ഇതുവരെ കണ്ടതല്ല പുഷ്പ, ഇനി വരാനിരിക്കുന്നതേയുള്ളു; രണ്ടാം ഭാഗത്തെക്കുറിച്ച് രശ്മിക മന്ദാന

കൂടുതല്‍ മനോഹരവും ഗംഭീരവുമായിട്ടാണ് പുഷ്പയുടെ രണ്ടാംഭാഗമെത്തുകയെന്ന് നടി രശ്മിക മന്ദാന. ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ ഒന്നാം ഭാഗം പ്രേക്ഷകര്‍ ഏറ്റെടുത്തതിന് നന്ദിയറിയിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് താരം ഇക്കാര്യം അറിയിച്ചത്. ചിത്രം ഇതിനോടകം 300 കോടി ക്ലബ്ബില്‍ ഇടം നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

രണ്ടാം ഭാഗമായ ‘പുഷ്പ: ദ റൂള്‍’ മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. രണ്ടാം ഭാഗം പരമാവധി ഭാഷകളാണ് എത്തുകയെന്ന് അല്ലു അര്‍ജുനും പറഞ്ഞിരുന്നു. ‘പുഷ്പ 2 പറ്റാവുന്ന ഭാഷകളിലെല്ലാം പുറത്തിറക്കണമെന്നാണ് ഞാന്‍ പദ്ധതിയിടുന്നത്. ഇന്ത്യയില്‍ ഇതിനുമുമ്പേ മറ്റൊരു ചിത്രവും ഇറക്കാത്തത്ര ഭാഷകളില്‍ പുഷ്പ നിങ്ങളിലേക്കെത്തും,’ താരം പറഞ്ഞു. പുഷ്പ ദി റൈസ് എന്ന പേരിലായിരുന്നു ആദ്യഭാഗമിറങ്ങിയത്. തെലുങ്ക്, മലയാളം തമിഴ് തുടങ്ങി അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്.

റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ നേടിയിരുന്നു. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്‌പൈഡര്‍മാന്റേയും റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് പുഷ്പ നേട്ടം സ്വന്തമാക്കിയത്. വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ ചിത്രത്തിലെത്തിയത്. മലയാളി താരം ഫഹദ് ഫാസില്‍ വില്ലന്‍ വേഷം ചെയ്യുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. സുകുമര്‍ സംവിധാനം ചെയ്ത പുഷ്പ മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മിച്ചത്. മിറോസ്ലോ കുബ ബറോസ്‌കിന്റേതാണ് ക്യാമറ. റസൂല്‍ പൂക്കുട്ടി സൗണ്ട് എഞ്ചിനീയറായചിത്രത്തിന് കാര്‍ത്തിക് ശ്രീനിവാസാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.

UPDATES
STORIES