‘അന്വേഷണ ഏജന്‍സിയെ തീരുമാനിക്കേണ്ടത് പ്രതിയല്ല’; സിബിഐ വേണമെന്ന ദിലീപിന്റെ ആവശ്യം എതിര്‍ത്ത് സര്‍ക്കാര്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് സിബിഐക്ക് വിടേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദിലീപ് അടക്കം പ്രതിയായ കേസില്‍ നിലവില്‍ അന്വേഷണം നിഷ്പക്ഷമാണെന്നും ആര്‍ക്കും പരാതിയില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എഫ്‌ഐആര്‍ റദ്ദാക്കുന്നില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്ന് ദിലീപ് ആവശ്യമുന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ നിലപാടറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതിന് മറുപടിയായാണ് പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പ്രതിക്ക് അന്വേഷണ ഏജന്‍സിയെ തിരഞ്ഞെടുക്കാനാവില്ലെന്ന് സിബിഐ അന്വേഷണം എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കേസ് സിബിഐക്ക് കൈമാറേണ്ട ആവശ്യമില്ല. നിലവിലെ അന്വേണത്തില്‍ പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാണിക്കാന്‍ ദിലീപിന് കഴിഞ്ഞിട്ടില്ല. അന്വേഷണത്തിലെ കാലതാമസം എഫ്‌ഐആര്‍ റദ്ദാക്കാനുള്ള കാരണമല്ല. ഈ പശ്ചാത്തലത്തില്‍ അന്വേഷണ ഏജന്‍സിയെ മാറ്റണമെന്ന് ആവശ്യപ്പെടാനാവില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എഫ്‌ഐആര്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കഴിഞ്ഞദിവസം അന്വേഷണം സിബിഐക്ക് കൈമാറിക്കൂടേ എന്ന ചോദ്യം ഹൈക്കോടതി ഉന്നയിച്ചത്. എന്തുകൊണ്ടാണ് ബാലചന്ദ്രകുമാര്‍ പരാതി നല്‍കാന്‍ വൈകിയതെന്നും വെറും വാക്ക് പറഞ്ഞത് ഗൂഢാലോചനയാകുമോ എന്നും കോടതി ചോദിച്ചിരുന്നു.

എന്നാല്‍, ഇവയ്‌ക്കെല്ലാം കൃത്യമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്റെ മറുപടി. ബാലചന്ദ്രകുമാര്‍ ദിലീപിനൊപ്പമുണ്ടായിരുന്ന ആളാണ്. സംശയത്തോടെയായിരുന്നു ആദ്യം തങ്ങളും ബാലചന്ദ്രകുമാറിന്റെ മൊഴിയെ സമീപിച്ചത്. എന്നാല്‍, വിശദമായ അന്വേഷണത്തില്‍ വെളിപ്പെടുത്തലുകള്‍ വസ്തുതാപരമാണെന്ന് കണ്ടെത്തി. ക്രൈംബ്രാഞ്ചും പല കാര്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യത സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ തെളിവുകള്‍ നശിപ്പിച്ചത് ചൂണ്ടിക്കാട്ടിയും പ്രോസിക്യൂഷന്‍ ദിലീപിനെതിരെ വാദങ്ങള്‍ നിരത്തിയിരുന്നു. നിയമപരമായ കരുണ ലഭിക്കാന്‍ അര്‍ഹതയുള്ള വ്യക്തിയല്ല ദിലീപ് എന്നാണ് പ്രോസ്യുക്യൂഷന്റെ വാദം.

കേസിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണെന്നാണ് ദിലീപിന്റെ ആരോപണം. തനിക്കെതിരെ പ്രദമദൃഷ്ട്യാ തെളിവുകളില്ലെന്ന് മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുകയാണ്. തന്റെ 87 വയസുള്ള അമ്മയുടെ മുറിയില്‍പ്പോലും പരിശോധനയുടെ പേരില്‍ പൊലീസ് കയറിയിറങ്ങി. അന്വേഷണ ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പറയുന്നു.

UPDATES
STORIES