രജിഷ വിജയൻ അഭിമുഖം: ‘തേപ്പ്’ എന്ന വാക്കിനെ പൊളിച്ചടുക്കുകയാണ് ഗീതു

തിയേറ്ററുകളിലേക്ക് ആളെ എത്തിക്കാൻ കെൽപ്പുള്ള പേരാണ് രജിഷ വിജയൻ. രജിഷ തിരഞ്ഞെടുക്കുന്ന സിനിമകൾ തന്നെയാണ് അതിന് കാരണം. ‘ഫ്രീഡം ഫൈറ്റ്’ എന്ന ആന്തോളജിയിലൂടെ തന്റെ ആദ്യ ഒടിടി ചിത്രത്തിലേക്ക് കാലെടുത്തുവച്ചിരിക്കുയാണ് രജിഷ. ആന്തോളജിയിലെ ‘ഗീതു അൺചെയ്ൻഡ്’ എന്ന ചിത്രത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചും സിനിമകളോടുള്ള തന്റെ പ്രണയത്തെ കുറിച്ചും രജിഷ സൗത്ത്‌റാപ്പിനോട്‌.

രജിഷയുടെ ആദ്യത്തെ മലയാളം ഒടിടി റിലീസാണ്. ആദ്യത്തെ ആന്തോളജിയുമാണ്. എന്തുകൊണ്ട് ‘ഫ്രീഡം ഫൈറ്റ്’, എന്തുകൊണ്ട് ‘ഗീതു അണ്‍ചെയ്ന്‍ഡ്’?

കൊവിഡ് കാരണം തിയേറ്ററില്‍ ഇറങ്ങിയ എന്‌റെ മിക്ക ചിത്രങ്ങളും പെട്ടെന്ന് തന്നെ ഒടിടി പ്ലാറ്റ്‌ഫോമില്‍ വന്നതുകൊണ്ട് ആദ്യത്തെ ഒടിടി റിലീസ് ആണെന്ന് എനിക്ക് തോന്നിയിട്ടേയില്ല. ജിയോ ചേട്ടനാണ് (ജിയോ ബേബി) ഈ ചിത്രത്തിനായി എന്നെ വിളിക്കുന്നത്. ‘ഖോ-ഖോ’യില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ഇങ്ങുന്നതിന് മുന്നേ എനിക്കദ്ദേഹത്തെ അറിയാം. ഒരു ആന്തോളജി ചെയ്യാന്‍ പ്ലാന്‍ ഉണ്ടെന്നും അതിലെ ഒരു കഥ ഞാന്‍ ചെയ്താല്‍ കൊള്ളാമെന്നുണ്ടെന്നും ജിയോ ചേട്ടന്‍ പറഞ്ഞു. കഥ കേട്ടപ്പോള്‍ എനിക്ക് ഇഷ്ടമായി. കഥയെക്കാള്‍ ഏറെ ആ സബ്ജക്ടിനെ അഖില്‍ അനില്‍കുമാര്‍ എന്ന സംവിധായകന്‍ സമീപിച്ച രീതി വളരെ പുതുമയുള്ളതായി തോന്നി. അതാണ് എന്നെ ആകര്‍ഷിച്ചത്. ഷൂട്ട് ചെയ്യുന്നത് പോലെയാണ് അഖില്‍ സിനിമ നരേറ്റ് ചെയ്യുന്നത്. ഓരോ രംഗങ്ങളും കൃത്യമായി എനിക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു.

ഗീതു അൺചെയ്ൻഡ് എന്ന ചിത്രത്തിൽ രജിഷ

മനുഷ്യരുടെ സ്വാതന്ത്ര്യത്തെ കുറിച്ചാണ് ഈ ആന്തോളജിയിലെ കഥകള്‍ പറയുന്നത്. ആളുകള്‍ അത്രകണ്ട് ശ്രദ്ധിക്കാതെ പോകുന്ന സൂക്ഷ്മമായ ഡീറ്റെയിലിങ് ഉണ്ട്. ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം ആണെന്നു തോന്നുകയും അത് ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുത്ത രീതി ഇഷ്ടപ്പെടുകയും ചെയ്തതുകൊണ്ടാണ് ഞാന്‍ ഈ സിനിമ ചെയ്യാം എന്ന് തീരുമാനിച്ചത്. ഞങ്ങളുടെ വിഷന്‍ എന്തായിരുന്നോ അതുപോലെ ഔട്ട്പുട്ട് കിട്ടിയിട്ടുണ്ട് എന്നാണ് വിശ്വാസം. അഞ്ച് സെഗ്മെന്‌റുകളാണ് ഇതില്‍ ഉള്ളത്. സ്വാതന്ത്ര്യം എന്നതാണ് വിഷയമെങ്കിലും അഞ്ചും അഞ്ച് മൂഡിലാണ് കഥ പറയുന്നത്.

സംവിധായകന്‍ അഖില്‍ അനില്‍കുമാറിന്‌റെ മറ്റൊരു ചിത്രം കൂടി ഇന്ന് റിലീസിനെത്തിയിട്ടുണ്ട്. അഖിലിനെ കുറിച്ച്?

‘ഗീതു അണ്‍ചെയ്ന്‍ഡ്’ എന്ന കഥ സംവിധായകനായ അഖിലിന്‌റെ സിഗ്നേച്ചര്‍ പതിഞ്ഞ ഒന്നാണ്. എല്ലാ പുരുഷ സംവിധായകര്‍ക്കും സ്ത്രീപക്ഷത്തു നിന്ന് കഥ പറയാന്‍ സാധിക്കാറില്ല. പക്ഷെ അഖിലിന് ആ പക്ഷം കൂടുതല്‍ മനസിലാക്കാന്‍ പറ്റുന്നുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു സിനിമയെ അദ്ദേഹം ട്രീറ്റ് ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിന്‌റെ സിഗ്നേച്ചര്‍. വ്യക്തിപരമായി അഖില്‍ കുറച്ച് ഗൗരവക്കാരനാണെങ്കിലും ഉള്ളില്‍ നല്ല നര്‍മബോധമുള്ള ആളാണ്. അത് അദ്ദേഹത്തിന്‌റെ സിനിമകളിലും ഉണ്ട്. സിനിമ എന്താണ് പറയേണ്ടതെന്നും അത് എങ്ങനെയാണ് പറയേണ്ടതെന്നും വ്യക്തമായി അറിയാവുന്ന ആളാണ്. ഇതിനൊക്കെ അപ്പുറം വളരെ ഭാഗ്യമുള്ള ആളാണ് അഖില്‍. അദ്ദേഹത്തിന്‌റെ രണ്ട് സിനിമകളാണ് ഒരേദിവസം റിലീസ് ചെയ്യുന്നത്. ഇത്രയും ചെറിയ പ്രായത്തില്‍ എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല അത്.

ഗീതു മിക്ക പെണ്‍കുട്ടികള്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു കഥാപാത്രമായിരിക്കും. ജീവിത്തിലെ ഏതെങ്കിലും ഒരു പോയിന്‌റില്‍ ഗീതുവിന്‌റെ മാനസികാവസ്ഥയിലൂടെ കടന്നുപോകാത്ത പെണ്‍കുട്ടികള്‍ ചുരുക്കമായിരിക്കും. രജിഷയ്ക്ക് ഗീതു എത്രത്തോളം റിലേറ്റബിള്‍ ആയിരുന്നു?

ഗീതുവിന്‌റെ അവസ്ഥ എനിക്ക് ഇതുവരെ വന്നിട്ടില്ല. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യം ചെയ്ത ആളാണ്. എന്‌റെ ജോലിക്കാര്യത്തിലോ മറ്റ് ബന്ധങ്ങളുടെ കാര്യത്തിലോ അനാവശ്യമായി കൈകടത്താത്ത മാതാപിതാക്കളെയാണ് എനിക്ക് കിട്ടിയത്. തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം എനിക്ക് എല്ലാ കാലത്തും ഉണ്ടായിരുന്നു. പക്ഷെ ആ ഭാഗ്യം എല്ലാവര്‍ക്കും ഉണ്ടായിക്കൊള്ളണം എന്നില്ല. ഗീതു കടന്നു പോയ അവസ്ഥകളിലൂടെ സഞ്ചരിച്ചിട്ടുള്ള, തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമില്ലാത്ത ഒരുപാടുപേരെ എനിക്കറിയാം. എന്‌റെ പരിചയത്തിലുള്ള തൊണ്ണൂറ് ശതമാനം ആളുകളും ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. അത്തരം അവസ്ഥകളില്‍ ഞാന്‍ തന്നെ പലരേയും സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് ഗീതു എനിക്ക് അപരിചിതയായിരുന്നില്ല. സ്‌ക്രീനില്‍ കാണുന്ന കഥാപാത്രവുമായി പ്രേക്ഷകന് കണക്ട് ചെയ്യാന്‍ പറ്റുന്നത് വലിയ കാര്യമാണ്. അത്തരം കഥാപാത്രങ്ങള്‍ എന്നെ തേടി വരുന്നു എന്നത് വലിയ സന്തോഷമാണ്.

‘തേപ്പ്’ എന്ന വാക്കിനെ മനോഹരമായി പൊളിച്ചടുക്കുന്ന ചിത്രമല്ലേ ‘ഗീതു അണ്‍ചെയ്ന്‍ഡ്’?

അത് തന്നെയായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അങ്ങനെ സംഭവിക്കണം എന്നതായിരുന്നു ആഗ്രഹവും. ആ വാക്ക് കാരണം ഉണ്ടായിരിക്കുന്ന ഡാമേജ് ചെറുതല്ല. പാട്ടുകളിലും സിനിമകളിലും വളരെ എളുപ്പത്തില്‍ നമ്മള്‍ ഉപയോഗിച്ച് പോരുന്ന ഒരു വാക്കാണ് ‘തേപ്പ്’ എന്നത്; പ്രത്യേകിച്ച് ‘തേപ്പുകാരി.’. ആ വാക്ക് വലിയ ദോഷമാണ് നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്.

ഗീതു അൺചെയ്ൻഡ് എന്ന ചിത്രത്തിൽ രജിഷ

നമ്മളെ തളച്ചിടുന്ന, കണ്‍ട്രോണിങ് ആയിട്ടുള്ള, അബ്യൂസീവ് ആയിട്ടുള്ള ഒരു ബന്ധമാണെങ്കില്‍ അത് മുന്നോട്ട് പോയാല്‍ ശരിയാകില്ല എന്ന് ബോധ്യമുണ്ടാകുമ്പോഴും തേപ്പുകാരി എന്ന വിളി കേള്‍ക്കാന്‍ വയ്യാത്തതുകൊണ്ട് അതില്‍ തന്നെ തുടരുന്ന ആളുകളുണ്ട്. നമ്മള്‍ അത്രയധികം ഇഷ്ടപ്പെട്ട ഒരാളെ വേണ്ടെന്ന് വയ്ക്കുകയാണ്. പ്രണയിച്ചതു പോലെ തന്നെ ഒരു കാരണമുണ്ടാകും പ്രണയം വേണ്ടെന്ന് വയ്ക്കാനും. ബന്ധങ്ങളില്‍ സത്യസന്ധത കാണിക്കാത്തവരുണ്ടാകും. പക്ഷെ എല്ലാവരും അങ്ങനെയാണെന്ന് പറയുന്നത് ശരിയല്ല. മിക്കപ്പോഴും മറുപക്ഷത്ത് നില്‍ക്കുന്ന ആളുടെ കാരണം നമ്മളെ കാണിക്കുന്നില്ല. പ്രത്യേകിച്ച് ഒരു പെണ്‍കുട്ടിയാണെങ്കില്‍ തീരെയുമില്ല. ഒരു നാണയത്തിന് രണ്ട് വശമുണ്ടെന്നതു പോലെയാണത്. തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെ കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്. ഒരേ തെറ്റ് രണ്ട് തവണ ആവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടാകണം.

രജിഷ പറയുന്ന ഒരു ‘തെറി’വാക്കോടെയാണ് സിനിമ അവസാനിക്കുന്നത്. അത് പറയാൻ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയോ?

സിനിമയിൽ ആ ക്ലൈമാക്സ് സീനിന് തൊട്ടു മുൻപായി ഗീതു ഏറെക്കുറെ ആ വാക്ക് പറഞ്ഞ് പോകുന്നുണ്ട്. അവിടെയെല്ലാം ഈ വാക്ക് മുഴുവനായി പറയണോ എന്ന് ആദ്യം വിചാരിച്ചിരുന്നു. പക്ഷെ അവസാനത്തെ ആ മൊമെന്റിൽ പറയുന്നതാണ് ഏറ്റവും നല്ലത്, അതുവരെ മുഴുമിപ്പിക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. അത് പറയുന്നതിന്റെ ഒരു ബുദ്ധിമുട്ടായിരുന്നില്ല, ഇതുവരെ പറയാത്തതിന്റെ ഒരു ബുദ്ധിമുട്ടായിരുന്നു. ഇതുവരെയുള്ള സിനിമകളിൽ ഞാൻ അത്തരം വാക്കുകൾ ഉപയോഗിച്ചിട്ടില്ല. പക്ഷെ ഇത് പറയുമ്പോൾ സിനിമയുടെ കണ്ടന്റിൽ നിന്നുകൊണ്ട് തന്നെ പറയണം. പരിപൂർണമായ നിരാശയിൽ നിന്നും രോഷത്തിൽ നിന്നുമാണ് അത് വരുന്നത്. തീവ്രമായ ആ നൈരാശ്യം അനുഭവിക്കാൻ കഴിഞ്ഞാൽ മാത്രമേ അതൊരു തെറി അല്ലാതെ അതിന് മുകളിൽ പോകുകയുള്ളൂ. തെറി പറയാൻ വേണ്ടി പറയുന്നതല്ല. ആ ഒരു വാക്കിൽ കുറേ കാര്യങ്ങൾ ഉണ്ട്. അതുകൊണ്ട് കഥാപാത്രമായി അത് പറയാൻ എനിക്ക് ബുദ്ധിമുട്ടൊന്നും തോന്നിയില്ല. പക്ഷെ അതെങ്ങനെ വരും എന്നെനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. ഗീതുവിന്റെ മാനസിക സംഘർഷം പ്രേക്ഷകന് മനസിലായാലേ അത് തെറിയല്ലാതെ വരൂ.

രജിഷ തിരഞ്ഞെടുക്കുന്ന സിനിമകളെല്ലാം രജിഷ വിജയന്‌റെ സിനിമകള്‍ ആണ്. നായകനെ സന്തോഷിപ്പിക്കുന്ന ഒരു നായികയല്ല. ഒരു സിനിമ ചെയ്യാമെന്നോ ചെയ്യേണ്ടതില്ലെന്നോ തീരുമാനിക്കുന്നത് എങ്ങനെയാണ്?

എന്നെ സംബന്ധിച്ചിടത്തോളം സ്‌ക്രിപ്റ്റ് തന്നെയാണ് മുഖ്യം. സ്‌ക്രിപ്റ്റ് ഇഷ്ടപ്പെടുമ്പോഴാണ് ഞാന്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. രണ്ടാമതായി, നമ്മുടെ കഥാപാത്രത്തെ ആ സിനിമയില്‍ നിന്നും മാറ്റിവച്ചാലും ആ സിനിമ വര്‍ക്കാകുമോ എന്ന് ചിന്തിക്കും. അപ്പോഴാണല്ലോ നമ്മുടെ കഥാപാത്രത്തിന്‌റെ പ്രാധാന്യം മനസിലാകുന്നത്. സ്‌ക്രീന്‍ ടൈം പത്ത് മിനിറ്റാണോ രണ്ടര മണിക്കൂറാണോ എന്നതിലല്ല കാര്യം, ഉള്ള സമയം നമുക്ക് എന്താണ് ചെയ്യാന്‍ ഉള്ളത് എന്നത് ഞാന്‍ നോക്കാറുണ്ട്. മൂന്നാമതായി, ചെയ്ത കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്താറുണ്ട്. എന്നെ സ്വയം ചാലഞ്ച് ചെയ്യാനാണ് എനിക്കിഷ്ടം. ഈ മൂന്ന് കാര്യങ്ങളാണ് നോക്കുന്നത്.

ഫൈനൽസ് എന്ന ചിത്രത്തിൽ രജിഷ

ബാക്കിയുള്ളത് സംവിധായകനും സിനിമയുടെ ടീമുമാണ്. അവര്‍ നമ്മളെ വിശ്വസിക്കുന്നത് പോലെ നമ്മള്‍ അവരേയും വിശ്വസിക്കുക എന്നേ അക്കാര്യത്തില്‍ ചെയ്യാനാകൂ. അത് സിനിമയെ എങ്ങനെ ബാധിക്കും എന്നൊരു ദീര്‍ഘവീക്ഷണം സാധ്യമാണ് എന്നെനിക്ക് തോന്നുന്നില്ല. എഴുതിവച്ചിരിക്കുന്ന കാര്യങ്ങള്‍ മാത്രമേ നമുക്ക് ആശ്രയിക്കാന്‍ പറ്റൂ. പിന്നെ എല്ലാ സിനിമയും നന്നാകണം എന്ന ആഗ്രത്തോടെയാണല്ലോ ചെയ്യുന്നത്.

സ്വന്തം പേരുകൊണ്ട് പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാന്‍ പ്രാപ്തിയുള്ള നായികയാണ് രജിഷ. മഞ്ജു വാര്യരും പാര്‍വതിയുമാണ് അത്തരത്തില്‍ രജിഷയ്ക്ക് മുന്‍പുള്ള താരങ്ങള്‍. ഇപ്പോള്‍ ഐശ്വര്യ ലക്ഷ്മി, നിമിഷ സജയന്‍ തുടങ്ങിയവരും. നിങ്ങളെല്ലാം പരസ്പരം സിനിമകള്‍ കാണുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യാറുണ്ടോ? സമകാലികരായ അഭിനേത്രികളുമായുള്ള സൗഹൃദം എങ്ങനെയാണ്?

തീര്‍ച്ചയായും കാണാറുണ്ട്. ഇഷ്ടപ്പെട്ടാല്‍ അറിയിക്കാറുമുണ്ട്. മഞ്ജുച്ചേച്ചിയൊക്കെ എപ്പോഴും അങ്ങനെ ചെയ്യാറുണ്ട്. എന്‌റെ സിനിമ കണ്ട് ഇഷ്ടമായാല്‍ ചേച്ചി മെസ്സേജ് അയയ്ക്കാറുണ്ട്. ഞാന്‍ തിരിച്ചും. അത് നായികയിൽ കേന്ദ്രീകരിച്ചുള്ള സിനിമകളില്‍ മാത്രമല്ല, ഏതൊരു നല്ല സിനിമ കണ്ടാലും ഞാനത് അറിയിക്കാറുണ്ട്. നടിമാരായും നടന്മാരായാലും അങ്ങോട്ടുമിങ്ങോട്ടും അത് പറയാറുണ്ട്. അതിന് സാധ്യമല്ലാത്ത ഒരു മത്സരം എനിക്കിതുവരെ തോന്നിയിട്ടില്ല. എല്ലാത്തരം സിനിമയും ഒരാളെക്കൊണ്ട് അഭിനയിക്കാന്‍ കഴിയില്ലല്ലോ. സിനിമ മേഖല മൊത്തത്തില്‍ ഒരു ടീമാണ്. എല്ലാവരും എല്ലാവരേയും പിന്തുണയ്ക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യണം. എന്‌റെ സമകാലികരില്‍ നിന്ന് നല്ലൊരു മെസ്സേജ്, അത് വിമര്‍ശനമാണെങ്കില്‍ പോലും നല്ലതാണ്. കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നും എനിക്ക് മെസ്സേജുകള്‍ വരാറുണ്ട്.

‘കര്‍ണന്‍’, ‘ജയ്ഭീം’ എന്നീ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രങ്ങളും പോയ വര്‍ഷം രജിഷയുടേതായി പുറത്തിറങ്ങിയിരുന്നു. തമിഴ് സിനിമയില്‍ കിട്ടുന്ന സ്വീകാര്യത?

കർണനിൽ ധനുഷിനൊപ്പം

‘കര്‍ണ’നിലേക്കും ‘ജയ്ഭീ’മിലേക്കും ‘സര്‍ദാ’റിലേക്കും എന്നെ വിളിക്കുന്നത് ‘ജൂണ്‍’ എന്ന സിനിമ കണ്ടിട്ടാണ്. ഭാഷയ്ക്കപ്പുറം നമ്മള്‍ ചെയ്തുവച്ച സിനിമകളാണ് നമുക്ക് വേണ്ടി സംസാരിക്കുന്നത്. മലയാളത്തില്‍ നേരത്തെ അഭിനയിച്ചു എന്നതുകൊണ്ട് എനിക്ക് തമിഴിലോ തെലുങ്കിലോ എന്തെങ്കിലും പ്രത്യേക ട്രീറ്റ്‌മെന്‌റ് കിട്ടുന്നില്ല. പക്ഷെ ഏത് ഭാഷയില്‍ നിന്ന് വരുന്ന ആളാണെങ്കിലും, ഇനി പുതുമുഖമാണെങ്കിലും തമിഴ്‌നാട്ടുകാര്‍ക്കും തെലുങ്കര്‍ക്കും ആര്‍ട്ടിസ്റ്റുകളോട് ഭയങ്കര ബഹുമാനവും സ്‌നേഹവുമാണ്. അത് അഭിനേതാക്കളോട് മാത്രമല്ല, എല്ലാ കലകളോടും കലാകാരന്മാരോടും അവരുടെ മനോഭാവം അതാണ്. ദൈവീകമായ കണ്ണുകളോടെയാണ് അവര്‍ ആര്‍ട്ടിസ്റ്റുകളെ കാണുന്നത്.

രജിഷ അക്കാദമിക്കലി സിനിമ പഠിച്ച ആളാണ്. ഒരു അഭിനേതാവ് എന്ന നിലയിലും പ്രേക്ഷക എന്ന നിലയിലും അതെങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്?

ജേര്‍ണലിസം ആന്‍ഡ് മാസ്‌കമ്മ്യൂണിക്കേഷന്‍ പഠിക്കാന്‍ പോകുക എന്നത് എന്‌റെ വളരെ പെട്ടെന്നുള്ള ഒരു തീരുമാനമായിരുന്നു. അതുവരെ പഠിച്ച കാര്യങ്ങളില്‍ നിന്നും തീര്‍ത്തും വഴിമാറിയുള്ള ഒരു സഞ്ചാരം. പക്ഷെ പ്രത്യക്ഷമായും പരോക്ഷമായും അതെന്നെ എത്രത്തോളം സഹായിക്കുന്നുണ്ട് എന്നത് ഇപ്പോള്‍ ശരിക്കും മനസിലാകുന്നുണ്ട്.

പഠിക്കാന്‍ ചേര്‍ന്ന ആദ്യ വര്‍ഷം തന്നെ അന്തര്‍ദേശീയ നിലവാരമുള്ള നല്ല നല്ല സിനിമകള്‍ പരിചയപ്പെടാനുള്ള അവസരം ലഭിക്കുകയാണ്. ഒരിക്കലും ഇവിടെ ഒരു കൊമേഴ്‌സ്യല്‍ തിയേറ്റര്‍ സ്‌പേസില്‍ എനിക്കൊന്നും കാണാന്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്ത സിനിമകള്‍. ഇങ്ങനെയും സിനിമകള്‍ ഉണ്ട്, പല രാജ്യങ്ങളിലും പല ഭാഷകളിലും ഇത്തരം വ്യത്യസ്തങ്ങളായ സിനിമകള്‍ ഉണ്ടാകുന്നുണ്ട് എന്ന് ആ പ്രായത്തില്‍ മനസിലാക്കാന്‍ സാധിച്ചു. അതുകൊണ്ട് തന്നെ എല്ലാവിധ സിനിമകളും ആസ്വദിക്കാനുള്ള ഒരു ടേസ്റ്റ് ഉണ്ട്. എനിക്ക് ഒരു സിനിമയും ബോറടിക്കാറില്ല. ഒരു സിനിമ കാണുമ്പോഴും ഉറക്കം വരാറില്ല.

പഠിക്കുന്ന സമയത്ത് എന്‌റെ അധ്യാപകന്‍ തുഷാര്‍ മാധവ് നല്ല സിനിമകള്‍ നിര്‍ദേശിക്കും. അക്കാലത്ത് ആ സിനിമകള്‍ കാണുമ്പോള്‍ ഞാനൊരു അഭിനേത്രിയാകുമെന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. ആ കാലം ഭയങ്കര രസമായിരുന്നു.

ചലച്ചിത്രമേളകളില്‍ വളരെ താത്പര്യത്തോടെ പങ്കെടുക്കുന്ന ആളാണ് രജിഷ. ആസ്വാദകയായാണോ വിദ്യാര്‍ഥിയായാണോ സിനിമ കാണാറുള്ളത്?

രണ്ടും ഒരുമിച്ചുള്ള പ്രോസസാണ്. ഐഎഫ്എഫ്‌കെയില്‍ പോയിട്ട് ഓടി നടന്ന് ഞാന്‍ സിനിമകള്‍ കാണുകയായിരുന്നു. 2017ലെ ഐഎഫ്എഫ്‌കെയില്‍ വന്ന തൊണ്ണൂറ് ശതമാനം സിനിമകളും ഞാന്‍ കണ്ടിരുന്നു. എനിക്ക് സിനിമയോട് വല്ലാത്തൊരു ഇഷ്ടമാണ്. അത് അഭിനയത്തോട് മാത്രമല്ല, ഒരു സിനിമ ഉണ്ടായി വരുന്നതിനിടയിലെ മുഴുവന്‍ പ്രോസസിനോടുമാണ് എന്‌റെ ഇഷ്ടം. നമ്മള്‍ ഒരിക്കലും ചിന്തിക്കാത്ത തരത്തിലുള്ള സിനിമകളാണ് ചലച്ചിത്ര മേളകളില്‍ എത്തുന്നത്.

‘തിങ്കളാഴ്ച നിശ്ചയം’ എന്ന സിനിമ ആദ്യം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിന് ശേഷമാണല്ലോ സോണിലിവില്‍ വരുന്നതും കൂടുതല്‍ പേര്‍ കാണുന്നതുമൊക്കെ. മേളയില്‍ കണ്ടവര്‍ക്ക് അന്നേ അറിയാമായിരുന്നു ഇതൊരു ഗംഭീര സിനിമയാണെന്ന്. അന്നേ അത് ചര്‍ച്ചാവിഷയമായിട്ടുണ്ട്.

ഐഎഫ്എഫ്കെ വേദിയിൽ

2017ലെ ഐഎഫ്എഫ്‌കെയില്‍ മാധവി മുഖര്‍ജിയും അപര്‍ണ സെന്നുമാണ് മുഖ്യ അതിഥികളായി വന്നത്. ഞാന്‍ ഇവരുടെ രണ്ടുപേരുടേയും വലിയ ഫാനാണ്. എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള സിനിമയാണ് ‘ചാരുലത’. കോളേജില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി ഞാന്‍ ചാരുലത കണ്ടത്. സത്യജിത് റേയുടെ ഏറ്റവും മികച്ച സിനിമ ‘പഥേര്‍ പാഞ്ചാലി’യാണ് എന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ എനിക്ക് കൂടുതലിഷ്ടം ചാരുലതയോടാണ്. ഇവരെ രണ്ടുപേരെയും നേരിട്ട് കണ്ടപ്പോള്‍ ഞാന്‍ ഭയങ്കര എക്‌സൈറ്റഡായി ദേഹമൊക്കെ വിറയ്ക്കുകയായിരുന്നു. മാധവി മുഖര്‍ജി ബെംഗാളി മാത്രമാണ് സംസാരിക്കുന്നത്. ഞാന്‍ എന്തൊക്കെയോ പറഞ്ഞു, പുള്ളിക്കാരി എന്നോട് എന്തൊക്കെയോ തിരിച്ചു പറഞ്ഞു. രണ്ടുപേരും തീര്‍ത്തും വ്യത്യസ്തമായ രണ്ട് ഭാഷകളിലാണ് സംസാരിക്കുന്നത്. പക്ഷെ പറയുന്ന കാര്യങ്ങള്‍ ഞങ്ങള്‍ക്ക് മനസിലാകുന്നുണ്ടായിരുന്നു. അതെന്ത് മാജിക്കാണെന്ന് എനിക്കറിയില്ല. ചില സ്‌നേഹങ്ങള്‍ ഭാഷയ്ക്ക് അതീതമാണ്.

കുറച്ച് കഴിഞ്ഞ് ഞാന്‍ തിയേറ്ററില്‍ സിനിമയ്ക്ക് കയറിയപ്പോള്‍ അപര്‍ണ സെന്‍ എന്‌റെ തൊട്ടടുത്തിരിക്കുന്നു. ഞാന്‍ സംസാരിച്ചപ്പോള്‍ പുള്ളിക്കാരി എന്നോട് ചോദിച്ചു, ‘രജിഷയല്ലേ? എനിക്കോര്‍മയുണ്ട്. നമ്മള്‍ പരിചയപ്പെട്ടിരുന്നു,’ എന്ന്. ഒരു സെക്കന്‍ഡ് എന്നെ കണ്ട് പുള്ളിക്കാരിക്ക് എന്‌റെ പേര് ഓര്‍മയുണ്ട് എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷംകൊണ്ട് മരിച്ചു വീഴും എന്ന് തോന്നി.

ഒടിടിയിലേക്കുള്ള സിനിമയുടെ മാറ്റത്തെ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എങ്ങനെ കാണുന്നു?

ഒടിടി വന്നതിന് ശേഷം മലയാള സിനിമയ്ക്ക് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള പ്രേക്ഷകരെ കിട്ടുന്നുണ്ട്. പണ്ടൊന്നും അറിയാത്തൊരു ഭാഷയിലെ സിനിമ കണ്ട് മനസിലാക്കാന്‍ ശ്രമിക്കുക എന്നല്ലാതെ, സബ്‌ടൈറ്റിലുകളൊന്നും ഇല്ലല്ലോ. ഇപ്പോള്‍ സിനിമ ഉണ്ടാക്കുന്നത് അന്തര്‍ദേശീയ തലത്തിലുള്ള പ്രേക്ഷകരെക്കൂടി ലക്ഷ്യം വച്ചാണ്. നമ്മള്‍ തമിഴും ഹിന്ദിയും കാണുന്നുണ്ട്. പക്ഷെ ഇവരൊന്നും നമ്മുടെ സിനിമകള്‍ അങ്ങനെ കാണാറില്ലായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ വരവോടെ എല്ലാവരും എല്ലാ സിനിമകളും കാണാന്‍ തുടങ്ങി. നമ്മുടെ സിനിമകള്‍ വ്യത്യസ്തവും നല്ല കണ്ടന്‌റുള്ളതുമാണ്. അത് മറ്റ് ഭാഷയിലുള്ളവരിലേക്കും എത്തുന്നുണ്ട്.

ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍?

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’ ഷൂട്ട് കഴിഞ്ഞു. ചാക്കോച്ചനാണ് നായകന്‍. എന്‍.എന്‍ പിള്ള സറിന്‌റെ ഡാം എന്ന നാടകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം. ‘ഖോ-ഖോ’ ടീമിനൊപ്പം ചെയ്ത ‘കീടം’ എന്ന സിനിയുടെ ചിത്രീകരണവും കഴിഞ്ഞു. ശ്രീനിവാസന്‍ സര്‍ ആണ് കൂടെ. ചിത്രത്തില്‍ ഒരു സൈബര്‍ സെക്യൂരിറ്റി ഓഫീസിറായാണ് ഞാന്‍ എത്തുന്നത്. ‘വേദ’ എന്ന സിനിമയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അത് തൊണ്ണൂറുകളിലെ ഒരു ക്യാംപസ് ചിത്രമാണ്. എന്നെക്കൂടാതെ ശ്രീനാഥ് ഭാസി, വെങ്കി, ഗൗതം വാസുദേവ് മേനോന്‍ എന്നിവരും ചിത്രത്തിലുണ്ട്. സര്‍ദാര്‍ എന്നൊരു തമിഴ് ചിത്രവും ചെയ്യുന്നുണ്ട്.

UPDATES
STORIES