‘മലയാള സിനിമ ഏറ്റവും അപകടം പിടിച്ച മേഖല’; ഹേമാ കമ്മീഷന്‍ ശുപാര്‍ശകള്‍ റോക്കറ്റ് സയന്‍സല്ലെന്ന് രഞ്ജിനി

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യാന്‍ മെയ് നാലാം തിയതി സര്‍ക്കാര്‍ സിനിമ സംഘടനകളുടെ യോഗം വിളിച്ചതിനെ വിമര്‍ശിച്ച് നടി രഞ്ജിനി. സിനിമ സംഘടനകള്‍ എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളായതെന്നും റിപ്പോര്‍ട്ടിന്‌റെ അടിസ്ഥാനത്തില്‍ നിയമസഭാംഗങ്ങള്‍ക്ക് ശുപാര്‍ശകള്‍ നടപ്പിലാക്കിക്കൂടെ എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ രഞ്ജിനി ചോദിച്ചു.

‘ഈ വാര്‍ത്ത കേട്ടതില്‍ എനിക്ക് നിരാശ മാത്രമല്ല ദേഷ്യവും ഉണ്ട്! സര്‍ക്കാര്‍ ഇനിയും എല്ലാ സിനിമാ സംഘടനകളുമായി ഒരു കൂടിക്കാഴ്ച നടത്തേണ്ടത് എന്തിനാണ്? റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെ അടിസ്ഥാനമാക്കി നിയമസഭാംഗങ്ങള്‍ക്ക് സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നില്ലേ? അതോ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അപര്യാപ്തതയാണോ അവര്‍ സൂചിപ്പിക്കുന്നത്? അടൂര്‍, ഹേമ റിപ്പോര്‍ട്ടുകളുടെ നിര്‍ണായകമായ ശക്തമായ ശുപാര്‍ശകള്‍ വര്‍ഷങ്ങളായി തുടരുന്നു, എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഉറച്ച തീരുമാനമെടുക്കാന്‍ വൈകുന്നത്? ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും അപകടകരമായ ഇന്‍ഡസ്ട്രി മലയാള സിനിമയാണ് എന്ന് തെളിയിക്കും വിധം മറ്റൊരു നടിക്ക് നേരെ ഒരു ആക്രമണവും കൂടി ഉണ്ടായിട്ടും സിനിമ സംഘടനയുമായി യോഗം കൂടിയിരിക്കാന്‍ ഇത് റോക്കറ്റ് സയന്‍സ് അല്ല. റിപ്പോര്‍ട്ടുകളിലെ ഇത്തരം സെന്‍സിറ്റീവ് ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യാന്‍ സിനിമാ സംഘടനകള്‍ പ്രതിപക്ഷ പാര്‍ട്ടിയായത് എപ്പോഴാണ്? ഭാവിയില്‍ നിയമം നടപ്പാക്കുന്നതിന് അംഗീകാരം ലഭിക്കാന്‍ ഇത് നിയമസഭയില്‍ അവതരിപ്പിക്കേണ്ടതല്ലേ? ഞാന്‍ എന്റെ സിനിമാ മേഖലയെ സ്‌നേഹിക്കുന്നു. അതിനോട് നന്ദിയുമുണ്ട്. പക്ഷേ ചില മോശം ആളുകളുടെ ഇരയാകുന്ന ഭാവി തലമുറയെക്കുറിച്ച് എനിക്ക് വളരെ ആശങ്കയുണ്ട്,’ രഞ്ജിനി അഭിപ്രായപ്പെട്ടു.

സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‌റെ നേതൃത്വത്തിലാണ് മെയ് നാലാം തിയതി തിരുവനന്തപുരത്ത് വച്ച് സിനിമ സംഘടനകളുടെ യോഗം. ഡബ്ല്യുസിസി ഉള്‍പ്പെടെ എല്ലാ സംഘടനകളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ദീര്‍ഘ നാളായി ഡബ്ല്യുസിസി ആവശ്യപ്പെടുന്നു. 2018ലാണ് സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിടാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെ പലരും രംഗത്തെത്തിയിരുന്നു.

റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ സിനിമ മേഖലയില്‍ ഇപ്പോള്‍ നാം ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടയുമെന്നും തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീസൗഹാര്‍ദമാകുന്നതെന്നും പാര്‍വതി വിമര്‍ശിച്ചു. റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ നിരവധി സമിതികളുണ്ടാക്കുന്നു. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരുമെന്നും പാര്‍വതി പറഞ്ഞിരുന്നു.

അതേസമയം, വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ റിപ്പോര്‍ട്ട് അതേപടി പൊതുരേഖയായി പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു സംസ്ഥാന വിവരവകാശ കമ്മീഷന്റെ ഉത്തരവ് ചൂണ്ടിക്കാട്ടി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നിയമസഭയെ അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്ന് ആരോപിച്ച് കെ.കെ രമ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു.

മലയാള സിനിമയില്‍ ജോലി ചെയ്യുന്നവരുമായി സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവര്‍ നേരിടുന്ന ചൂഷണം എന്നീ പ്രശ്‌നങ്ങള്‍ പഠിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ ഏതാണ്ട് രണ്ടു വര്‍ഷത്തോളം സമയമെടുത്താണ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

UPDATES
STORIES