ഭാവനയെ ക്ഷണിച്ചത് ഞാൻ, ദിലീപിനെ എവിടേയും പിന്തുണച്ചിട്ടില്ല: രഞ്ജിത്

ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ ഭാവനയെ ക്ഷണിച്ചത് തന്റെ തീരുമാനമായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. മുഖ്യമന്ത്രി ഇക്കാര്യത്തെ കുറിച്ച് തന്നോട് സംസാരിച്ചിരുന്നുവെന്നും പിന്നീട് അക്കാദമിയിലെ സഹപ്രവര്‍ത്തകരുമായി ആലോചിച്ചാണ് ഭാവനയെ ചടങ്ങില്‍ ക്ഷണിക്കാൻ തീരുമാനിച്ചതെന്നും രഞ്ജിത്ത് പറഞ്ഞു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവർ ഈ തീരുമാനത്തെ പിന്തുണച്ചുവെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

‘ ഇതൊക്കെ സ്വാഭാവികമായി ചെയ്ത കാര്യമാണ്. ബാഹ്യപ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെയില്ല. എന്റെ മനസിലെടുത്ത തീരുമാനമാണത്. മാധ്യമങ്ങളുടെ ശ്രദ്ധ പ്രശ്‌നമാകുമെന്ന് കരുതിയാണ് വിവരം രഹസ്യമാക്കി വച്ചത്. സമൂഹമാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കാറില്ല. അതൊരു മാനസിക രോഗമാണ്. അങ്ങനെ ഭയപ്പെടുത്താന്‍ പറ്റില്ല. എന്റെ സിനിമകളിലെ കഥാപാത്രങ്ങളെ വച്ച് വിമര്‍ശിക്കുന്നവരോടും ഒന്നും പറയാനില്ല. അത്തരം തറ വര്‍ത്തമാനങ്ങള്‍ എന്റെ അടുത്ത് ചെലവാകില്ല. എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യും. സാംസ്‌കാരിക വകുപ്പിന്റെയും സര്‍ക്കാരിന്റെയും പിന്തുണയുണ്ട്,’ രഞ്ജിത്ത് പറഞ്ഞു.

ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച വിഷയത്തിലും രഞ്ജിത്ത് വ്യക്തത വരുത്തി.

‘ അയാള്‍ക്ക് വേണ്ടി ഞാന്‍ ഒരു മാധ്യമത്തിലും ചര്‍ച്ചയ്ക്ക് വന്ന് വാദിച്ചിട്ടില്ല. എവിടെയും എഴുതിയിട്ടില്ല. പ്രസംഗിച്ചിട്ടുമില്ല. ആ വ്യക്തിയുമായി എനിക്ക് വളരെ അടുത്ത ബന്ധവുമില്ല. അയാളത് ചെയ്യില്ല എന്നായിരുന്നു പലരും അന്ന് പറഞ്ഞിരുന്നത്. എനിക്കും അന്ന് അയാള്‍ അങ്ങനെ ചെയ്തുവെന്ന് വിശ്വസിക്കാന്‍ ഇഷ്ടമല്ലായിരുന്നു. എങ്കിലും ജയിലില്‍ പോയി കാണണമെന്ന് കരുതിയിരുന്നില്ല. സുരേഷ് കൃഷ്ണയോടൊപ്പം കാറില്‍ പോകുന്നതിനിടെ അയാള്‍ക്ക് ദിലീപിനെ കാണണമെന്ന് പറയുകയായിരുന്നു. ആദ്യം പുറത്തിരിക്കാമെന്നാണ് കരുതിയത്‌. പുറത്ത് മാധ്യമ പ്രവര്‍ത്തകരുണ്ടായിരുന്നു. അപ്പോള്‍ താനും അകത്തേക്ക് പോയി. ജയില്‍ സൂപ്രണ്ടിന്റെ അടുത്തേക്കാണ് പോയത്. സൂപ്രണ്ടിനോട് സംസാരിക്കുന്നതിനിടെ ദിലീപ് അങ്ങോട്ട് വന്നു. സുരേഷ് കൃഷ്ണയും ദിലീപും മാറി നിന്ന് സംസാരിച്ചു. 10 മിനുട്ട് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഇറങ്ങി. പുറത്തിറങ്ങി അയാള്‍ നിരപരാധിയാണെന്നൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.’-

UPDATES
STORIES