‘ഭൂതകാലം വരെ എക്‌സോര്‍സിസ്റ്റിനേക്കാള്‍ മികച്ച ഹൊറര്‍ ചിത്രം കണ്ടിട്ടില്ല’; രാം ഗോപാല്‍ വര്‍മ്മ

രേവതിയും ഷൈന്‍ നിഗവും പ്രധാന വേഷങ്ങളിലെത്തിയ രാഹുല്‍ സദാശിവന്‍ ചിത്രം ഭൂതകാലത്തിന് അഭിനന്ദന പ്രവാഹം. സൈക്കോ ഹൊറര്‍ വിഭാഗത്തിലെത്തിയ ചിത്രം സോണി ലിവില്‍ പ്രദര്‍ശനം തുടങ്ങിയതുമുതല്‍ മികച്ച പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബോളിവുഡ് സംവിധായകനും എഴുത്തുകാരനുമായ രാം ഗോപാല്‍ വര്‍മ്മയും ചിത്രത്തെ പിന്തുണച്ച് എത്തിയിരിക്കുകയാണ്.

1973ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ‘ദ എക്‌സോര്‍സിസ്റ്റി’ന് ശേഷം താന്‍ കാണുന്ന മികച്ച ഹോറര്‍ ചിത്രമെന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചത്. ‘എക്‌സോര്‍സിസ്റ്റിനു ശേഷം ഭൂതകാലം പോലെ ഇത്ര റിയലിസ്റ്റിക്കായ ഹൊറര്‍ ചിത്രം ഞാന്‍ കണ്ടിട്ടില്ല. സിനിമയുടെ അന്തരീക്ഷമൊരുക്കിയ സംവിധായകന്‍ രാഹുല്‍ സദാശിവനും നിര്‍മ്മാതാവ് അന്‍വര്‍ റഷീദിനും മികച്ച പ്രകടനം നടത്തിയ ഷൈന്‍ നിഗത്തിനും ഏറ്റവും മികച്ചുനിന്ന രേവതിക്കും അഭിനന്ദനങ്ങള്‍’, അദ്ദേഹം പറഞ്ഞു.

ഷൈന്‍ നിഗം സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. രാഹുല്‍ സദാശിവനും ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ് രചന. സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയവരും വിവിധ വേഷത്തിലെത്തുന്നുണ്ട്. അന്‍വര്‍ റഷീദിന്റെ പ്ലാന്‍ ടി ഫിലിംസും ഷൈന്‍ നിഗം ഫിലിംസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം തെരേസ റാണിയും ഷൈനിന്റെ സുനില ഹബീബും ചേര്‍ന്നാണ്.

UPDATES
STORIES