കെജിഎഫിനെച്ചൊല്ലി കൊടുമ്പിരി കൊള്ളുന്ന ഭാഷാ വിവാദം; ‘ഹിന്ദി ദേശീയഭാഷയല്ല’, അജയ് ദേവ്ഗണിനെ തള്ളി എച്ച്ഡി കുമാരസ്വാമിയും

കന്നഡ ചിത്രമായ ‘കെജിഎഫ് 2’ പ്രദര്‍ശനം തുടരുന്നതിനിടെ കൊടുമ്പിരി കൊള്ളുകയാണ് ബോളിവുഡ്-സൗത്ത് ഇന്ത്യന്‍ തര്‍ക്കം. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടകയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍. ഹിന്ദി ഒരു ദേശീയ ഭാഷയല്ലെന്ന നടന്‍ കിച്ചാ സുദീപിന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നും മറുവാദമുന്നയിക്കുന്ന അജയ് ദേവ്ഗണ്‍ അങ്ങേയറ്റം പരിഹാസ്യമായ രീതിയിലാണ് പെരുമാറുന്നതെന്നുമാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച്ഡി കുമാരസ്വാമിയുടെ പ്രതികരണം.

‘ഹിന്ദി ദേശീയഭാഷയല്ലെന്ന കിച്ചാ സുദീപിന്റെ പരാമര്‍ശത്തില്‍ തെറ്റില്ല. അദ്ദേഹം പറഞ്ഞത് പൂര്‍ണമായും ശരിയാണ്. അജയ് ദേവ്ഗണ്‍ തീര്‍ത്തും പരിഹാസ്യപൂര്‍ണമായാണ് പെരുമാറുന്നത്. കന്നഡയും തമിഴും തെലുങ്കും മലയാളവും മറാത്തിയും പോലെയൊരു ഭാഷമാത്രമാണ് ഹിന്ദി. നിരവധി ഭാഷകളുടെ പൂങ്കാവനമാണ് ഇന്ത്യ. വൈവിദ്യ സംസ്‌കാരങ്ങളുടെ ഭൂമി. അതിനെ തകര്‍ക്കാന്‍ ശ്രമിക്കേണ്ടതില്ല. ഒരു വലിയ വിഭാഗം ആളുകള്‍ ഹിന്ദി സംസാരിക്കുന്നു എന്നതുകൊണ്ട് അതൊരു ദേശീയഭാഷയാവില്ല. കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ഒമ്പത് സംസ്ഥാനങ്ങളില്‍ രണ്ടാമത്തേയോ മൂന്നാമത്തേയോ ഭാഷയാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കേ, അജയ് ദേവ്ഗണിന്റെ പരാമര്‍ശത്തിലെ വസ്തുതയെന്താണ്?’ വിവിധ ട്വീറ്റുകളിലായി കുമാരസ്വാമി പറയുന്നതിങ്ങനെ.

‘ആര്‍: ദ ഡെഡ്‌ലിയെസ്റ്റ് ഗ്യാങ്സ്റ്റര്‍ എവര്‍’ എന്ന കന്നഡ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ കിച്ചാ സുദീപിന്റെ പരാമര്‍ശവും ഇതേറ്റുപിടിച്ച് അജയ് ദേവ്ഗണ്‍ നല്‍കിയ മറുപടിയുമാണ് വിവാദങ്ങള്‍ക്കാധാരം. കെജിഎഫ് 2-ന്റെ വിജയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘കന്നഡയില്‍ നിന്ന് ഒരു പാന്‍ ഇന്ത്യ സിനിമ ഉണ്ടാകുന്നു എന്ന് നിങ്ങള്‍ പറയുന്നു, എന്നാലതില്‍ ഒരു ചെറിയ തിരുത്ത് ഉണ്ട്. ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല. ബോളിവുഡാണ് ഇന്ന് അവരുടെ പാന്‍-ഇന്ത്യ സിനിമകള്‍ തെലുങ്കിലും തമിഴിലും ഡബ്ബ് ചെയ്ത് വിജയം കണ്ടെത്താന്‍ പാടുപെടുന്നത്. എന്നലത് നടക്കുന്നുമില്ല. അതേസമയം, ഞങ്ങള്‍ എല്ലാവര്‍ക്കും സ്വീകാര്യമായ സിനിമകള്‍ നിര്‍മ്മിക്കുന്നു”, എന്നായിരുന്നു കിച്ചാ സുദീപിന്റെ വാക്കുകള്‍.

ഇതിന് മറുപടിയുമായെത്തിയ അജയ് ജേവ്ഗണ്‍, ഹിന്ദി ദേശീയഭാഷയല്ലെങ്കില്‍ എന്തിനാണ് മറ്റ് ഭാഷകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യുന്നതെന്ന മറുചോദ്യവുമായെത്തി. ഹിന്ദി ദേശീയ ഭാഷയാണെന്നും ഇനിയുമത് അങ്ങനെത്തന്നെയായിരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. താന്‍ പറഞ്ഞത് ഹിന്ദി ഭാഷയെക്കുറിച്ചല്ലെന്നും അത് സന്ദര്‍ഭത്തില്‍നിന്നും അടര്‍ത്തി മാറ്റിയതാണെന്നും വ്യക്തമാക്കി കിച്ചാ സുദീപ് വീണ്ടുമെത്തി.

തുടര്‍ന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയടക്കമുള്ളവര്‍ വിഷയത്തില്‍ പ്രതികരണങ്ങള്‍ നടത്തി. കിച്ച പറഞ്ഞതില്‍ തെറ്റുകളില്ലെന്ന് വ്യക്തമാക്കിയ രാം ഗോപാല്‍ വര്‍മ്മ ഒരുപടികൂടി കടന്ന് ഹിന്ദി താരങ്ങള്‍ക്ക് ദക്ഷിണേന്ത്യന്‍ താരങ്ങളോട് അസൂയയാണെന്നും അവര്‍ അരക്ഷിതരാണെന്നും തുറന്നടിച്ചു.

പിന്നാലെ, കര്‍ണാടക മുഖ്യമന്ത്രി ബിഎസ് ബൊമ്മ, കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍, നടിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന ദിവ്യ സ്പന്ദന തുടങ്ങിയവരും രംഗത്തെത്തി. കിച്ചയുടെ പ്രസ്താവന ശരിയാണെന്ന നിലപാടിലാണ് നേതാക്കളെല്ലാം ഉറച്ചുനിന്നത്. ഇതോടെ വിവാദങ്ങള്‍ക്ക് ഒരു രാഷ്ട്രീയമാനം കൂടി കടന്നുവന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ ചട്ടപ്പെടുത്തിരിക്കുന്ന ഇന്ത്യന്‍ രീതിയെക്കുറിച്ചും പ്രാദേശിക ഭാഷകളുടെ പ്രാധാന്യത്തെക്കുറിച്ചുമായിരുന്നു ബിഎസ് ബൊമ്മയുടെ പ്രതികരണം. ഭാഷാ വൈവിധ്യങ്ങളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു സിദ്ധരാമയ്യയുടെ വിശദീകരണം. ഹിന്ദി ദേശീയഭാഷയായിരുന്നില്ലെന്നും ഇനിയൊരിക്കലും ആകാന്‍ പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു ഭാഷയ്ക്കും മറ്റൊരുഭാഷയേക്കാള്‍ മേധാവിത്വമില്ലെന്നും 19,500 മാതൃഭാഷകള്‍ ഇന്ത്യയില്‍ സംസാരിക്കുന്നുണ്ടെന്നും ഡികെ ശിവകുമാര്‍ ചൂണ്ടിക്കാട്ടി. ഹിന്ദി ദേശീയഭാഷയല്ലെന്ന് ആവര്‍ത്തിച്ച ദിവ്യ സ്പന്ദന അജയ് ദേവ്ഗണിന്റെ പരാമര്‍ശത്തെ നിശിതം പരിഹസിക്കുകയും ചെയ്തു. അജയ് ദേവ്ഗണിന്റെ വിവരമില്ലായ്മ തന്നെ അമ്പരപ്പിക്കുന്നെന്നും കലയ്ക്ക് ഭാഷയില്ലെന്നും അവര്‍ പറഞ്ഞു.

UPDATES
STORIES