്ങള്‍ ആവശ്യമാണ്. ഭാവിയില്‍ അവര്‍ ചിലപ്പോള്‍ വലിയ സംവിധാനമുണ്ടാക്കുമായിരിക്കാം. ഇപ്പോള്‍ അതില്ല എന്ന തിരിച്ചറിവിലാണ് പിന്മാറിയതെന്നും ആഷിക് വിശദീകരിച്ചു.
പ്രൊജക്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്ക തുടക്കംമുതലേ ഉണ്ടായിരുന്നെന്ന് ആഷിക് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മലബാര്‍ കലാപം നൂറാം വര്‍ഷം തികയുന്ന പശ്ചാത്തലത്തിലായിരുന്നു പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി 2020 ജൂണില്‍ ആഷിക് ചിത്രം പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചതിന് പിന്നാലെത്തന്നെ വിവിധ വിവാദങ്ങളുമുയര്‍ന്നിരുന്നു. പിന്നീട് 2021 സെപ്തംബറിലാണ് സിനിമയില്‍നിന്നും പിന്മാറുന്നതായി ആഷിക് അബുവും പൃഥ്വിരാജും അറിയിച്ചത്.
സിനിമയുമായി മുന്നോട്ടുപോകുമെന്നാണ് സംവിധായകന്റെയും നടന്റെയും പിന്മാറ്റത്തിന് പിന്നാലെ കോമ്പസ് മൂവീസ് അറിയിച്ചത്. ചില ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളാലാണ് പ്രഖ്യാപിക്കപ്പെട്ട പ്രൊജക്ടില്‍ നിന്ന് ആഷിഖ് അബുവിനും പൃഥ്വിരാജ് സുകുമാരനും മാറി നില്‍ക്കേണ്ടി വന്നതെന്ന് കമ്പനി എംഡി സിക്കന്തര്‍ പറഞ്ഞിരുന്നു. കോമ്പസ് മൂവീസ് വാരിയംകുന്നന് എന്ന സിനിമ അതിന്റെ ഏറ്റവും മികച്ച കലാമികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും മലബാര്‍ വിപ്ലവത്തിന്റേയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതര്‍ഹിക്കുന്ന സൗന്ദര്യത്തോടേയും അവതരിപ്പിക്കുന്നതിനായി ഈ സിനിമ രണ്ട് ഭാഗങ്ങളായി പുറത്തിറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ആ ദിശയില്‍ വിപുലമായ പിന്നണിപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പരിഷ്കരിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും കോമ്പസ് മൂവീസ് അറിയിച്ചിരുന്നു.
ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് റമീസ്, ഹര്‍ഷദ് എന്നിവര്‍ ചേര്‍ന്നാണെന്നായിരുന്നു ആദ്യ അപ്ഡേറ്റ്. ചില മുന്‍കാല സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വിമര്‍ശനങ്ങളേറ്റുവാങ്ങി വിവാദമായതോടെ റമീസിന് പ്രൊജക്ടില്‍ നിന്നും ഒഴിവാകേണ്ടി വന്നിരുന്നു. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികമായ 1921ല്‍ വാരിയംകുന്നന് ചിത്രീകരണം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് വിവരങ്ങളൊന്നും പുറത്തുവന്നില്ല. ഇതിനിടെയാണ് സംവിധായകന് ആഷിഖ് അബുവും ടൈറ്റില്കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്ന പൃഥ്വിരാജും പിന്മാറി എന്ന ഔദ്യോഗിക സ്ഥിരീകരണം എത്തിയത്. നിര്‍മ്മാതാവുമായുള്ള തര്‍ക്കമാണ് പിന്മാറ്റത്തിന് കാരണമെന്ന് ആഷിഖ് അബു വ്യക്തമാക്കിയിരുന്നു. ഒപിഎം സിനിമാസിന്റെ ബാനറിലുണ്ടായിരുന്ന നിര്‍മ്മാണ പങ്കാളിത്തത്തില്‍ നിന്നുകൂടി ആഷിഖ് അബു പിന്‍വാങ്ങി. പിന്മാറ്റം വാര്‍ത്തയായതോടെ ആഷിഖ് ആബുവിനും പൃഥ്വിരാജിനുമെതിരെ വിമര്‍ശനവും പരിഹാസവുമായി നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.