‘പ്രഭാസ് നിരാശപ്പെടുത്തി’; രാധേശ്യാമിന്റെ നെഗറ്റീവ് റിവ്യൂകളില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു

പ്രഭാസ്-പൂജ ഹെഗ്‌ഡേ കോമ്പോയില്‍ രാധാ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ‘രാധേ ശ്യാമി’ന്റെ നെഗറ്റീവ് റിവ്യൂകളില്‍ മനം നൊന്ത് പ്രഭാസിന്റെ ആരാധകന്‍ ആത്മഹത്യ ചെയ്തു. 24കാരനായ രവി തേജയാണ് ആത്മഹത്യ ചെയ്തത്. ആന്ധ്രാ പ്രദേശിലെ കുര്‍ണൂര്‍ സ്വദേശിയാണ് രവി തേജ. പ്രഭാസിന്റെ കടുത്ത ആരാധകനായിരുന്ന രവിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

രാധേശ്യം സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവെയാണ് സംഭവം. വമ്പന്‍ പ്രതീക്ഷകളോടെയായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയതെങ്കിലും പ്രേക്ഷകരെ അത്ര കണ്ട് തൃപ്തിപ്പെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും ചിത്രത്തിന് നെഗറ്റീവ് റിവ്യൂകളും വന്നിരുന്നു.

ചിത്രം നിരാശപ്പെടുത്തിയെന്ന തരത്തില്‍ രവി തേജ അമ്മയോട് സംസാരിച്ചിരുന്നു. പിന്നാലെ മുറിയില്‍ കയറി വാതിലടച്ച ഇദ്ദേഹം ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

350 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച രാധേശ്യാം കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസായത്. വിക്രമാദിത്യ എന്ന ഹസ്തരേഖ വിദഗ്ധന്റെ കഥാപാത്രമാണ് ചിത്രത്തില്‍ പ്രഭാസിന്റേത്. ‘സഹോ’യ്ക്ക് ശേഷം വലിയ പ്രതീക്ഷകളോടെയായിരുന്നു പ്രഭാസിന്റെ ഈ ബിഗ് ബജറ്റ് ചിത്രമെത്തിയത്. സച്ചിന്‍ ഖെഡേകര്‍, പ്രിയദര്‍ശിനി, ഭാഗ്യശ്രീ, ജഗപതി ബാബു, മുരളി ശര്‍മ്മ, കുനാല്‍ റോയ് കപൂര്‍, റിദ്ധി കുമാര്‍, സാഷ ഛേത്രി തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. യുവി ക്രിയേഷന്‍സും ടി സീരീസും ചേര്‍ന്നാണ് നിര്‍മ്മാണം. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, ചൈനീസ്, ജാപനീസ് ഭാഷകളിലായി ചിത്രം റിലീസ് ചെയ്തിരുന്നു.

UPDATES
STORIES