സ്ത്രീകൾക്ക് പ്രവേശനം ഇല്ല എന്നു ഞാൻ ബോർഡൊന്നും വച്ചിട്ടില്ല: മമ്മൂട്ടി

മമ്മൂട്ടി, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായിക രത്തീന പി.ടി ഒരുക്കുന്ന ‘പുഴു’ മെയ് 13ന് സോണി ലിവിൽ പ്രദർശനത്തിനെത്തുകയാണ്. മലയാളത്തിൽ ആദ്യമായി ഒരു സംവിധായികയ്‌ക്കൊപ്പം മമ്മൂട്ടി പ്രവർത്തിക്കുന്നു എന്നതുകൂടി ചിത്രത്തിന്റെ പ്രത്യേകതയാണ്. താൻ ഇനിയും സംവിധായികമാർക്കൊപ്പം പ്രവർത്തിക്കുമെന്നും സ്ത്രീകൾക്ക് പ്രവേശനം ഇല്ലെന്ന് ഇതുവരെ ബോർഡ് ഒന്നും വച്ചിട്ടില്ലെന്നുമാണ് മമ്മൂട്ടി പറയുന്നത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“ആർക്കും വരാം. ഇതുവരെ സ്ത്രീകൾക്കു പ്രവേശനം ഇല്ല എന്നു ഞാൻ ബോർഡൊന്നും വച്ചിട്ടില്ല. പുതുമുഖ സംവിധായകർക്കും പുതിയതായി എന്തെങ്കിലും പറയാനുണ്ടാകും എന്ന വിശ്വാസത്തിലാണ് അവസരം കൊടുക്കുന്നത്. ഞാൻ തുടക്കകാലത്ത് അഭിനയിച്ചതിൽ ഭൂരിഭാഗവും പുതുമുഖ സംവിധായകരുടെ സിനിമയിലാണ്. പുതുമയുണ്ടെന്നു തോന്നിയതുകൊണ്ടാണ് ‘പുഴു’വിൽ അഭിനയിച്ചത്. നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണു ചിത്രത്തിൽ. മുൻപും ഞാൻ അത്തരം വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതൊന്നും തിരസ്കരിക്കപ്പെട്ടിട്ടില്ല. പ്രേക്ഷകരിൽ എനിക്കും എന്നിൽ അവർക്കും വിശ്വാസമുണ്ട്. സിനിമ നല്ലതാണെങ്കിൽ ആളുകൾ ഏറ്റെടുക്കും,” ഇനിയും വനിത സംവിധായകർക്കൊപ്പം പ്രവർത്തിക്കുമോ എന്ന ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ മറുപടി.

സിനിമയിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ താൻ വെറുക്കപ്പെടുമോ എന്ന ചിന്തയില്ലെന്നും നല്ലവനായി മാത്രം അഭിനയിച്ചാൽ ഒന്നും ചെയ്യാനില്ലാതെ ഒരു മെഴുകുപ്രതിമ മാത്രമായി മാറുമെന്നും അദ്ദേഹം പറയുന്നു. ആരും പൂർണരല്ലെന്നും കുറ്റവും കുറവുമില്ലാത്ത മനുഷ്യരാരും ഇല്ലെന്നും പറയുന്ന മമ്മൂട്ടി, സിനിമയിലെ നെഗറ്റീവ് കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് ഉദാഹരണങ്ങളായി കണക്കാക്കാവുന്നതാണെന്നും പറഞ്ഞു.

UPDATES
STORIES