‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഹിന്ദി റീമേക്കിങിന് വെല്ലുവിളികളേറെ’; വിശദീകരിച്ച് സംവിധായിക

ഹിന്ദി റീമേക്കിങിന് തയ്യാറെടുക്കുകയാണ് ജിയോ ബേബിയുടെ സംവിധാനത്തിലൊരുങ്ങിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. കാര്‍ഗോ സിനിമയൊരുക്കിയ ആരതി കതവ് ആണ് ഹിന്ദിയില്‍ ചിത്രമൊരുക്കുന്നത്. ഒരു മലയാളം സിനിമ ഹിന്ദിയിലൊരുക്കി പാന്‍ ഇന്ത്യന്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നതിലെ വെല്ലുവിളികള്‍ ഏറെയുണ്ടെന്നാണ് ആരതിയുടെ പക്ഷം.

‘ഇത് നമുക്ക് വളരെ അടുപ്പം തോന്നിക്കുന്ന സിനിമയാണ്. വൈകാരിക നിമിഷങ്ങളും രംഗങ്ങളും ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതും പ്രത്യേകതകളോടെയാണ്. വിവാഹിതയായ ഒരു ചെറുപ്പക്കാരി പുരുഷാധിപത്യ സമൂഹത്തിലെ പുരാതന ആചാരങ്ങള്‍ പേറുന്ന ഒരു അടുക്കളയില്‍ ജീവിക്കുന്നതിലൂന്നിയാണ് കഥ പുരോഗമിക്കുന്നത്. ലിംഗ അസമത്വങ്ങളെ ചിത്രം കൃത്യമായി വരച്ചിടുന്നു. സിനിമയുടെ കഥയുടെ കേന്ദ്രബിന്ദു ഇന്ത്യയില്‍ എവിടെയെങ്കിലും കാണാമെങ്കിലും, സൂക്ഷ്മാര്‍ത്ഥത്തില്‍ സൗത്ത് ഇന്ത്യയും നോര്‍ത്ത് ഇന്ത്യയും തമ്മില്‍ സാസ്‌കാരികമായും മറ്റും ഒരുപാട് വ്യത്യാസങ്ങളുണ്ട്’, ആരതി പറഞ്ഞു.

‘പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെന്ന് നമ്മള്‍ പറയുമ്പോഴും ഓരോ നഗരത്തിനും അതിന്റേതായ വൈവിധ്യങ്ങളുണ്ട്. ഉദാഹരണത്തിന് മുംബൈയിലെ ജനങ്ങള്‍ ഡല്‍ഹിക്കാരേക്കാള്‍ തുലോം വ്യത്യസ്തരാണ്. സിനിമയുടെ വൈകാരികയ്ക്ക് കോട്ടം വരുത്താതെ, ഭാഷയ്ക്കും ദേശത്തിനും അതീതമായി എല്ലാ പ്രേക്ഷകരെയും സ്പര്‍ശിക്കുന്ന തരത്തില്‍ ഇത്തരമൊരു സിനിമ അവതരിപ്പിക്കുക എന്നത് ഒരേസമയം വെല്ലുവിളി നിറഞ്ഞതും അതേസമയംതന്നെ പ്രചോദനമുളവാക്കുന്നതുമാണ്’, അവര്‍ കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ നിമിഷ സജയനും സുരാജ് വെഞ്ഞാറുമൂടും ചെയ്ത പ്രധാന വേഷങ്ങള്‍ വലിയ നിരൂപക പ്രശംസ നേടിയതിന് പിന്നാലെയാണ് ചിത്രം മറ്റ് ഭാഷകളിലേക്കുമെത്തുന്നത്. സാനിയ മല്‍ഹോത്രയും ഹര്‍മന്‍ ബവേജയുമാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ ഹിന്ദി റീമേക്കിലെത്തുന്നത്. സാനിയയുടെ പാന്‍ ഇന്ത്യന്‍ ലുക്ക് കാരണമാണ് സിനിമയിലേക്ക് ക്ഷണിച്ചതെന്ന്‌ ആരതി പറയുന്നു. ഡങ്കല്‍, ഫോട്ടോഗ്രാഫ്, പതാക, ലുഡോ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സാനിയയ്ക്ക് ഒരു പാന്‍ ഇന്ത്യന്‍ സ്വീകാര്യതയും ഉണ്ടായിട്ടുണ്ട്. മീനാക്ഷി സുന്ദരേശ്വരില്‍ തമിഴ്‌ ബ്രാഹ്‌മിണ്‍ വധുവായും സാനിയ എത്തിയിരുന്നു.

ബവേജ മൂവീസാണ് ഹിന്ദിയില്‍ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ റീമേക്ക് റൈറ്റ്‌സ് ഹര്‍മന്‍ ബവേജ സ്വന്തമാക്കിയിരുന്നു. തമിഴിലേക്കും ചിത്രം മൊഴിമാറ്റിയിരുന്നു. തമിഴ് പതിപ്പില്‍ ഐശ്വര്യ രാജേഷായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

UPDATES
STORIES