രാജീവ് രവി-നിവിൻ പോളി ചിത്രം ‘തുറമുഖം’ റിലീസ് മാറ്റി

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം എന്ന ചിത്രത്തിന്റെ റിലീസ് തിയതി മാറ്റി. ജനുവരി 20ന് തിയേറ്ററിലെത്തേണ്ട ചിത്രം കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റി വച്ചത്. അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

“വ്യക്തികളുടെ വിജയപരാജയങ്ങളേക്കാളും വലിയ ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത പ്രധാനമായിരുന്ന ഒരു കഴിഞ്ഞ തലമുറയുടെ മറവിയിലാണ്ടുപോയ ത്യാഗങ്ങളെയും വീരോചിതമായ പോരാട്ടങ്ങളെയും ഓർമിപ്പിക്കാനുള്ള ശ്രമമാണ് തുറമുഖം. ഈ സമയവും നമ്മുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായ ചില കാര്യങ്ങൾ ആവശ്യപ്പെടുന്നു, പക്ഷേ ഒരു വലിയ ലക്ഷ്യത്തിനായി. കോവിഡ് ഞങ്ങളെ വീണ്ടും തുറമുഖത്തിന്റെ റിലീസ് മാറ്റിവയ്ക്കാൻ പ്രേരിപ്പിക്കുന്നു. കോവിഡിന്റെ ഇപ്പോഴത്തെ കുതിച്ചുചാട്ടവും അതിന്റെ പുതിയ വകഭേദങ്ങളും കുറയുന്നത് വരെ നമുക്ക് കാത്തിരിക്കേണ്ടിവരും, അതിലൂടെ നമുക്കെല്ലാവർക്കും സുരക്ഷിതമായും ആരോഗ്യത്തോടെയും സിനിമാ ഹാളുകളിലേക്ക് എത്താൻ കഴിയും. ആ ദിനങ്ങൾ അതിവിദൂരമല്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവും പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് തുറമുഖം. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, നിമിഷ സജയൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, പൂർണിമ ഇന്ദ്രജിത്, ദർശന രാജേന്ദ്രൻ , അർജുൻ അശോകൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

2016 ല്‍ റിലീസ് ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത തുറമുഖത്തിനുണ്ട്. രാജീവ് രവിയുടെ അടുത്ത ചിത്രം ആസിഫ് അലിയ്‌ക്കൊപ്പമാണ്. കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതാണ്.

UPDATES
STORIES