ദിലീപ് എനിക്ക് വർഷങ്ങളായി അറിയാവുന്ന ആളാണ്; വേറെയൊന്നും ചർച്ച ചെയ്യാൻ ഇല്ലേ എന്ന് രഞ്ജിത്

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപുമായി ഫിയോക്കിന്റെ വേദി പങ്കിട്ടതിനെ ന്യായീകരിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. താൻ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പരിപാടിക്കാണ് പോയതെന്നും തന്നെ ക്ഷണിച്ചത് ദിലീപ് അല്ലെന്നും രഞ്ജിത് പറഞ്ഞു. ദിലീപിനെ തനിക്ക് വർഷങ്ങളായി അറിയാമെന്നും രഞ്ജിത് കൂട്ടിച്ചേർത്തു. ദിലീപുമായി വേദി പങ്കിട്ടതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു രഞ്ജിത്.

“ഞാൻ ദിലീപിന്റെ വീട്ടിൽ പോയി ദിലീപിനെ കണ്ടിട്ടില്ല. ദിലീപിനൊപ്പം ചായ കുടിക്കാൻ ഒരു റെസ്റ്റോറന്റിൽ പോയിട്ടില്ല. ഇനി പോയെങ്കിൽ തന്നെ എന്താ? ദിലീപ് എനിക്ക് വർഷങ്ങളായി അറിയാവുന്ന ആളാണ്. നാളെ ഇനി ഞാൻ കയറുന്ന വിമാനത്തിൽ ദിലീപ് ഉണ്ടെന്ന് പറഞ്ഞ് എനിക്ക് ഇറങ്ങി ഓടാൻ പറ്റുമോ? ചലച്ചിത്ര അക്കാദമി ചെയർമാൻ ആണെന്ന് വച്ച് തിയേറ്റർ ഉടമകളുമായുള്ള ബന്ധം എനിക്ക് ഉപേക്ഷിക്കാൻ പറ്റില്ല. നാട്ടിൽ ചർച്ച ചെയ്യാൻ മറ്റ് കാര്യങ്ങളൊന്നും ഇല്ലേ?” രഞ്ജിത് ചോദിച്ചു.

രഞ്ജിത്തിനേയും മധുപാലിനേയും ഫിയോക്ക് ആദരിച്ച ചടങ്ങിൽ ദിലീപും പങ്കെടുത്തിരുന്നു. രഞ്ജിത്തിന് സ്വാഗതം പറഞ്ഞ ദിലീപ് ചലച്ചിത്ര അക്കാദമി ചെയർമാൻ ആകാൻ എന്തുകൊണ്ടും യോഗ്യതയുള്ള ആളാണ് രഞ്ജിത് എന്നും പറഞ്ഞു.

UPDATES
STORIES