ആര്‍ആര്‍ആര്‍ റിലീസ് വീണ്ടും മാറ്റിയതില്‍ രാജമൗലിക്ക് ഒരു കാരണമുണ്ട്, പുനീത് രാജ്കുമാറുമായി ഒരു കണക്ഷനും

തിങ്കളാഴ്ച വൈകുന്നേരമാണ് എസ്.എസ് രാജമൗലി തന്റെ പിരീഡ് ഡ്രാമ ‘ആര്‍ആര്‍ആര്‍’ മാര്‍ച്ച് 25ന് തിയേറ്ററുകളിലെത്തുമെന്ന ആ വലിയ പ്രഖ്യാപനം നടത്തിയത്. മാര്‍ച്ച് 18ന് ചിത്രമെത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. പലകുറി റിലീസ് മാറ്റിയ ആര്‍ആര്‍ആറിന്റെ പ്രദര്‍ശനം വീണ്ടും വൈകിപ്പിച്ചതിന് രാജമൗലിക്കും സംഘത്തിനും ഒരു കാരണമുണ്ട്. അന്തരിച്ച കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിനോടുള്ള ആദരവ് പ്രകടിപ്പിച്ചാണ് ഈ തീരുമാനമെന്നാണ് രാജമൗലിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

പുനീത് രാജ്കുമാര്‍ അവസാനമായി അഭിനയിച്ച ‘ജെയിംസ്’ എന്ന ചിത്രം മാര്‍ച്ച് 17ന് തിയേറ്ററുകളിലെത്തുകയാണ്. അദ്ദേഹത്തോടുള്ള ആദര സൂചകമായി വലിയ പദ്ധതികളാണ് ആലോചിക്കുന്നതെന്ന് കര്‍ണാടകത്തിലെ വിതരണക്കാരടങ്ങുന്ന സിനിമാ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ‘ജെയിംസ്’ റിലീസ് ചെയ്യുന്ന മാര്‍ച്ച് 17 മുതല്‍ 23 വരെ സംസ്ഥാനത്തെ തിയേറ്ററുകളില്‍ മറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതില്ലെന്നും ചലച്ചിത്ര പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്. പുനീതിന്റെ അവസാന ചിത്രം സോളോ റിലീസാക്കാനാണ് തീരുമാനം. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് പാന്‍ഇന്ത്യന്‍ റിലീസിനൊരുങ്ങുന്ന ‘ആര്‍ആര്‍ആറും’ ഈ സമയം കഴിഞ്ഞുമതി തിയേറ്ററുകളില്‍ എന്ന തീരുമാനത്തിലേക്ക് അണിയറ പ്രവര്‍ത്തകരെത്തിയത്.

‘പുനീതിന്റെ അവസാന ചിത്രം ‘ജെയിംസ്’ മാര്‍ച്ച് 17ന് റിലീസ് ചെയ്യുകയാണ്. പുനീതിനോടുള്ള ബഹുമാനാര്‍ത്ഥം കര്‍ണാടകയിലെ വിതരണക്കാര്‍ ഇതിനോടകം തന്നെ നിര്‍ണായക തീരുമാനങ്ങളെടുത്തു കഴിഞ്ഞു. രാജമൗലിയും നിര്‍മ്മാണ കമ്പനിയും അവരുടെ മാസ്റ്റര്‍പീസായ ‘ആര്‍ആര്‍ആര്‍’ ഒരാഴ്ചകൂടി വൈകിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പുനീത് എന്ന ലെജന്‍ഡിനുള്ള അവരുടെ സമര്‍പ്പണമാണത്’, ആര്‍ആര്‍ആര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നതിങ്ങനെ. ഇത്തവണത്തെ ഹോളി വാരാന്ത്യത്തില്‍ ജനങ്ങളുടെയും വിതരണക്കാരുടെയും തിയേറ്ററുകളുടെയും പ്രഥമ മുന്‍ഗണന ജെയിംസിനുതന്നെയായിരിക്കുമെന്നും അവര്‍ പറയുന്നു.

‘രാജമൗലി ചിത്രങ്ങളുടെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ് കര്‍ണാടക. 15 കോടിയാണ് ‘ബാഹുബലി 2′ കര്‍ണാടകത്തില്‍നിന്നും നേടിയ ആദ്യദിന കളക്ഷന്‍’, അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ആര്‍ആര്‍ആര്‍ ‘റിലീസ് നീട്ടുന്നതോടെ ആ അവസരം പ്രയോജനപ്പെടുന്നത് ഹിന്ദി സിനിമകള്‍ക്കുകൂടിയാണ്. മാര്‍ച്ച് 18ന് തിയേറ്ററുകളിലെത്തുന്ന അക്ഷയ് കുമാറിന്റെ ‘ബച്ചന്‍ പാണ്ഡേ’യ്ക്ക് ഇതോടെ ‘ആര്‍ആര്‍ആര്‍’ വെല്ലുവിളിയാവില്ലെന്നുറപ്പായി.

ആര്‍ആര്‍ആറിന്റെ പുതിയ പ്രഖ്യാപനം തെലുങ്ക് ഇന്‍ഡസ്ട്രിയിലെ കൊണ്ടുപിടിച്ച വമ്പന്‍ റിലീസുകള്‍ക്കും ആശ്വാസം പകരുന്നുണ്ട്. പ്രഭാസ് പ്രധാന വേഷത്തിലെത്തുന്ന ‘രാധേ ശ്യാം’ മാര്‍ച്ച് 11നും പവന്‍ കല്യാണിന്റെ ‘ഭീല്‍മ നായക്’ ഫെബ്രുവരി 25നോ ഏപ്രില്‍ ഒന്നിനോ ആയും തിയേറ്ററുകളിലെത്തുകയാണ്. റിലീസ് മാറ്റിയതോടെ ആര്‍ആര്‍ആറിന്റെ ആദ്യദിന പുള്ളിങ് ഈ ചിത്രങ്ങളെ ബാധിച്ചേക്കില്ല. മാര്‍ച്ച് 17നും 25നുമായി ജെയിംസും ആര്‍ആര്‍ആറും കര്‍ണാടക ബോക്‌സ് ഓഫീസ് തകര്‍ത്തുവാരുമെന്നാണ് പ്രതീക്ഷകള്‍. പുനീതിനുള്ള ഏറ്റവും മികച്ച യാത്രാമൊഴിയെന്നോണം, ‘ജെയിംസ്’ സംസ്ഥാനത്തെ ഏറ്റവും വലിയ ആദ്യദിന കളക്ഷനും ഏറ്റവും വലിയ ബോക്‌സ്ഓഫീസ് റെക്കോര്‍ഡും നേടുമെന്നാണ് സിനിമാ നിരീക്ഷകര്‍ പറയുന്നത്.

2021 ഒക്ടോബര്‍ 29നാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് പുനീത് രാജ്കുമാര്‍ അന്തരിച്ചത്. ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ വെച്ചായിരുന്നു കന്നഡിഗരുടെ ഹൃദയം തകര്‍ത്ത ആ അന്ത്യം.

UPDATES
STORIES