നാഷണല്‍ ഹീറോയായി പോപ് സ്റ്റാര്‍ റിഹാനയെ തെരഞ്ഞെടുത്ത് ലോകത്തെ ഏറ്റവും പുതിയ സ്വതന്ത്ര റിപബ്ലിക്കായ ബാര്‍ബഡോസ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം മിയ മൊട്ട്ലിയെടുത്ത ആദ്യ നടപടിയാണിത്. ബാര്‍ബഡോസ് സ്വതന്ത്രമായതിന്റെ ആഘോഷ പരിപാടികള്‍ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം.
റിഹാനയ്ക്ക് വജ്രം പോലെ തിളങ്ങാനാവട്ടെ എന്ന് ആശംസിച്ചായിരുന്നു മൊട്ട്ലിയുടെ പ്രഖ്യാപനം. റിഹാനയുടെ 2021ലെ ഗ്ലോബല്‍ ഹിറ്റ് ആല്‍ബം ഡയമണ്ട്സിനെ പരാമര്‍ശിച്ചാണ് ഈ വിശേഷണം. ‘കൃതജ്ഞതയുള്ള ഒരു രാജ്യത്തിന് വേണ്ടി, അതിലേറെ അഭിമാനികളായ അതിന്റെ ജനതയ്ക്കുവേണ്ടി അംബാസിഡര്‍ റോബിന് റിഹാന ഫെന്റിയെ അവതരിപ്പിക്കുന്നു. നിങ്ങള്‍ ഇനിയും വജ്രം പോലെ തിളങ്ങട്ടെ’, മിയ മൊട്ട്ലി പറഞ്ഞു.
സംഗീതത്തില്‍ ഗ്രാമി പുരസ്കാരമടക്കം നേടിയിട്ടുള്ള സംഗീതജ്ഞയും ലോകപ്രശസ്ത വ്യവസായിയുമാണ് റിഹാന. ബാര്‍ബഡോസിലെ സെയ്ന്റ് മിഖായേലിലാണ് റിഹാനയുടെ ജനനം. സംഗീത ജീവിതത്തിനുവേണ്ടി അമേരിക്കയിലേക്ക് പോകും വരെ ബ്രിഡ്ജ്ടൗണിലായിരുന്നു ജീവിതം. തുടര്‍ന്നിങ്ങോട്ട് എക്കാലത്തെയും മൂല്യമുള്ള കലാകാരിയായിട്ടായിരുന്നു റിഹാനയുടെ വളര്‍ച്ച. മികച്ച ഇന്‍ഡസ്ട്രി അവാര്‍ഡുകളടക്കം നിരവധി പുരസ്കാരങ്ങള്‍ ഇവര്‍ വാരിക്കൂട്ടി. സമീപ കാലത്തായി കോസ്മെറ്റിക്, വസ്ത്ര വ്യാപാരത്തിലേക്കും റിഹാന വേരുകള്‍ പടര്‍ത്തിക്കഴിഞ്ഞു.
2018-ല്‍ ബാര്‍ബഡോസിന്റെ അംബാസിഡറായി റിഹാനയെ തെരഞ്ഞെടുത്തിരുന്നു. ഈ കരീബിയന്‍ ദ്വീപിലെ വിദ്യാഭ്യാസം, ടൂറിസം, നിക്ഷേപം എന്നിവ അഭിവൃദ്ധിയിലെത്തിക്കുക എന്നതായിരുന്നു റിഹാനയില് നിക്ഷിപ്തമായ ഉത്തരവാദിത്വം. ഒരുവര്‍ഷത്തിന് ശേഷം 2019ല്‍ ആദരസൂചകമായി ബാര്‍ബഡോസിലെ ഒരു തെരുവിന് റിഹാന ഡ്രൈവ് എന്ന് പേരുനല്കിയിരുന്നു.
ബാര്‍ബഡോസിന്റെ 11-ാമത്തെ നാഷണല്‍ ഹീറോയായിട്ടാണ് റിഹാനയെ തെരഞ്ഞെടുത്തിരിക്കുന്നത്. ഐതിഹാസിക ക്രിക്കറ്റര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്സ് മാത്രമാണ് മുമ്പ് ബാര്‍ബഡോസ് നാഷണല്‍ ഹീറോ പദവി നല്കി ആദരിച്ചവരില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരാള്‍.