കെ.പി.എ.സി ലളിത: കാലം കൂടുതുറന്നുവിട്ട പക്ഷി

കെ പി എ സി ലളിത ഒരു കാലത്തിന്‌റെ സൃഷ്ടിയാണ്. മറ്റൊരര്‍ത്ഥത്തില്‍ കാലത്തിന്റെ സാംസ്‌കാരിക വൈകാരിക ജീവിതം ഊറിക്കൂടിയതിന്റെ പെണ്ണുരുവമാണവര്‍. അതിന്റെ കാറും കോളും ആ പേരില്‍ തന്നെ പെയ്തുനില്‍പ്പുണ്ട്. ഐക്യ കേരളത്തിന്‌റെ സാംസ്‌കാരിക ഛായാപടത്തിലേക്ക് തന്റെ പ്രതിഭയുടെ ധാരാളിത്തത്തെ ഈ വിധം കുടഞ്ഞെറിഞ്ഞ മറ്റൊരാളെ കണ്ടെത്തുക പ്രയാസമായിരിക്കും. കണ്ണീരും കയ്പ്പും നിറഞ്ഞ ജീവിതാനുഭവങ്ങളില്‍ വേരോടിതന്നെയാണ് അവരുടെ ഭാവ-രസങ്ങള്‍ കടപുഴകാതെ പന്തലിച്ച് നിന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്‌റിന്‌റെ സന്ദേശവും ജീവനും ജനങ്ങളിലെത്തിക്കാനായി കെപിഎസി നാടങ്ങളിലൂടെ തുടങ്ങിയ ആ അഭിനയ ജീവിതം സിനിമയുടെ സ്പ്രിങ് ബോളെക്‌സ് ക്യാമറയുടെ കാലത്ത് തുടങ്ങി ഏറ്റവും ആധുനികമായ റെഡ് വി റാപ്റ്റര്‍ ക്യാമറയുടെ കാലം വരെ സജീവമായി നിലകൊണ്ടു. സിനിമയില്‍ സജീവമായിരിക്കുമ്പോള്‍ തന്നെ ടെലിവിഷന്‍ സീരിയലിലുകളിലും പരിപാടികളും ഒട്ടും തുളുമ്പാതെ ആ യാത്ര തുടര്‍ന്നു.

ഭീഷ്മപർവത്തിലെ കാർത്ത്യായനിയമ്മ

മലയാളത്തില്‍ ഇന്നുള്ള ട്രെന്‌റ് സെറ്റിങ്ങ് ഫിലിം മേക്കറായ അമല്‍ നീരദിന്റെ ഭീഷ്മപര്‍വമാണ് പഴകും തോറും വിര്യവും മുറുക്കവും ഏറിവന്ന കെ.പി.എ.സി ലളിതയുടെ ഇനി വരാനിരിക്കുന്ന ചലച്ചിത്രം. മലയാളി കടന്നുവന്ന ജീവിതാവസ്ഥകളെയെല്ലാം അവര്‍ പലമട്ടില്‍ പ്രതീകവല്‍ക്കരിചിട്ടുണ്ട്. നമ്മുടെ സാധാരണത്വങ്ങളില്‍ നിന്ന് ഒരിക്കലും വേര്‍പെടുത്താനാകാത്ത വിധം മലയാളിയുടെ സാംസ്‌കാരിക രാഷ്ട്രീയ മേല്‍വിലാസമായവര്‍ മാറി. ഇനി ഇങ്ങനെയൊരാളെ കൂടുതുറന്നുവിടാന്‍ വരും കാലത്തിനായിക്കോളണമെന്നില്ല.

കെപിഎസി ലളിത എന്ന് പറയുമ്പോള്‍ ഭാവശുദ്ധിയോടെ സമൃദ്ദിയുടേയും നിറവിന്‌റെയും ഏതോ തറവാട്ടിലെ സാങ്കല്‍പ്പിക ഇടനാഴിയില്‍ നിന്ന് ‘ഉണ്ണി’ എന്ന ഒരമ്മയുടെ വിളിയൊന്നുമല്ല നമുക്ക് കേള്‍ക്കാനാവുക. മറിച്ച് ജീവിതത്തിന്‌റെ താളമില്ലായ്മയില്‍ നിന്ന് നേരിട്ട് സ്‌നേഹവും ക്രോധവും പരിഭവും കലങ്ങി മറിഞ്ഞ് വരുന്ന പോലെയാണ് തോന്നുക. അല്ലങ്കില്‍ പൊട്ടിത്തെറിക്കാന്‍ പോന്നൊരു അകംപിടച്ചിലിനെ ഒതുക്കിയും അമര്‍ത്തിയും മുന്നിലിങ്ങനെ ഒരു അഗ്‌നിപര്‍വ്വതം കണക്കെ പുകഞ്ഞു നില്‍ക്കുന്ന എത്രയോ പെണ്‍ ജീവിത സന്ദര്‍ഭങ്ങളെയൊണോര്‍മ്മ വരിക.

സ്ഫടികത്തിൽ തിലകനൊപ്പം

ചാക്കോ മാഷ് ഓട്ടക്കാലണയെറിഞ്ഞ് കൊടുത്ത് ആടുതോമയെ പടിയിറക്കുമ്പോള്‍ ഉള്ളുരുകി നില്‍ക്കുന്ന ഒരു പൊന്നമ്മയുണ്ട്, മണിയന്‍ പിള്ളയുടെ കഥാപാത്രം ചാക്കോമാഷിന്റെ ചിത്രം എറിഞ്ഞുടക്കുമ്പോള്‍ ഞൊടിയിടയില്‍ പൊന്നമ്മയുടെ കരഞ്ഞ് കലങ്ങിയ മുഖത്ത് ഒരു നിഗൂഢ സംതൃപ്തി മിന്നി മറയുന്നുണ്ട്. ചാക്കോ മാഷെയും പൊന്നമ്മയേയും പോലെയല്ല വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കൊച്ചുതോമയും മേരിപെണ്ണും. സ്‌നേഹത്തിന്റെ നനവും സമാശ്വസിപ്പിക്കലിന്‌റെ അലിവുമെല്ലാം മേരിപ്പെണ്ണിനുണ്ട്. കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമയാവട്ടെ അനുനിമിഷം പൊരുതി നിന്നൊരു ജീവിതവും. സ്ഥലതര്‍ക്കം പരിഹരിക്കാന്‍ പള്ളീലച്ചന്‍ ആങ്ങളമാരുമായി സന്ധിസംഭാഷണത്തിന് വിളിക്കുന്ന രംഗത്ത് ഏലിയാമയുടെ ഡയലോഗ് ഡെലിവറി ഭര്‍ത്താവിനെക്കാള്‍ കാര്യപ്രാപ്തിയും ധാര്‍ഷ്ട്യവുമുള്ള ഒരു കോട്ടയം കൃസ്ത്യന്‍ പെണ്‍ജീവിതത്തിന്റെ ആത്മാവിഷ്‌കാരമായി തീരുന്നു. കഥാപാത്രത്തിന്‌റെ സാമൂഹ്യ മുദ്രകളിലേക്ക് ശരീരത്തേയും ഭാവത്തേയും ഭാഷയേയും പ്രവഹിപ്പിക്കാന്‍ അവര്‍ക്ക് നിമിഷങ്ങള്‍ മതിയാകും.

ഗോഡ്ഫാദറിൽ കെ.പി.എ.സി ലളിതയും ഇന്നസെന്റും

അഞ്ഞൂറാന്‌റെ വീട്ടുമുറ്റത്ത് തന്റെ മക്കളേയും വാരിപിടിച്ചെത്തുന്ന കൊച്ചമ്മിണി. വല്ല മോതിരമോ മറ്റോ ഉണ്ടോ എന്ന് ഇന്നസെന്‌റിന്‌റെ കഥാപാത്രം ചോദിക്കുമ്പോള്‍ നിസ്സഹായതതും നിരാശ്രയത്വവും അതിലെല്ലാമുപരി ആത്മാഭിമാനവും പാളം തെറ്റിപ്പോയ കൊച്ചമ്മിണിയായി അവര്‍ക്കു പകരം മറ്റൊരാളെ സങ്കല്‍പ്പിക്കാനാകില്ല. ഉള്‍പിടച്ചിലും അതിന്റെ പെരുക്കവും പ്രവാഹവും അപാരമായ നിയന്ത്രണശേഷിയോടെ അവര്‍ പുറത്തെടുക്കുന്നു.

കനല്‍കാറ്റിലെ ഓമന പ്രണയചാപല്യങ്ങളുള്ള ഒരു തിരസ്‌കൃതയാണ്. അനുരാഗപരവശയായി അവള്‍ നാരായണേട്ടനെ പിന്‍തുടരുന്നു. പ്രണയനിരാസത്തില്‍ സര്‍വ്വതും തകര്‍ന്ന് തന്‌റെ ജീവിതം എല്ലാ അര്‍ത്ഥത്തിലും ഒരു പാഴായി പോയെന്ന് നാരായണനോട് പറയുന്ന രംഗമുണ്ട്. അസാധാരണമായ പ്രതിഭയുള്ള ഒരാള്‍ക്ക് മാത്രം കൈകാര്യം ചെയ്യാന്‍ കഴിയുന്നൊരു സീനാണത്. ഓമന തന്‌റെ സഹജ പെരുമാറ്റത്തില്‍ നിന്ന് ക്ഷണ നേരം കൊണ്ട് മാറുന്ന ഒരു രംഗമാണത്. ‘എല്ലാവരും എന്നെ ഉപയോഗിച്ചിട്ടുണ്ട് ‘ എന്ന് പറയുമ്പോള്‍ ഓമനയെ അവര്‍ തന്‌റെ ശൈലീകൃത അഭിനയത്തിന്‌റെ തടത്തില്‍ നിന്നും തീഷ്ണമായ ഭാവാഭിനയത്തിലേക്ക് തടംകവിച്ചൊഴുക്കുന്നുണ്ട്. തിരസ്‌കൃത ജീവിതത്തിന്‌റെ സൂക്ഷ്മ ഭാവങ്ങളിലേക്ക് ഈ മട്ടില്‍ പടര്‍ന്നുകയറാന്‍ അവരെ പ്രാപ്തമാക്കിയത് എന്താകും? ജീവിതം തന്നെയായിരിക്കും അല്ലെ… അറിയില്ല. ഒരുവേള മമ്മൂട്ടിയും മുരളിയും ശാരിയും അവര്‍ക്കുമുന്നില്‍ സ്തബ്ധരായി പോകുന്നു എന്ന് തോന്നും ഓമനയെ കണ്ടാല്‍. ഒരു ജീനിയസ് ആക്ടര്‍ക്കുമാത്രം സാധ്യമാകുന്നതാണത്.

അമരത്തിലെ ഭാർഗവിയായി

അമരത്തിലെ ഭാര്‍ഗവി പുറംപോക്ക് ജീവിതത്തിന്‌റെ പ്രതിനിധിയാണ്. അരയനോട് കോര്‍ക്കുന്ന അരയത്തിയായും ചന്തയില്‍ മീന്‍വില്‍ക്കുന്ന മത്സ്യതൊഴിലാളിയായും അവര്‍ സ്വഭാവികമായി പെരുമാറി. വെങ്കലത്തിലെ കുഞ്ഞിപ്പെണ്ണും പാര്‍ശ്വവല്‍കൃത ജീവിതം ജീവിച്ചവളാണ്. പകിട്ടും പ്രതാപവും അന്തസ്സുമില്ലാത്ത നമ്മുടെ നാട്ടിലെ അരികുജീവിതങ്ങളെ രാഷ്ട്രീയ സാംസ്‌കാരിക സൂക്ഷ്മതയോടെയവര്‍ പകര്‍ന്നാടി. പതിവുതാളത്തിന്‌റെ ആവര്‍ത്തനങ്ങള്‍കൊണ്ട് മടുപ്പിക്കാതെ സാമൂഹ്യ വൈവിധ്യങ്ങളുടെ നാനാതുറകളിലേക്ക് ഒഴുകി പരന്നൊരു ജീവല്‍പ്രതിഭയാണവര്‍ . ആ മെയ് വഴക്കമാണ് ഒരു നടനെ അല്ലങ്കില്‍ നടിയെ അളക്കാനുള്ള മാനദണ്ഡമെങ്കില്‍ അവര്‍ ആര്‍ക്കും പുറകിലല്ല എന്നുമാത്രമല്ല ഒപ്പം ഏറെപേരെ കണ്ടെത്താനും പ്രയാസമാകും.

അനുരാഗ പരവശയായ ഓമനയില്‍ നിന്നും ശബ്ദംകൊണ്ട് മാത്രം മലയാളിയുടെ സ്വപ്ന നായികയായി മാറിയ മതിലുകളിലെ നാരായണയിലെത്തുമ്പോഴേക്കും ശബ്ദ നിയന്ത്രണത്തിന്‌റെ അടരുകളില്‍ വച്ച് മനുഷ്യമനസ്സിന്‌റെ അകംപൊരുളുകള്‍ തുറക്കുന്ന ഒരു കെ.പിഎ.സി ലളിതയെ കാണാം. ‘എന്‌റെ ദൈവമെ..എനിക്ക് കരയാന്‍ തോന്നുന്നു’ എന്ന് നാരായണി പറയുമ്പോള്‍ അതില്‍ ഒരു മനുഷ്യജന്മത്തിന്‌റെ മുഴുവന്‍ ഭാരവും അവര്‍ ഇറക്കിവയ്ക്കുന്നുണ്ട്. പ്രണയാതുരമായ ഒരു മനസ്സിന്‌റെ വ്യഥ മുഴുവന്‍ ആ ഒറ്റവാചകത്തില്‍ കനംതൂങ്ങി കിടപ്പുണ്ട്. ശബ്ദനിയന്ത്രണത്തിന്‌റെ ഈ അപാര സാധ്യത പുറത്തെടുത്ത മറ്റൊരു പ്രതിഭയുണ്ടെങ്കില്‍ അത് മമ്മൂട്ടിമാത്രമാണ്. അമരത്തിന്‌റെ ഡബ്ബിങ്ങിന് മുഴുവന്‍ കൂടെയിരുന്ന് പറഞ്ഞുതന്നത് ഭരതേട്ടനല്ല മമ്മൂട്ടിയാണെന്ന് അവര്‍ ഓര്‍ത്തുപറയുന്നുണ്ട് ഒരിക്കല്‍. മതിലുകളിലെ ബഷീറിന്‌റേയും നാരായിണിയുടേയും പ്രണയ സംഭാഷണങ്ങള്‍ കാലാതീതവും സാര്‍വ്വലൗകികവുമായി തീരുന്നത് ഈ രണ്ടുപേരും സംഗമിക്കുന്നതുകൊണ്ടാണ്. കൈമോശം വന്നുപോയ പ്രിയപെട്ട ഒരു കവിത പോലെ അവരുടെ സംഭാഷണം ഇനിയും തലമുറകളുടെ ജീവിതത്തെ പൂരിപ്പിച്ചുകൊണ്ടിരിക്കും. ഡിജിറ്റല്‍ കാലത്തെ സ്‌നേഹ സല്ലാപങ്ങളില്‍ വെര്‍ച്വല്‍ മതിലിനപ്പുറവും ഇപ്പുറവും ഒരായിരം തവണ ബഷീറും നാരായണിയും നമുക്കെല്ലാം ഇടയില്‍ പുനരവതരിക്കുന്നു. പ്രണയാനുഭാവത്തിന്‌റെ അനശ്വര പ്രതീകമായി ആ ശബ്ദങ്ങള്‍ നിലകൊള്ളുന്നു.

കനൽക്കാറ്റിൽ മമ്മൂട്ടിയും കെ.പി.എ.സി ലളിതയും

ഇന്നസെന്‌റുമൊത്ത് എണ്ണമറ്റ ഹാസ്യരംഗങ്ങള്‍ അവരുടേതായുണ്ട്. വളരെ ലൗഡായ തനി നാടന്‍ കഥാപാത്രങ്ങള്‍. ഹാസ്യത്തിന് പുതിയ ഭാഷ കൈവന്ന മലയാളസിനിമയുടെ കാലത്തെ നിര്‍വ്വചിച്ചത് കെപിഎസി ലളിതകൂടിയാണ് എന്നുകാണാം. മണിചിത്രത്താഴിലെ ഭാസുരക്ക് തുല്യമായി നമുക്ക് പറയാന്‍ മറ്റൊരു കഥാപാത്രമില്ല. ഭര്‍ത്താവിനെ ഏലസ്സുകെട്ടിക്കുന്ന രംഗങ്ങളില്‍ മൂകാഭിനയത്തിന്റെ സാധ്യതകളെ പോലുമവര്‍ കാഴ്ചവയ്ക്കുന്നുണ്ട്. പലപ്പോഴും ഗോഷ്ഠിയായോ ഓവറായോ പോകാന്‍ സാധ്യതയുള്ള ഹ്യൂമറിനെ അവര്‍ അവരുടെ ഇന്‌റലിജന്‍സിന്‌റെ ഉയരങ്ങള്‍ കൊണ്ട് അളന്നെടുത്തു.

അരനൂറ്റാണ്ടിലേറെക്കാലം ആ വെളിച്ചം നമ്മുടെ സാംസ്‌കാരിക രാഷ്ട്രീയ പരിസരങ്ങളില്‍ നിഴലും നിലാവും വിരിച്ചു. അനന്യവും അപരിമേയവുമായ ഒരു സര്‍ഗാത്മക ജിവിതത്തിന്‌റെ എല്ലാ വേരുകളേയുമത് തൊട്ടു. കെപിഎസി ലളിത മലയാളി നൊസ്റ്റാള്‍ജിയയുടെ ഒരു മറുപേരുതന്നെയാണ് എന്നും. ആ പേരില്‍ തന്നെ കാലം കെട്ടും പാട്ടുമായി കൂടുകൂട്ടിയിട്ടുണ്ട്. അതൊഴുകി വന്ന വഴികളെയെല്ലാം ആര്‍ദ്രമാക്കിയിട്ടുണ്ട്, ഓരങ്ങളില്‍ കണ്ണീരും കിനാവും പൊഴിച്ചിട്ടുണ്ട്. ഇത്രയും അര്‍ത്ഥപൂര്‍ണ്ണമാകാന്‍ കാലം ഇനി ഒരാളെ അനുവദിക്കുമെന്ന് തോന്നുന്നില്ല… കാലമേ നന്ദി !

UPDATES
STORIES