ആര്‍ആര്‍ആര്‍ പ്രമോഷന് റാമിനൊപ്പം റൈമും ദുബായില്‍; കാണാം ചിത്രങ്ങള്‍

രാംചരണ്‍ – ജൂനിയര്‍ എന്‍ടിആര്‍ കോംബോയെ സ്‌ക്രീനിലെത്തിക്കുന്ന എസ്എസ് രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ പ്രമോഷനിടെ താരമായി രാം ചരണിന്റെ നായക്കുട്ടി റൈം.

മാര്‍ച്ച് 25 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ അവസാന ഘട്ട പ്രൊമോഷന്റെ ഭാഗമായാണ് വെള്ളിയാഴ്ച സംഘം ദുബായിലെത്തിയത്. തന്റെ വളര്‍ത്തുനായക്കുട്ടിയായ റൈമിനൊപ്പം വിമാനത്താവളത്തില്‍ എത്തിയ രാംചരണിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. ഇതോടെ താരത്തിനൊപ്പമുള്ള നായകുട്ടിയുടെ കൂടുതല്‍ ചിത്രങ്ങളും പങ്കുവയ്ക്കപ്പെട്ടു.

രാം ചരണിന്റെ വീട്ടിലെ രണ്ടാമത്തെ വളര്‍ത്തുനായയാണ് റൈം. 2021 സെപ്റ്റംബറിലാണ് റൈമിനെ തന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി താരം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ജാക്ക് റസല്‍ ടെറിയര്‍ വിഭാഗത്തില്‍പ്പെട്ട ‘ബ്രാറ്റ്’ ആണ് താരത്തിന്റെ ആദ്യത്തെ വളര്‍ത്തുനായ.

അടുത്ത ദിവസങ്ങളില്‍ പ്രമോഷന്റെ ഭാഗമായി ആര്‍ആര്‍ആര്‍ ടീം കൂടുതല്‍ സ്ഥലങ്ങളിലേക്ക് യാത്രചെയ്യാനിരിക്കെ റൈമും ഒപ്പമുണ്ടാകും.

ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം എസ് എസ് രാജമൗലിയുടെ മറ്റൊരു പീരിയോഡിക് ഡ്രാമയാണ്. വിപ്ലവ നായകന്മാരായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു സാങ്കല്‍പ്പിക കഥയാണ് ‘ആര്‍ആര്‍ആര്‍’. സ്വാതന്ത്രത്തിന് മുന്‍പ് 1920 കളിലെ കാലഘട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

ആദ്യഘട്ടത്തില്‍ ഈ വര്‍ഷം ജനുവരി 7 ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് കൊവിഡ് മുന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് മാര്‍ച്ച് 25 ലേക്ക് മാറ്റിവെച്ചത്. അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, സമുദ്രക്കനി, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

UPDATES
STORIES