അന്തരിച്ച മുതിര്‍ന്ന നടി കെപിഎസി ലളിതയ്ക്ക് ആദരമര്‍പ്പിക്കാന്‍ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (ആര്‍ഐഎഫ്എഫ്കെ) വേദി. അവിസ്മരണീയ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ കെപിഎസി ലളിതയെന്ന പ്രതിഭ മലയാള സിനിമയ്ക്ക് നല്കിയ സംഭാവനകളെ അനുസ്മരിച്ച് ജയരാജ് ചിത്രം ‘ശാന്തം’ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഏപ്രില്‍ ഒന്നിന് ആരംഭിച്ച് അഞ്ചിന് അവസാനിക്കുന്ന ചലചിത്രോത്സവത്തിന്റെ നാലാം ദിവസമാണ് പ്രദര്‍ശനം.
2001 -ല്‍ റിലീസായ ചിത്രത്തിലെ നാരായണി എന്ന കഥാപാത്ര അവതരണത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരത്തിന് കെപിഎസി ലളിത അര്‍ഹയായിരുന്നു. പി സുരേഷ് കുമാറും മാടമ്പു കുഞ്ഞുകുട്ടനും ചേര്‍ന്ന് തിരക്കഥയെഴുതിയ ‘ശാന്തം’ മികച്ച ഫീച്ചര്‍ സിനിമയെന്ന അംഗീകാരവും നേടിയിരുന്നു. കെപിഎസി ലളിതയ്ക്ക് പുറമെ ഫുട്ബോള്‍ ഇതിഹാസം ഐഎം വിജയന്, സീമ ബിശ്വാസ്, കലാമണ്ഡലം ഗോപി, എംജി ശശി, മാടമ്പ് കുഞ്ഞുക്കുട്ടന്, എന്നീ അതുല്യപ്രതിഭങ്ങള് ഒന്നിച്ച ചിത്രമാണ് ‘ശാന്തം’.
ആഭ്യന്തര കലഹങ്ങളെ തുടര്‍ന്ന് അസ്വസ്ഥമായ ഒരു കാലത്ത് ജീവിക്കുന്ന വേലായുധന് എന്ന യുവാവിന്റെ കഥയാണ് ‘ശാന്തം’. പരസ്പര സംഘര്‍ഷങ്ങള്‍ക്കിടെ തന്റെ ഉറ്റ സുഹൃത്തിനെ കൊല്ലുന്ന വേലായുധന് പിന്നീട് കുറ്റബോധത്താല്‍ സ്വൈര്യ ജീവിതം നഷ്ടപ്പെടുന്നു. അതേസമയം വേലായുധനെ തിരയുന്ന രാഷ്ട്രീയ ശത്രുക്കള്‍ പ്രതികാരത്തിന് ആയുധമൊരുക്കുന്നു. വേലായുധന്റെ അതിജീവനത്തിലൂടെ യുദ്ധത്തിന്റെ നിരര്ത്ഥതകത പറയുന്ന ചിത്രത്തില്‍ മകന്റെ കൊലയാളിയെ മരണ മുഖത്ത് രക്ഷിക്കുന്ന അമ്മയാണ് കെപിഎസി ലളിതയുടെ നാരായണി.
രവി വര്മ്മന് ഛായാഗ്രഹണവും എന്‍ പി സതീഷ് എഡിറ്റിംഗും നിര്‍വ്വഹിച്ച ചിത്രത്തിന് കൈതപ്രം ദാമോദരനും രാജാമണിയും ചേര്‍ന്നാണ് സംഗീതം നല്‍കിയത്.
26-ാമത് രാജ്യാന്തര ചലചിത്ര മേളയോട് അനുബന്ധിച്ചാണ് കൊച്ചിയില്‍ അഞ്ചുദിവസത്തെ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള അരങ്ങേറുന്നത്. ഐഎഫ്എഫ്കെയില് നിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും ആര്ഐഎഫ്എഫ്കെയില് പ്രദര്‍ശനം. മധ്യകേരളത്തിലൊരുങ്ങുന്ന പ്രാദേശിക മേളയിലൂടെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പുതിയ ലോകസിനിമകള്‍ തിയേറ്ററില്‍ തന്നെ ആസ്വദിക്കാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യം. ഐഎഫ്എഫ്കെ പാസുകള്‍ ഉപയോഗിച്ച് ആ്ര്ഐഎഫ്എഫ്കെയുടെ ഭാഗമാകാം.