‘വാടകയ്ക്ക് ചോദിച്ചവരെ ഒഴിവാക്കാന്‍ പറഞ്ഞതാണ്’; പ്രേംനസീറിന്റെ ലൈല കോട്ടേജ് വില്‍പ്പനയ്ക്കില്ലെന്ന് മകള്‍

പ്രേംനസീറിന്റെ ചിറയന്‍ കീഴിലെ വീടായ ലൈല കോട്ടേജ് വില്‍പ്പനയ്ക്ക് എന്ന പ്രചാരണം നിഷേധിച്ച് കുടുംബം. വാടകയ്ക്ക് വീടുചോദിച്ചുവന്നവരെ ഒഴിവാക്കാനായാണെന്ന് അങ്ങനെ പറഞ്ഞതെന്ന് മകള്‍ റീത്ത അറിയിച്ചു. വീട് നവീകരിച്ച് സംരക്ഷിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെന്നും സ്മാരമാക്കാനായി സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ താത്പര്യമില്ലെന്നും മകള്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

കുടുംബത്തിന്റെ പ്രതികരണം: വീട് വിൽക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടില്ല. മുന്‍പ് വാടകയ്ക്ക് കൊടുത്തിരുന്നു. അതവര് നാശമാക്കിയപ്പോൾ അതു നിർത്തി. ഇനി ആർക്കും കൊടുക്കുന്നില്ല ഞങ്ങൾ ഇടയ്ക്ക് പോയി ക്ലീൻ ചെയ്യും വരും. കൃഷിയൊക്കെ ചെയ്യുന്നുണ്ട്. ഇതിനിടെ വീട് വിൽക്കുന്നുണ്ടോ എന്ന് ചോദിച്ച് ഒരാൾ വന്നിരുന്നു. മകൾ രേഷ്മയുടെ പേരിലാണ് ഇപ്പോൾ വീട്. മോളോട് ചോദിച്ചപ്പോൾ വേണ്ടെന്ന് പറഞ്ഞു. അവരോടും ഞാൻ അക്കാര്യം പറഞ്ഞു. അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഈ വാർത്ത ഞാൻ കാണുന്നത്. രണ്ട് മൂന്ന് വർഷം കഴിയുമ്പോൾ അവർ നാട്ടിലെത്തും. വന്നശേഷം വീട് നവീകരിക്കും. ശേഷം അവരുടെ ഹോളിഡേ ഹൗസ് ആയി ഉപയോ​ഗിക്കും. ആ വീട് കെട്ടിത്തീർന്നപ്പോഴാണ് ഞാൻ ജനിച്ചത്. ഡാഡി ഇവിടെ വരുമ്പോൾ അവിടയെ താമസിക്കുമായിരുന്നുള്ളൂ. കൂടുതലും മദ്രാസിലായിരുന്നു. സർക്കാരിനും വീട് വിട്ട് നൽകില്ല. ഇക്കാര്യവും പറഞ്ഞ് ആരും എന്നെ സമീപിച്ചിട്ടുമില്ല. 

പ്രേംനസീറിൻറെ ചിറയിൻകീഴിലെ വീട് വിൽപ്പനയ്ക്ക് എന്ന വാർത്തകള്‍ക്ക് പിന്നാലെ വീട് സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും ഈ ആവശ്യമുന്നയിച്ച് പ്രതികരണങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് കുടുംബം വിശദീകരണവുമായി എത്തിയത്.

1956 നസീർ മകൾ ലൈലയുടെ പേരിൽ പണികഴിപ്പിച്ചതാണീ വീട്. 50 സെന്‍റും വീടും ഉള്‍പ്പെടുന്ന ഈ സ്ഥലം പ്രംനസീറിന്റെ ഇളയമകൾ റീത്തയുടെ അമേരിക്കയിലുള്ള മകൾ രേഷ്മയ്ക്കാണ് വീട് അവകാശമായി കിട്ടിയത്. ചിറയിൻകീഴിലെ ആദ്യ ഇരുനില മന്ദിരമായിരുന്നു ഈ വീട്. ഇരുനിലകളിലായി എട്ട് കിടപ്പുമുറികളാണുള്ളത്. ഏറെക്കാലമായി പൂട്ടിയിട്ടിരിക്കുന്ന വീട് ഇപ്പോള്‍ വാതിലുകളിലും ജനാലകളിലും ചിതല്‍ കയറി ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. വീട് നിത്യഹരിത നായകന്റെ സ്മാരകമാക്കുന്നതിനായി സര്‍ക്കാർ ഏറ്റെടുക്കണമെന്ന് ദീർഘകാലമായി ആവശ്യം ഉയരുന്നുണ്ട്. ചിറയികീഴ് എംഎല്‍എ വി ശശി വീട് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നേരത്തെ നിവേദനവും നല്‍കിയിരുന്നു. എന്നാല്‍ ഈ ആവശ്യം കുടുംബം അംഗീകരിച്ചിട്ടില്ല.

UPDATES
STORIES