വമ്പന്‍ ആഗോള റിലീസിന് തയ്യാറെടുത്ത് ‘ആര്‍ആര്‍ആര്‍’; അമേരിക്കയില്‍ മാത്രം ആയിരത്തിലധികം തിയേറ്ററുകളിലേക്ക്

ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ‘ആര്‍ആര്‍ആര്‍’ പ്രാരംഭ കളക്ഷനില്‍ ചരിത്രം കുറിച്ചേക്കും. ലോകത്താകമാനമായി പതിനായിരം സ്‌ക്രീനുകളില്‍ ചിത്രമെത്തിക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍. അമേരിക്കയില്‍ മാത്രം ആയിരത്തിലധികം മള്‍ട്ടിപ്ലക്‌സുകളില്‍ ആര്‍ആര്‍ആര്‍ സ്‌ക്രീന്‍ ചെയ്യാന്‍ വിതരണക്കാരായ സരിഗമ സിനിമാസും റാഫ്തര്‍ ക്രിയേഷന്‍സും ചര്‍ച്ചകള്‍ നടത്തുകയാണ്.

അജയ് ദേവഗ്ണ്‍, അലിയ ഭട്ട്, ശ്രിയ ശരണ്‍, ഒലിവിയ മോറിസ് തുടങ്ങിയവരേക്കൂടി അണി നിരത്തി പാന്‍ ഇന്ത്യന്‍ ചിത്രമായാണ് രാജമൗലി ആര്‍ആര്‍ആര്‍ ഒരുക്കിയത്. ബാഹുബലി ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം വലിയ പ്രതീക്ഷയോടെയാണ് രാജമൗലിയുടെ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 2018 നവംബറില്‍ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ മുതല്‍ ആകാംഷ നിലനിര്‍ത്തിക്കൊണ്ടാണ് അണിയറക്കാര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറുകളും ഗാനങ്ങളും പുറത്തുവിട്ടത്. ഡിസംബര്‍ ഒമ്പതിന് ട്രെയ്‌ലര്‍ റിലീസ് നടത്തുന്നതും വന്‍ ഹൈപ്പോടുകൂടി തന്നെ. കെ കെ സെന്തില്‍ കുമാറിന്റെ ഛായാഗ്രഹണം, എം എം കീരവാണിയുടെ സംഗീതം, എ ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിങ്ങ്, സാബു സിറിലിന്റെ കലാ സംവിധാനം, വി ശ്രീനിവാസ് മോഹന്റെ വിഷ്വല്‍ എഫക്ട്‌സ് എന്നിവയും ചലച്ചിത്ര പ്രേമികളില്‍ താല്‍പര്യം കൂട്ടുന്നു.

രാം ചരണ്‍ / ആര്‍ആര്‍ആര്‍

ചരിത്രവും ഭാവനയും ചേര്‍ത്താണ് രാജമൗലിയും പിതാവ് കെ വി വിജയേന്ദ്ര പ്രസാദും വലിയ കാന്‍വാസില്‍ ആര്‍ആര്‍ആറിന്റെ കഥയൊരുക്കിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപോരാളിയായിരുന്ന അല്ലൂരി സീതാരാമ രാജുവിനെ (1898-1924) രാം ചരണ്‍ അവതരിപ്പിക്കുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ ആദിവാസികളെ സംഘടിപ്പിച്ച് രാമരാജു നടത്തിയ റാമ്പ കലാപം (1922) സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാനപ്പെട്ട ഏടാണ്. ബ്രിട്ടീഷ് ഭരണത്തിനും ഹൈദരാബാദ് നിസാമിനുമെതിരെ പൊരുതിയ കൊമരം ഭീം (1901-1940) എന്ന വിപ്ലകാരിയായാണ് ജൂനിയര്‍ എന്‍ടിആര്‍ എത്തുന്നത്.

എസ് എസ് രാജമൗലി, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍

250 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ‘ബാഹുബലി ദ കണ്‍ക്ലൂഷന്‍’ ആഗോള ബോക്‌സ് ഓഫീസില്‍ 1810 കോടി രൂപ നേടി. ഇന്ത്യയില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രവും ആഗോള ബോക്‌സ് ഓഫീസിലെ രണ്ടാമത്തെ (ദംഗല്‍ ഒന്നാമത്) പണം വാരിപ്പടവുമായി ബാഹുബലി 2 മാറി. ഡിവിവി എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ആര്‍ആര്‍ആറിന്റെ ബജറ്റ് 400 കോടിയാണ്. ഡിജിറ്റല്‍ അവകാശം വിറ്റ വകയില്‍ തന്നെ ആര്‍ആര്‍ആര്‍ 325 കോടി രൂപ നേടിക്കഴിഞ്ഞു. ജനുവരി ഏഴിന് റിലീസ് ചെയ്യുന്ന ചിത്രം നിലവിലെ റെക്കോഡുകള്‍ തിരുത്തിയേക്കും.

UPDATES
STORIES