ഗോകുല്‍ദാസ് അഭിമുഖം: കാലഘട്ടം പുനഃസൃഷ്ടിക്കല്‍ കരവിരുതാണ്, ഫാന്റസിയിലാണ് ക്രിയേറ്റിവിറ്റി

രണ്ട് പതിറ്റാണ്ടായി മലയാള സിനിമയിലെ ‘അണിയറ പ്രവര്‍ത്തകനാ’ണ് എ വി ഗോകുല്‍ദാസ്. പ്രേക്ഷകര്‍ കണ്ടാസ്വദിക്കുന്ന ഓരോ ഫ്രെയിമിലേയും പശ്ചാത്തലവും (ഇഞ്ച് ബൈ ഇഞ്ച്) സാമഗ്രികളും തയ്യാറാക്കുന്ന പ്രൊഡക്ഷന്‍ ഡിസൈനര്‍മാരില്‍ ഒരാള്‍. കലാ സംവിധാനത്തിന് മൂന്ന് തവണ സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹന്‍. സായാഹ്നം, തന്ത്ര, ക്ലാസ്‌മേറ്റ്‌സ്, നീലത്താമര, അയാളും ഞാനും തമ്മില്‍, അഞ്ചു സുന്ദരികള്‍, എന്ന് നിന്റെ മൊയ്തീന്‍, കമ്മട്ടിപ്പാടം, എസ്ര, ആമി, ജല്ലിക്കെട്ട്, ജോജി, തുറമുഖം എന്നിങ്ങനെ അമ്പതിലധികം ചിത്രങ്ങള്‍ക്ക് ഗോകുല്‍ദാസും സംഘവും ചേര്‍ന്ന് പശ്ചാത്തലമൊരുക്കി. ‘ചുരുളി’യിലെ കലാസംവിധാനം പ്രശംസിക്കപ്പെടുമ്പോള്‍ ഗോകുല്‍ദാസ് South Wrapനോട് സംസാരിക്കുന്നു. സര്‍ഗാത്മകതയ്‌ക്കൊപ്പം എത്രമാത്രം അര്‍പ്പണമനോഭാവവും സൂക്ഷ്മമായ അധ്വാനവും കൂടി വേണ്ടതാണ് കലാസംവിധാനമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഫാന്റസി പോലുള്ള പ്രമേയങ്ങളിലൂടെ തന്റെ ക്രിയേറ്റിവിറ്റിയെ വീണ്ടും പരീക്ഷിക്കാനാണ് കൂടുതല്‍ ഇഷ്ടമെന്ന് പറയുന്നു.

ചുരുളിയുടെ മൂഡ് സെറ്റ് ചെയ്യുന്നതില്‍ പ്രധാന ഘടകങ്ങളാണ് ചാരായ ഷാപ്പും പെങ്കള്‍ തങ്കയുടെ കുടിലും?

വര്‍ക് ചെയ്യാനുള്ള ഒരു സ്വാതന്ത്ര്യം കൂടി കിട്ടുന്നതുകൊണ്ടാണ്. ലിജോ എന്ന ഡയറക്ടറുടെ ഓരോ സിനിമയിലും അതുണ്ട്. കഥയേക്കുറിച്ച് ചര്‍ച്ചയും ആലോചനയും നടത്തിയിരുന്നു. സമയക്കുറവും ബജറ്റും മാത്രമാണ് പല ആര്‍ട്ട് ഡയറക്ടേഴ്‌സിനേയും പരിമിതപ്പെടുത്തുന്നത്.

ചെമ്പന്‍ വിനോദ് ജോസ്, ഗീതി സംഗീത / ചുരുളി

ഗോകുല്‍ദാസ് സെറ്റിട്ട കുടിലില്‍ കേറിയപ്പോള്‍ തന്നെ പെങ്ങള്‍ തങ്കയായി മാറിയെന്ന് ഗീതി സംഗീത പറഞ്ഞു. അതുപൊലൊരു അന്തരീക്ഷമാണ് അവിടെ സൃഷ്ടിച്ചുവച്ചിരുന്നതെന്ന്?

പെങ്ങള്‍ തങ്കയുടെ കുടില്‍ ചുരുളിയില്‍ ഡീറ്റെയ്‌ലായി വന്നിട്ടില്ല. സിനിമയില്‍ കുറച്ച് സമയം മാത്രമേ കുടിലുള്ളൂ. കുടിലിന് വേണ്ടി പല ഏരിയയിലും നന്നായി വര്‍ക് ചെയ്തിരുന്നു. സിനിമയ്ക്ക് അത്രയും മതി എന്ന് തോന്നിയതുകൊണ്ട് അതൊക്കെ കട്ടായിപ്പോയി.

പത്ത് ദിവസമെടുത്താണ് കുടില്‍ പണി പൂര്‍ത്തിയാക്കിയത്. ഒരു ചുരുളിയില്‍ അകപ്പെടുന്നതുപോലുള്ള ഡിസൈനിലായിരുന്നു ആ വീട് പണിതത്. അതിനകത്ത് കയറുമ്പോള്‍ ആ ഫീല്‍ ഉണ്ടായിരുന്നു. കൂടെ വര്‍ക് ചെയ്തിരുന്നവര്‍ അത് പറയുകയും ചെയ്തു. സാരമില്ല.

ഏലിയന്‍ രൂപങ്ങളുടെ ഡിസൈനിങ്ങ് എങ്ങനെയാണ് ചെയ്തത്?

ഏലിയന്‍ രൂപങ്ങളുടെ ഡിസൈന് വേണ്ടി ഹോളിവുഡ് റഫറന്‍സുകള്‍ എടുത്തിരുന്നു. പൂര്‍ണതയോടെ ചെയ്യാന്‍ വേണ്ടി പുറംരാജ്യത്ത് നിന്ന് തന്നെ അത് പണിതെടുത്ത് വരുത്തിച്ചു. വളരെ കനംകുറഞ്ഞ ട്യൂബുകളിലൂടെ എല്‍ഇഡി പ്രകാശിക്കാന്‍ പറ്റുന്ന സംവിധാനം ഇവിടെ ലഭ്യമല്ല. വളരെ വളരെ ചെറിയ ലൈറ്റുകളാണ്. കണ്ണു തിളങ്ങുന്നത് വളരെ ദൂരെ നിന്ന് തന്നെ കിട്ടണം.

ചുരുളി

സാധാരണ ഹോളിവുഡ് പടങ്ങളിലെ അന്യഗ്രഹജീവികള്‍ വലിയ തലയും ശുഷ്‌കിച്ച കൈകാലുകളുമുള്ളവയോ നീരാളി രൂപങ്ങളോ ഒക്കെയാണ്?

വ്യത്യസ്തമായ ഡിസൈന്‍ തന്നെയാണ് ആലോചിച്ചത്. ലൈറ്റ് 10-15 എണ്ണം വരുത്തിച്ചു. നല്ലൊരു തുകയും അതിന് വേണ്ടിവന്നു.

തങ്കയുടെ കുടിലിലെ ഗ്രാഫിറ്റിയില്‍ ഏലിയന്‍ റഫറന്‍സുണ്ടല്ലോ. ഒരു കൈയില്‍ ചുരുളി അടയാളമുള്ള ജീവിയുടെ ചിത്രം?

അത് വേണമെന്ന് ലിജോ പറഞ്ഞിട്ടുണ്ടായിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി ചുരുളിയേക്കുറിച്ച് എന്താണ് ആദ്യം പറഞ്ഞത്?

ലിജോയുടെ ഒരു സംസാര രീതി അറിയാമല്ലോ. ‘ഗോകുലേട്ടാ എന്താ പരിപാടി? ആ അതൊന്ന് പിടിക്കാന്‍’ എന്നൊക്കെയാണ്. അങ്ങനെയേ ഞങ്ങള്‍ സംസാരിക്കാറുള്ളൂ. ലിജോയുമായി മാനസികമായ ഒരു പൊരുത്തം വന്നിട്ടുണ്ട്. പുള്ളി പറയുന്ന കാര്യങ്ങള്‍ എളുപ്പത്തില്‍ എനിക്ക് മനസിലാക്കാന്‍ പറ്റുന്നുണ്ട്. ആ അടുപ്പം തന്നെയാണ് പ്രധാനസംഗതി. കുറേ മുന്‍പ് തന്നെ എന്നോട് ചുരുളിയേക്കുറിച്ച് സംസാരിച്ചിരുന്നു. പിന്നീട് കാണുമ്പോഴും ആ ചര്‍ച്ച തുടര്‍ന്നു. ആര്‍ടിസ്റ്റിന് ഒരു പരിധിവെയ്ക്കാതെ അയാളുടെ കൂടി അന്വേഷണങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നതാണ് ലിജോയുടെ ഒരു രീതി.

ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട് / ചുരുളി

ചുരുളിയിലെ ഷാപ്പിലേക്ക് മരങ്ങള്‍ വളര്‍ന്ന് കയറിയിട്ടുണ്ട്?

അതെ. ‘ഒരു സ്ഥിരം ഷാപ്പാകരുത്. മരങ്ങളുമായി ബന്ധിപ്പിച്ച് വേണം പണിയാന്‍’ എന്ന് ലിജോ പറഞ്ഞിരുന്നു. ‘മരങ്ങള്‍ ഉള്ളിലൂടെ പൊയ്‌ക്കോട്ടെ’ അങ്ങനെതന്നെ അത് രൂപകല്‍പന ചെയ്തു. എനിക്ക് കിട്ടിയ സ്വാതന്ത്ര്യം വെച്ച് ഞാന്‍ പരമാവധി ചെയ്യാന്‍ ശ്രമിച്ചു. ഒരു ആര്‍ട്ട് വര്‍ക്കാണല്ലോ. ആസ്വദിച്ചാണ് ചെയ്യുന്നത്. ആര്‍ട്ടിസ്റ്റുകളെ അഭിനയിപ്പിക്കാന്‍ വിടുമ്പോഴും ഈ രീതിയാണ് ലിജോ ഉപയോഗിക്കുന്നത്. അവരുടെ കൈയിലുള്ളതും കൂടി ഇങ്ങോട്ടെടുക്കുക. അതിന് നമ്മളും തയ്യാറാകും.

ഇത്തരം അവസരങ്ങള്‍ കിട്ടുമ്പോഴാണ് ഒരു ആര്‍ട് ഡയറക്ടര്‍ക്ക് അയാളുടെ പണി പുറത്തെടുക്കാന്‍ കഴിയുക. കുറച്ച് ഫാന്റസി കൂടി വരുമ്പോള്‍ നമ്മള്‍ കൂടുതല്‍ ക്രിയേറ്റീവാകും. ഒരു കാലഘട്ടത്തെ ഒപ്പിയെടുക്കുക എന്നതില്‍ ക്രാഫ്റ്റ് ആണ് കൂടുതല്‍. അതില്‍ ക്രിയേറ്റീവാകാന്‍ വലിയ സാധ്യതകളില്ല.

രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തില്‍ ഇതുപോലൊരു മൂഡിലാണ് വര്‍ക് ചെയ്തത്. തുറമുഖത്തിലും അങ്ങനെ തന്നെ. ചില ആളുകളുടെ കൂടെ കൂടുതല്‍ നന്നായി ചെയ്യാന്‍ പറ്റും.

‘ജോജി’ ഇപ്പോഴും കൂടുതല്‍ രാജ്യാന്തര ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. മലയോര മേഖലയിലെ ഓര്‍ത്തഡോക്‌സ്-യാക്കോബായ കുടുംബം അധികം സിനിമകളില്‍ പശ്ചാത്തലമായി വരാത്തതാണ്?

ദിലീഷ് പോത്തന്റെ കൂടെയുള്ള ആദ്യ വര്‍ക്കായിരുന്നു ജോജി. വളരെ സന്തോഷത്തോടെ ചെയ്യാന്‍ പറ്റി. പനച്ചേല്‍ കുട്ടപ്പന്റെ വീട് സിനിമയില്‍ കാണുന്നതുപോലെ ആക്കിയെടുക്കാന്‍ ഒരു മാസമെടുത്തു. കുളം ഉണ്ടാക്കിയതാണ്. കുളം ഒരു വലിയ കഥാപാത്രമാണെന്ന് ദിലീഷ് ആദ്യമേ പറഞ്ഞിരുന്നു. വേറേയും രംഗങ്ങള്‍ കുളത്തില്‍ വെച്ചെടുത്തു. ജോജിയും അപ്പനും തമ്മിലുള്ള രംഗങ്ങള്‍ കുളത്തിനടിയിലെ വെള്ളത്തില്‍ ചിത്രീകരിച്ചിരുന്നു. അവസാനം അത് ദിലീഷ് പോത്തന്‍ വേണ്ടെന്നുവെച്ചു.

ഫഹദ് ഫാസില്‍ / ജോജി

കുളവുമായി ബന്ധപ്പെട്ട് സൈക്കോ അനലറ്റിക് വായനകള്‍ വന്നു. ജോജിയുടെ മനസാണ് അതെന്ന തരത്തില്‍?

ആ കുളം കുഴിക്കാന്‍ നല്ല പണം ചെലവായിട്ടുണ്ട്. അത്രയും പ്രധാനമായതുകൊണ്ടാണ് ദിലീഷ് അത്രയും തുക ചെലവാകട്ടെ എന്ന് തീരുമാനിച്ചത്. ഷൂട്ട് കഴിഞ്ഞപ്പോള്‍ സ്ഥലത്തിന്റെ ഉടമസ്ഥര്‍ക്ക് അത് കെട്ടിക്കൊടുത്തു. അവരത് ഉപയോഗിക്കുന്നുണ്ടാകണം. ചെറിയ ഉറവയുണ്ടെങ്കിലും സിനിമക്ക് വേണ്ടി വെള്ളം നിറയ്‌ക്കേണ്ടി വന്നു.

സ്ഥാനം നോക്കുന്ന പരിപാടിയൊന്നും നമുക്കില്ല. കുളത്തിന്റെ അടുത്ത് നിന്ന് നോക്കുമ്പോള്‍ വീടിന്റെ ഒരു ഭാഗം കാണണമായിരുന്നു. അപ്പന്‍ മരിക്കുമ്പോള്‍ വീട്ടില്‍ നിന്നുള്ള കരച്ചില്‍ കേള്‍ക്കാവുന്ന ദൂരത്തിലുമായിരിക്കണം. ജോജി വളരെ പതുക്കെ നടന്നുപോകുകയാണല്ലോ.

പനച്ചേല്‍ കുട്ടപ്പന്റെ വീട് ഒരുക്കാന്‍ അത്രയും സമയം വേണ്ടി വന്നല്ലേ?

ആ വീട് കണ്ടെത്തിയപ്പോള്‍ അവിടെ ആവശ്യത്തില്‍ കൂടുതല്‍ ഉപകരണങ്ങളും വസ്തുക്കളുമുണ്ടായിരുന്നു. എല്ലാം പുറത്തേക്ക് മാറ്റി. പിന്നീട് പനച്ചേല്‍ കുട്ടപ്പന്റെ വ്യക്തിത്വത്തിന് അനുസരിച്ച് ഓരോന്നും ഒന്നില്‍ നിന്ന് തുടങ്ങുന്നതുപോലെ സെറ്റ് ചെയ്യുകയായിരുന്നു. തന്റെ മസില്‍ ശ്രദ്ധിക്കുന്നതുപോലത്തെ ശ്രദ്ധ കുട്ടപ്പന് എല്ലാത്തിലും കാണും. തടിപ്പണി ചെയ്യിക്കുമ്പോഴും അതുണ്ടാകും. കട്ടിലായാലും കസേരയായാലും തടിപ്പണി ആയിരിക്കണമെന്ന് പോത്തന്‍ പറഞ്ഞിരുന്നു. കാരണം അയാള്‍ (കുട്ടപ്പന്‍) അങ്ങനെയേ ചെയ്യൂ എന്ന് പറയും. അത്രയും വലിയ ഡൈനിങ്ങ് ടേബിള്‍ വേണമെന്ന് ദിലീഷ് ആവശ്യപ്പെട്ടു. വലിപ്പവും വേണം, എന്നാല്‍ അരോചകമാകാനും പാടില്ല. ഒരു കസേരയ്ക്ക് രണ്ട് കസേരയുടെ കനം വേണമെന്ന് ദിലീഷ് പറഞ്ഞു. എല്ലാ കസേരയും കുട്ടപ്പന്റെ ഭാരം താങ്ങാവുന്ന ബലമുള്ളതായിരിക്കണം. വീടിന്റെ പെയ്ന്റ് അതുപോലെയാക്കിയെടുക്കാന്‍ കുറേ സമയമെടുത്തു. ഷൈജു ഖാലിദൊക്കെ ഭയങ്കര ഡീറ്റെയ്‌ലിങ്ങിന്റെ ആള്‍ക്കാരാണ്. വളരെയധികം ശ്രദ്ധിച്ചാണ് ചെയ്തത്. ഷൈജുവുമായി വളരെയധികം സൗഹൃദമുണ്ട്. നമ്മുടെ വര്‍ക്കില്‍ ഇവര്‍ക്കൊക്കെ താല്‍പര്യം തോന്നുകയും വീണ്ടും വിളിക്കുകയും ചെയ്യുന്നതില്‍ സന്തോഷമുണ്ട്.

ജോജിയിലെ ഒരു രംഗം

ജോജിയുടെ ഇടുങ്ങിയ റൂമും കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്?

ഇത്രയും വലിയ ഡൈനിങ്ങ് ടേബിള്‍ ഉണ്ടായിരുന്നിട്ടും ജോജി ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നത് അടുക്കളയുടെ ഇടനാഴിയിലെ ഒരു സ്ലാബിലാണ്. ഒരു സ്റ്റൂളെടുത്തിട്ട് അവിടെ ചടഞ്ഞുകൂടിയിരിക്കും. ആ വീട്ടില്‍ അയാള്‍ക്ക് ചെറിയൊരു ഇടമേ ഉള്ളൂ. പഠിപ്പ് ഉള്‍പ്പെടെ ഒന്നും മുഴുവനാക്കാത്തയാളാണ് ജോജി. അത് റൂമില്‍ കൊണ്ടുവരാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പുസ്തകങ്ങളൊക്കെ വെച്ച്…

മലങ്കര സുറിയാനി സഭകളുടെ ക്രിസ്ത്യന്‍ പള്ളികളില്‍ പോയി. പോത്തന്റെ തന്നെ സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ചു. അവിടെ നിന്ന് കണ്ടതില്‍ എന്തൊക്കെ ഉപയോഗിക്കാം എന്ന് ആലോചിച്ചു. കൃത്യമായി പഠിച്ചിട്ട് തന്നെയാണ് ജോജിയുടെ വീട് ഒരുക്കിയത്. ഒരു വസ്തുവും തെറ്റായി കയറിവരരുത് എന്ന നിര്‍ബന്ധമുണ്ടായിരുന്നു.

ഏറ്റവും അധ്വാനം ചെയ്ത് എടുത്ത് ചെയ്ത പടമേതാണ്?

എല്ലാ സിനിമകള്‍ക്കും അതിന്റേതായ അധ്വാനം വേണ്ടി വരും. തീരെ ചെറിയ പടങ്ങള്‍ക്കായിരിക്കും ചിലപ്പോള്‍ ഏറ്റവും അധ്വാനമെടുക്കേണ്ടി വരിക.

പീരിയോഡിക് ചിത്രങ്ങളുടെ കലാസംവിധാനമാണ് ഏറ്റവും പാടെന്നും അതത് കാലത്തെ ചിത്രങ്ങള്‍ ചെയ്യല്‍ എളുപ്പമാണെന്നുമാണ് പൊതുവേയുള്ള ധാരണ?

റിയലിസ്റ്റിക് സിനിമകള്‍ ചെയ്യലാണ് കൂടുതല്‍ ശ്രമകരം. മറ്റ് സിനിമകള്‍ നമുക്ക് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. റിയലിസ്റ്റിക് സിനിമകള്‍ അതുപോലെ പ്രേക്ഷകരില്‍ അനുഭവപ്പെടുത്തേണ്ടതില്ലേ. അത്തരം ചിത്രങ്ങള്‍ക്ക് കുറച്ചധികം ഹോം വര്‍ക്ക് വേണ്ടിവരുമെന്നാണ് എന്റെ തോന്നല്‍. റിയലിസ്റ്റിക് ഇടങ്ങളില്‍ പോയി അതേപോലെ ഷൂട്ട് ചെയ്യുകയല്ല. നമ്മള്‍ പണിതുണ്ടാക്കേണ്ട പശ്ചാത്തലമുണ്ട്. കുറേ സംഗതികള്‍. അത് തിരിച്ചറിയാതെ പോകുകയും ചെയ്യുന്നുണ്ട്. ‘ഇതിലിപ്പോ എന്താ ചെയ്തേ?’ എന്ന ചോദ്യം വരും.

താരതമ്യേന കാഠിന്യം കൂടിയ പണികൂടിയാണിത് അല്ലേ. നടന്മാര്‍ക്കും മറ്റ് ടെക്നീഷ്യന്‍സിനും കുറച്ചുനീണ്ടുപോയാലും ഒരു സമയപരിധിക്കുള്ളില്‍ നിന്നാണ് ജോലി. കുറച്ചുദിവസം മുന്‍പ് രാത്രി വൈകി ഞാന്‍ വിളിച്ചപ്പോള്‍ രാവിലെ ഏഴ് മണിക്ക് തുടങ്ങിയ പണിയാണ് തീര്‍ന്നിട്ടില്ല എന്നാണ് പറഞ്ഞത്?

അതെ. ഞങ്ങള്‍ എത്രയോ ദിവസം മുന്നേ സെറ്റിന്റെ പണി തുടങ്ങണം. ഷൂട്ട് തുടങ്ങാനായി ഒരു ഡേറ്റ് തീരുമാനിച്ചിട്ടുണ്ടാകും. ആ സമയത്തിനുള്ളില്‍ അത് തീരണം. പടത്തിന് അനുസരിച്ചുള്ള പ്രോപ്സ് (സ്‌ക്രീനില്‍ വരുന്ന വസ്തുക്കള്‍), മറ്റ് കാര്യങ്ങളെല്ലാം തപ്പി കണ്ടുപിടിക്കണം. അതൊക്കെ പ്രയാസം തന്നെയാണ്. പക്ഷെ, അതിനെ വലിയ താല്‍പര്യത്തോട് കൂടി കണ്ടു കഴിയുമ്പോള്‍ പ്രശ്നമില്ല.

ടീം ജോജി

ഒരു ദിവസം എത്ര മണിക്കൂര്‍ പണിയെടുക്കേണ്ടി വരും?

രാവിലെ മുതല്‍ രാത്രി വരെയുണ്ടാകും. ചിലപ്പോള്‍ ദിവസങ്ങളോളം ഉറക്കമില്ലാതെ നിന്ന് വര്‍ക് ചെയ്യേണ്ടി വരും. അങ്ങനെയാണ് കൂടുതല്‍ സംഭവിക്കാറ്. ഉറക്കം വളരെ കുറവായിരിക്കും. പണി തീരണ്ടേ?. ആളുകളെ ഷിഫ്റ്റിട്ട് ബാക് ടു ബാക്കായി ഇറക്കി ജോലി വീതിച്ച് നല്‍കും. പക്ഷെ, നമ്മള്‍ എപ്പോഴുമുണ്ടാകണം. പകരം വേറെയാളെ നിര്‍ത്താന്‍ കഴിയില്ലല്ലോ. നല്ല ശ്രദ്ധ വേണം വര്‍ക്കില്‍.

വളരെ സൂക്ഷ്മതയോടെ സിനിമ കാണുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. ഒരു ഫ്രെയിമിലെ ഓരോ ഇഞ്ചിലും ഒരു ആര്‍ട് ഡയറക്ടറുടെ കണ്ണ് ക്യാമറയ്ക്ക് മുന്നേ ഓടണമല്ലോ. സിനിമയെന്ന കൂട്ടായ പ്രയത്നത്തില്‍ കലാ സംവിധാനം ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് അര്‍ഹിക്കുന്ന പ്രോത്സാഹനം ലഭിക്കുന്നില്ലെന്ന തോന്നലുണ്ടോ?

സിനിമ കുറേ പേരുടെ കൂട്ടായ ഒരു അധ്വാനം തന്നെയാണ്. പക്ഷെ, അതില്‍ പരാതിയോ പരിഭവങ്ങളോ ഇല്ല. അങ്ങനെ പരിഭവമോ പരാതിയോ ഉണ്ടാകരുതെന്നാണ് എന്റെ അഭിപ്രായം. ഇത് ചെയ്യാന്‍ വേണ്ടിയും റിസ്‌ക് എടുക്കാന്‍ തയ്യാറായും വരുന്നവരാണ്. ഞങ്ങള്‍ ഇത് ആസ്വദിച്ചാണ് ചെയ്യുന്നത്.

ചുരുളിയിലൂടെ രണ്ട് പേര്‍ക്ക് ഏഷ്യന്‍ ഫിലിം അവാര്‍ഡ്സിന് നോമിനേഷന്‍ ലഭിച്ചിരുന്നു. പ്രൊഡക്ഷന്‍ ഡിസൈനിങ്ങിനും സൗണ്ട് ഡിസൈനിങ്ങില്‍ രംഗനാഥ് രവിക്കും. നാല് ഭാഷകളില്‍ നിന്ന് തെരഞ്ഞെടുത്ത ഒരു സിനിമ ചുരുളിയായിരുന്നു.

നിര്‍മ്മാതാവും സംവിധായകനും കൈ കൊടുക്കുമ്പോള്‍ മുതല്‍ നിങ്ങളുടെ പണി ആരംഭിക്കുമല്ലേ?

അതെ. ഷൂട്ടിന് മുന്നേയുള്ള സമയം കണക്കാക്കും. എനിക്ക് ഇത്ര ദിവസം വേണം, പണി തുടങ്ങണം എന്ന് ഞാന്‍ ആദ്യമേ പറയും.

തുറമുഖത്തില്‍ 70-80 വര്‍ഷം മുന്‍പത്തെ മട്ടാഞ്ചേരിയും ഫോര്‍ട്ടുകൊച്ചിയുമാണ് പുനസൃഷ്ടിക്കേണ്ടി വന്നത്?

അത് കടുത്ത പണിയായിരുന്നു. മട്ടാഞ്ചേരി വേറൊരു സ്ഥലത്താണ് പണിതത്. കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലായി. ശരിക്കുള്ള മട്ടാഞ്ചേരിയില്‍ ഷൂട്ട് ചെയ്യാന്‍ കഴിയില്ല. തലശ്ശേരിയില്‍ അത്രയും സ്ഥലം വാടകയ്ക്കെടുത്ത് സെറ്റിട്ടാണ് മുഴുവന്‍ ചിത്രീകരണവും നടത്തിയത്. ഷൂട്ടിന് രണ്ട് മാസം മുന്‍പേ സെറ്റിന്റെ ജോലി തുടങ്ങി. അതില്‍ കൂടുതല്‍ എടുത്തിട്ടുണ്ടാകണം. സെറ്റിന്റെ ജോലി നടന്ന് തൊട്ടടുത്ത ദിവസം തന്നെ തുടങ്ങിയാലും ശരിയാകില്ല. കുറച്ചൊന്ന് ‘ഏജ്’ ചെയ്യണം. എങ്കിലേ ഷൂട്ട് ചെയ്യുമ്പോള്‍ ഇടകലര്‍ന്നതായി കിട്ടുകയുള്ളൂ. അതിന് വേണ്ടി കൂടുതല്‍ സമയം ചോദിക്കാറുണ്ട്.

തുറമുഖത്തിലെ ഒരു രംഗം

തുറമുഖത്തിന് വേണ്ടി വലിയ ഗവേഷണം വേണ്ടി വന്നോ?

നല്ല രീതിയില്‍ റിസേര്‍ച്ച് നടത്തിയിട്ടുണ്ട്. ഇത്തരം ചരിത്ര സിനിമകള്‍ വരുമ്പോള്‍ ഞാന്‍ രണ്ട് മൂന്ന് പേരെ വളരെ മുന്നേ അതിലേക്ക് ഇറക്കും. ഓരോ കാര്യങ്ങള്‍ക്കും അങ്ങനെയൊരു ഗ്രൂപ്പ് തന്നെ ഉണ്ടാകാറുണ്ട്. കമല്‍ സാറിന്റെ ‘ആമി’ ചെയ്യുമ്പോഴൊക്കെ അതുണ്ടായിരുന്നു. തുറമുഖത്തിന് വേണ്ടി ഒരു വര്‍ഷം മുന്‍പേ റിസേര്‍ച്ച് തുടങ്ങിയിട്ടുണ്ട്. ആമിക്ക് വേണ്ടിയും.

തുറമുഖത്തിന് ലൊക്കേഷന്‍ കണ്ടെത്താന്‍ വേണ്ടി ഒരു വര്‍ഷം അന്വേഷിച്ചു. അങ്ങനെയാണ് തലശ്ശേരിയില്‍ ഒരു സ്ഥലം കിട്ടിയത്. മട്ടാഞ്ചേരിയുടെ ഒരു ഭൂമിശാസ്ത്രമുണ്ട്. തോട്, കുടിലുകള്‍ നിന്നിരുന്ന സ്ഥലം… അതിന് അപ്പുറത്ത് നിന്ന് നോക്കിയാല്‍ മറുവശത്ത് തുറമുഖം കാണണം. ഇതൊക്കെ കൃത്യമായി തന്നെ വേണമെന്ന് രാജീവേട്ടന്‍ പറഞ്ഞിരുന്നു. ഷൂട്ട് ആരംഭിച്ച അന്ന് നോക്കിയപ്പോഴാണ് ലൊക്കേഷന്‍ കാണാനിറങ്ങിയ അന്നുമുതല്‍, ഇതിന്റെ പണിക്കിറങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞല്ലോയെന്ന് ഓര്‍ക്കുന്നത്.

പഴയ മട്ടാഞ്ചേരി എങ്ങനെ ഉണ്ടാക്കിയെടുത്തു?

രാജീവേട്ടന് പരിചയമുള്ളവരായ മട്ടാഞ്ചേരിയിലെ പഴയ ഫോട്ടോഗ്രാഫര്‍മാരുണ്ട്. വളരെ പഴയ ആളുകള്‍. അവരുടെ പേഴ്സണല്‍ കളക്ഷനില്‍ നിന്ന് തപ്പി പിടിച്ചിട്ടാണ് അതൊക്കെ ചെയ്തത്. കെട്ടിടങ്ങള്‍, വഴി, പള്ളി, പ്രാര്‍ത്ഥന, അതിനുപയോഗിച്ചിരുന്ന പ്രോപ്സ്, കൊടികള്‍ തുടങ്ങി കുറേ സംഗതികള്‍ ആ ചിത്രങ്ങളില്‍ നിന്നാണ് കിട്ടിയത്.

നിവിന്‍ പോളി / തുറമുഖം

സായാഹ്നം’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം നേടി. ഈ പ്രോത്സാഹനം മുന്നോട്ടുപോക്കിനെ ഒരുപാട് സഹായിച്ചോ?

ആ അവാര്‍ഡ് കിട്ടിയതിന് ശേഷമാണ് ഞാന്‍ കലാ സംവിധാനത്തെ കുറച്ചുകൂടി കാര്യമായെടുക്കുന്നത്. കുഴപ്പം പിടിച്ച കാര്യമാണ്, കുറച്ചുകൂടി അനുഭവപരിചയം വേണമെന്ന ചിന്തയുണ്ടാകുന്നത്. എങ്കിലേ വലിയ സിനിമകള്‍ ചെയ്യാന്‍ കഴിയൂ എന്ന് മനസിലായി. സെറ്റിടുന്നത് പോയിട്ട് സ്റ്റുഡിയോ പോലും അന്ന് കണ്ടിട്ടില്ല. മദ്രാസ് എന്ന് കേട്ടുകേള്‍വി മാത്രമേയുള്ളൂ. അങ്ങനെയാണ് സാബു സിറിളിന്റെയടുത്ത് പോയി അസിസ്റ്റന്റായി ജോലി ചെയ്യുന്നത്. തിരിച്ചുവരവിന് ശേഷമാണ് വീണ്ടും സ്വന്തമായി സിനിമകളില്‍ ജോലിയെടുക്കുന്നത്. ‘തന്ത്ര’, ‘ക്ലാസ്മേറ്റ്സ്’ എല്ലാം. ആദ്യം അവിടെപ്പോയി അടിസ്ഥാന കാര്യങ്ങള്‍ മുതല്‍ മനസിലാക്കി. മുഴുവനായി പഠിക്കാന്‍ നില്‍ക്കാന്‍ പറ്റില്ല. ഇനി ചെയ്തുപഠിക്കാമെന്ന തോന്നലിലാണ് തിരിച്ചുവന്നത്.

പ്രൊഡക്ഷന്‍ ഡിസൈനിങ്ങിലേക്ക് വരുന്നത് എങ്ങനെയാണ്?

തൃശൂര്‍ ഗവണമെന്റ് ഫൈന്‍ ആട്സ് കോളേജിലാണ് ഞാന്‍ പഠിച്ചത്. ശില്‍പകലയായിരുന്നു എന്റെ വിഷയം. ഫിലിം സൊസൈറ്റികള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളും സമാന്തര ചലച്ചിത്രങ്ങളും കാണുന്ന ഒരു സമയമായിരുന്നു അത്. ഭരതനേപ്പോലുള്ളവരൊക്കെ അവിടെ നിന്ന് പഠിച്ചുപോയവരാണ്. കലാസംവിധാനത്തില്‍ നിന്നാണ് അദ്ദേഹം സംവിധാനത്തിലേക്ക് എത്തുന്നത്. അതൊക്കെ നമ്മള്‍ അറിയുമല്ലോ. ഒന്ന് നോക്കാം എന്ന് തോന്നി.

എ വി ഗോകുല്‍ദാസ്‌

സംവിധാനം മനസിലുണ്ടോ?

ഇപ്പോഴില്ല.

‘പട’യില്‍ 90കളാണ് ഒരുക്കിയതല്ലേ?

അന്നത്തെ സര്‍ക്കാര്‍ ഓഫീസ് വീണ്ടും കൊണ്ടുവന്നു. കമല്‍ (സംവിധായകന്‍ കെ എം കമല്‍) കുറേ റഫറന്‍സുകള്‍ തന്നു.

കുരുതി, ജോജി, പട, അജഗജാന്തരം, ജിന്ന്, നാരദന്‍, തുറമുഖം, ആണും പെണ്ണും 2020, 21 ഏറെ തിരക്കുള്ള വര്‍ഷമായിരുന്നല്ലോ?

നല്ല തിരക്കുള്ള വര്‍ഷമായിരുന്നു. ‘തല്ലുമാല’യാണ് ഇപ്പോള്‍ ചെയ്യുന്നത്. ‘കുമാരി’ എന്ന പടത്തിന്റെ സെറ്റ് വര്‍ക്ക് തുടങ്ങി. ഡിസംബര്‍ 15ന് ഷൂട്ട് തുടങ്ങും. ‘രണം’ ചെയ്ത നിര്‍മ്മലാണ് സംവിധാനം. നല്ല താല്‍പര്യം ജനിപ്പിക്കുന്ന ഒരു വിഷയമാണ്. ഹൊററൊക്കെയുള്ള പീരിയഡ് ഫാന്റസി തീമാണ്. തല്ലുമാലയുടെ ജോലി പൂര്‍ത്തിയാകുന്നു. ലിജോയുടെ നന്‍പകല്‍ നേരത്ത് മയക്കം പഴനിയില്‍ നടക്കുന്നുണ്ട്.

അജഗജാന്തരത്തിലെ ഒരു രംഗം

നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രമേയമെന്താണ്?

ഈ കാലഘട്ടത്തില്‍ നടക്കുന്നത് എന്നല്ലാതെ കൂടുതലൊന്നും പറയാന്‍ കഴിയില്ല. സിനിമ രസമായിട്ട് വരും. ലിജോയുടെ കാര്യങ്ങളല്ലേ. 20 വര്‍ഷം മുന്‍പുള്ള മമ്മൂക്കയെ അതില്‍ കാണാം. ലോഹിതദാസിന്റെ കാലത്തിന് ശേഷം നിന്നുപോയെന്ന് കരുതിയ ഒരു സംഗതി മമ്മൂട്ടിയില്‍ വീണ്ടും കാണാന്‍ പറ്റുമെന്നാണ് ഞാന്‍ കരുതുന്നത്. മമ്മൂക്ക അത്രയും താല്‍പര്യത്തോടെയാണിത് ചെയ്യുന്നത്. മമ്മൂക്ക തന്നെയാണ് നിര്‍മ്മാണം. പുറത്തേക്ക് ഒക്കെ പോകാന്‍ പറ്റുന്ന ഒരു വിഷയമാണത്.

മമ്മൂട്ടി, ലിജോ ജോസ് പെല്ലിശ്ശേരി / നന്‍പകല്‍ നേരത്ത് മയക്കം ചിത്രീകരണത്തിനിടെ

Also Read: മരക്കാര്‍ റിവ്യൂ: കടലില്‍ കൈവിട്ടുപോയ തിരക്കഥ, കയ്യടക്കത്തോടെ പ്രണവ്

UPDATES
STORIES