കോ-ആക്ടറുടെ സ്റ്റാർഡം എന്നെ ബാധിക്കാറില്ല, സെറ്റിൽ മമ്മൂക്ക വളരെ പ്രൊഫഷണൽ: പാർവതി

പാർവതി തിരുവോത്തും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘പുഴു’ മെയ് 13ന് സോണിലിവിൽ റിലീസിന് തയ്യാറെടുക്കുകയാണ്. മമ്മൂട്ടിയുമായി ഒരു ഐസ് ബ്രേക്കിങ്ങിന്റെ ആവശ്യം വന്നിട്ടില്ലെന്നും അദ്ദേഹം സെറ്റിൽ വളരെ പ്രൊഫഷണൽ ആയിരുന്നു എന്നുമാണ് പാർവതി പറയുന്നത്. അതേസമയം കൂടെ ജോലി ചെയ്യുന്ന അഭിനേതാവിന്റെ സ്റ്റാർഡം തന്നെ ഒരിക്കലും ബാധിക്കാറില്ലെന്നും പാർവതി പറയുന്നു. സൗത്ത്‌റാപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

“ഏത് കോ-ആക്ടർ വരുമ്പോഴും, അത് എന്നോടായാലും തിരിച്ചായാലും സ്റ്റാർഡം ഒരു രീതിയിലും ബാധിക്കാറില്ല. ജോലി സ്ഥലത്ത് ക്യാമറയ്ക്ക് മുന്നിൽ ഞങ്ങൾ രണ്ട് അഭിനേതാക്കൾ മാത്രമാണ്. തീർച്ചയായും പരസ്പര ബഹുമാനം ഉണ്ടാകും. ഞാൻ ഒരു സഹ അഭിനേതാവിൽ നിന്ന് ഏറ്റവുമധികം പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും അതാണ്. മമ്മൂക്ക അതിന്റെ ഒരു മികച്ച ഉദാഹരണം ആണ്. സെറ്റിൽ അദ്ദേഹം വളരെ പ്രൊഫണഷൽ ആണ്. അദ്ദേഹം വന്ന് നിങ്ങളുമായി ഇടപെടും. കൃത്യമായ കൊടുക്കൽ വാങ്ങലുകൾ നടത്തും. ഈ പ്രത്യേകതയാണ് അദ്ദേഹത്തെ ഒരു മികച്ച കോ-ആക്ടർ ആകുന്നത്. മമ്മൂക്കയുമായി ആരോഗ്യകരമായ ചർച്ചകൾ ഉണ്ടായിട്ടുണ്ട്. ഒരു കംഫർട്ട് ലെവൽ ഉണ്ടായിരുന്നു. ഈ പ്രശ്നങ്ങളെല്ലാം കഴിഞ്ഞതുകൊണ്ടുകൂടി ആകാം, ഒരു ഐസ് ബ്രേക്കിങ് സെഷന്റെ ആവശ്യം വന്നിട്ടില്ല,” പാർവതി പറഞ്ഞു.

‘പുഴു’ എന്ന ചിത്രം സിനിമകളെ കുറിച്ചുള്ള തന്റെ ബെഞ്ച്മാർക്കാണെന്ന് പാർവതി പറഞ്ഞു. ഒരു സിനിമ എങ്ങനെ ആയിരിക്കണം എന്നാണോ താൻ ഇത്രയും നാൾ പറഞ്ഞത് അതിന് ചൂണ്ടിക്കാട്ടാവുന്ന ഒരു ഉദാഹരണമാണ് ‘പുഴു’. ഈ സിനിമയിൽ താൻ അഭിനയിച്ചിട്ടില്ലായിരുന്നെങ്കിലും ‘പുഴു’ കണ്ടു കഴിഞ്ഞാൽ ഇതാണ് ഞാൻ പറയാൻ ആഗ്രഹിച്ചത് എന്ന് ചൂണ്ടിക്കാട്ടാവുന്ന ഒരു ചിത്രമാണിതെന്ന് പാർവതി കൂട്ടിച്ചേർത്തു. ഈ സിനിമയിൽ അഭിനയിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ തിരഞ്ഞെടുപ്പായിരുന്നെന്നും പാർവതി പറഞ്ഞു.

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ രത്തീന പി.ടിയാണ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഹർഷാദിനൊപ്പം ഷറഫ്, സുഹാസ് കൂട്ടുകെട്ടാണ് പുഴുവിന്റെ തിരക്കഥയൊരുക്കുന്നത്. തേനി ഈശ്വര്‍ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്നു.

UPDATES
STORIES