‘എന്നെ അങ്ങ് കൊല്ല്’; മമ്മൂട്ടിയുടെ ഭീഷ്മപർവ്വം ആവർത്തിച്ച് കണ്ട് ‘പുഴു’ സംവിധായിക രത്തീന

ഏറെ പ്രതീക്ഷയോടെ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ‘പുഴു’. നവാഗതയായ രത്തീന പി.ടിയാണ് ചിത്രത്തിന്റെ സംവിധായിക. മമ്മൂട്ടിയുടെ തന്നെ ഭീഷ്മപർവ്വം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ഹോട്ട്സ്റ്റാറിലും എത്തിയിട്ടുണ്ട്. ഈ ചിത്രം ആവർത്തിച്ചു കാണുകയാണ് താനിപ്പോൾ എന്നാണ് രത്തീന പറയുന്നത്. രസകരമായ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഭീഷ്മപർവ്വം എന്ന ചിത്രത്തോടും മമ്മൂട്ടി എന്ന നടനോടുമുള്ള തന്റെ ഇഷ്ടം രത്തീന പറയുന്നത്.

ബിഗ്ബി പുറത്തിറങ്ങി 15 വർഷത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം ഫെബ്രുവരി 24നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സൗബിൻ ഷാഹിർ, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസില്‍, തബു, നാദിയ മൊയ്തു, ലെന, ശ്രിന്ദ, ജിനു ജോസഫ് തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മാണം. വിവേക് ഹര്‍ഷനാണ് ചിത്രസംയോജനം. ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്‍.

അതേസമയം സോണി ലിവിലാണ് പുഴു റിലീസ് ചെയ്യുന്നത്.  പുഴു എന്ന ചിത്രത്തിന്റെ കഥയാണ് തന്നെ ആവേശം കൊള്ളിച്ചതെന്നും തങ്ങൾ വിശ്വസിച്ച ഒരു കഥ പ്രേക്ഷകർക്ക് മുന്നിലേക്ക് നൽകുകയാണെന്നും മമ്മൂട്ടി നേരത്തേ പറഞ്ഞിരുന്നു.

“പുഴു എന്ന ചിത്രത്തിന്റെ കഥ എന്നെ വളരെ അധികം ആവേശം കൊള്ളിച്ചിരുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ എന്നെത്തന്നെ പുനർ നിർമിക്കുക എന്നതും പുതുമയുള്ളതും കൂടുതൽ ആവേശകരവുമായ സിനിമകൾ ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. പുഴു അത്തരത്തിലൊരു ചുവടുവയ്പ്പാണ്. ഞങ്ങൾ വിശ്വസിച്ച ഒരു കഥ ഞങ്ങളുടെ നൂറ് ശതമാനം നൽകി നിങ്ങളിലേക്കേത്തിക്കുയാണ്. അത് പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,” മമ്മൂട്ടി പറഞ്ഞു.

UPDATES
STORIES