‘നടനായിട്ടല്ല, രാജമൗലി സിനിമയിലേക്ക് ഞാന്‍ എത്തുന്നത് വിദ്യാര്‍ത്ഥിയായി’; രാം ചരണ്‍

രാജമൗലിയുടെ കൂടെയുള്ള സിനിമകള്‍ തന്നെ സംബന്ധിടത്തോളം ഒരു പഠന കളരിപോലെയാണെന്ന് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രാം ചരണ്‍. അഭിനേതാവ് എന്ന നിലയില്‍ സ്വതന്ത്രമായ മനസോടെയാണ് രാജമൗലിയുടെ സെറ്റുകളിലേക്ക് പോവുന്നത്. അദ്ദേഹത്തിന്റെ കൂടെയുള്ള സമയം തന്റെ ജീവിതത്തില്‍ വിലപ്പെട്ടതാണെന്നും രാം ചരണ്‍ പറഞ്ഞു.

2009ലെ ഹിറ്റ് ചിത്രം ‘മഗദീര’യിലാണ് രാം ചരണ്‍ ആദ്യമായി രാജമൗലി ചിത്രത്തിലെത്തിയത്. റിലീസിന് തയ്യാറെടുത്തുനില്‍ക്കുന്ന ആര്‍ആര്‍ആറിലും അദ്ദേഹം പ്രധാന വേഷം ചെയ്യുന്നുണ്ട്. ‘ഞാന്‍ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ഒരു അഭിനേതാവായിട്ടല്ല ഞാന്‍ രാജമൗലിയുടെ സിനിമകളിലേക്ക് വരുന്നത്. മറിച്ച് ഒരു വിദ്യാര്‍ത്ഥിയായിട്ടാണ്. അദ്ദേഹത്തില്‍നിന്നും അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്നും എന്തെല്ലാം പഠിക്കാനാവും എന്നതാണ് എന്നെ പ്രചോദിപ്പിക്കുന്നത്’, രാം ചരണ്‍ പറയുന്നു.

അഭിനേതാവ് എന്ന നിലയില്‍ സംവിധായകനില്‍നിന്നും ഒരുപാട് കാര്യങ്ങള്‍ ഇനിയും പഠിക്കാനുണ്ടെന്ന വിചാരത്തോടെ സ്വതന്ത്ര മനസോടെയാണ് രാജമൗലീ ചിത്രങ്ങളുടെ സെറ്റിലേക്ക് താന്‍ എത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാജമൗലിയുടെ കാഴ്പ്പാടുകളുടെ ആഴവും പരപ്പും മനസിലാക്കുന്നവര്‍ക്ക് മാത്രമേ അദ്ദേഹത്തിന്റെ സിനിമയെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും താരം പറഞ്ഞു.

‘മനസിന്റെ ആന്റിന തുറന്ന് വെച്ച് കാത്തിരുന്നാല്‍ അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പുതുതായി പഠിക്കാനാവും. അത് എന്നെ സംബന്ധിച്ച് ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടുകളാണ്’, രാം ചരണ്‍ വാചാലനായി.

രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ‘ആര്‍ആര്‍ആര്‍’ പ്രാരംഭ കളക്ഷനില്‍ ചരിത്രം കുറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്താകമാനമായി പതിനായിരം സ്‌ക്രീനുകളില്‍ ചിത്രമെത്തിക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍. അമേരിക്കയില്‍ മാത്രം ആയിരത്തിലധികം മള്‍ട്ടിപ്ലക്സുകളില്‍ ആര്‍ആര്‍ആര്‍ സ്‌ക്രീന്‍ ചെയ്യാന്‍ വിതരണക്കാരായ സരിഗമ സിനിമാസും റാഫ്തര്‍ ക്രിയേഷന്‍സും ചര്‍ച്ചകള്‍ നടത്തുകയാണ്. ഒമിക്രോണ്‍ ഭീതികള്‍ കാരണം ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്. പുതിയ റിലീസ് ഡേറ്റ് അറിയിച്ചിട്ടില്ല.

അജയ് ദേവഗ്ണ്‍, അലിയ ഭട്ട്, ശ്രിയ ശരണ്‍, ഒലിവിയ മോറിസ് എന്നിവരെയും അണി നിരത്തി പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ആര്‍ആര്‍ആര്‍ എത്തുന്നത്. ബാഹുബലി ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം വലിയ പ്രതീക്ഷയോടെയാണ് രാജമൗലിയുടെ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 2018 നവംബറില്‍ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ മുതല്‍ ആകാംഷ നിലനിര്‍ത്തിക്കൊണ്ടാണ് അണിയറക്കാര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറുകളും ഗാനങ്ങളും പുറത്തുവിട്ടത്. കെ.കെ സെന്തില്‍ കുമാറിന്റെ ഛായാഗ്രഹണം, എം.എം കീരവാണിയുടെ സംഗീതം, എ ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിങ്ങ്, സാബു സിറിലിന്റെ കലാ സംവിധാനം, വി ശ്രീനിവാസ് മോഹന്റെ വിഷ്വല്‍ എഫക്ട്സ് എന്നിവയും ചലച്ചിത്ര പ്രേമികളില്‍ താല്‍പര്യം കൂട്ടുന്നുണ്ട്.

ചരിത്രവും ഭാവനയും ചേര്‍ത്താണ് രാജമൗലിയും പിതാവ് കെ.വി വിജയേന്ദ്ര പ്രസാദും വലിയ കാന്‍വാസില്‍ ആര്‍ആര്‍ആറിന്റെ കഥയൊരുക്കിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപോരാളിയായിരുന്ന അല്ലൂരി സീതാരാമ രാജുവിനെ (1898-1924) രാം ചരണ്‍ അവതരിപ്പിക്കുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ ആദിവാസികളെ സംഘടിപ്പിച്ച് രാമരാജു നടത്തിയ റാമ്പ കലാപം (1922) സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാനപ്പെട്ട ഏടാണ്. ബ്രിട്ടീഷ് ഭരണത്തിനും ഹൈദരാബാദ് നിസാമിനുമെതിരെ പൊരുതിയ കൊമരം ഭീം (1901-1940) എന്ന വിപ്ലകാരിയായാണ് ജൂനിയര്‍ എന്‍ടിആര്‍ എത്തുന്നത്.

UPDATES
STORIES