വിസ്മയിപ്പിച്ച് ഷെയ്നും രേവതിയും; ‘ഭൂതകാലം’ ട്രെയിലർ

ഷെയ്ൻ നിഗവും രേവതിയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഭൂതകാലത്തിന്റെ ട്രെയിലറെത്തി. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 21 ന് സോണിലിവിൽ സ്ട്രീം ചെയ്ത് തുടങ്ങും. രാഹുല്‍ സദാശിവനും ശ്രീകുമാർ ശ്രേയസും ചേർന്നാണ് രചന.

ഒരു കുടുംബാംഗത്തിന്റെ മരണവും തുടർന്നുണ്ടാകുന്ന ദുരൂഹമായ സംഭവങ്ങളും അമ്മയുടെയും മകന്റെയും യാഥാർത്ഥ്യബോധത്തെ വികലമാക്കുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് കഥ വികസിക്കുന്നത്.

സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മകല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ഷെയ്ന്‍ നിഗം ആദ്യമായി സംഗീത സംവിധായകനാവുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ്. ചിത്രത്തിലെ രാത്താരമെ എന്നു തുടങ്ങുന്ന ഗാനം എഴുതിയതും സംഗീതം നൽകിയതും ആലപിച്ചതും ഷെയ്ൻ തന്നെയാണ്. ഇതിന്റെ വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

അന്‍വര്‍ റഷീദിന്റെയും അമല്‍ നീരദിന്റെയും വിതരണ സംരംഭമായ എ&എ റിലീസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് തേരേസ റാണിയും സുനില ഹബീബും ചേര്‍ന്നാണ്. ഷെയ്ന്‍ നിഗത്തിന്റെ അമ്മയാണ് സുനില ഹബീബ്. ഛായാഗ്രാഹണം ഷെഹ്നാദ് ജലാൽ. എഡിറ്റിങ്ങ് ഷഫീഖ് മുഹമ്മദ്.

UPDATES
STORIES