കൊച്ചിയില്‍ ഇനി അഞ്ചുനാള്‍ സിനിമാമേളം; ഉദ്ഘാടന ചിത്രങ്ങള്‍ കാണാം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ആര്‍ഐഎഫ്എഫ്‌കെ) തുടക്കമായി. ഏപ്രില്‍ ഒന്നിന് രാവിലെ ഒന്‍പത് മണിക്ക് സരിത തിയേറ്ററില്‍വെച്ച് നടന്‍ മോഹന്‍ലാല്‍ മേള ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രമുഖ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ മുഖ്യാതിഥിയായി. ഏപ്രില്‍ 1 മുതല്‍ 5 വരെയാണ്‌ മധ്യകേരളത്തിന്റെ ചലചിത്ര മേള.

സരിത, സവിത, കവിത തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 26ാമത് ഐഎഫ്എഫ്കെയില്‍ ശ്രദ്ധേയമായ 70 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സുവര്‍ണചകോരം ലഭിച്ച ‘ക്‌ളാരാ സോള’, പ്രേക്ഷകപ്രീതി ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ച ‘കൂഴങ്കല്‍’, മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്, ഫിപ്രസ്‌കി, നെറ്റ്പാക് പുരസ്‌കാരങ്ങള്‍ നേടിയ ‘ആവാസവ്യൂഹം’, ‘നിഷിദ്ധോ’, ‘കുമ്മാട്ടി’യുടെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പ് എന്നിങ്ങനെ 26ാമത് ഐഎഫ്എഫ്‌കെയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 68 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

മേളയുടെ ഭാഗമായി, ആദ്യകാല പ്രസ് ഫോട്ടോഗ്രാഫറും ‘ചെമ്മീനി’ന്റെ നിശ്ചല ഛായാഗ്രാഹകനുമായ ശിവന്റെ ചലച്ചിത്രസംബന്ധിയായ ഫോട്ടോകളുടെ പ്രദര്‍ശനം, മലയാള സിനിമയുടെ ടൈറ്റില്‍ ഡിസൈനിന്റെ ചരിത്രം പറയുന്ന അനൂപ് രാമകൃഷ്ണന്റെ ഫെലോഷിപ്പ് പ്രബന്ധത്തിലെ പേജുകളുടെ ഡിജിറ്റല്‍ പ്രദര്‍ശനം എന്നീ എക്‌സിബിഷനുകളും ഒരുക്കിയിട്ടുണ്ട്.

മേളയോടനുബന്ധിച്ച് ഓപണ്‍ ഫോറം, സെമിനാറുകള്‍, സിംപോസിയം എന്നിവ ഉണ്ടായിരിക്കുന്നതാണ്. https://registration.iffk.in/ എന്ന വെബ്‌സൈറ്റില്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. സരിത തിയേറ്ററില്‍ ഒരുക്കിയിട്ടുള്ള ഡെലിഗേറ്റ് സെല്‍ വഴി നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താം. വിദ്യാര്‍ത്ഥി വിഭാഗത്തിന് 250 രൂപയും പൊതുവിഭാഗത്തിന് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. സിനിമാ രംഗത്ത് അസിസ്റ്റന്റും അസോസിയേറ്റുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദ്യാര്‍ത്ഥികളുടെ അതേ നിരക്കില്‍ ഡെലിഗേറ്റ് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം.

UPDATES
STORIES