നികുതിപ്പണം കൊണ്ടാണ് ഹേമ കമ്മീഷന്‍ ഉണ്ടാക്കിയത്, റിപ്പോര്‍ട്ട് പുറത്ത് വിടണം: റിമ കല്ലിങ്കൽ

മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ രൂപീകരിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അഭിനേതാവും നിർമ്മാതാവും വിമൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ റിമ കല്ലിങ്കൽ. ജനങ്ങളുടെ നികുതിപ്പണം ചെലവാക്കി രൂപീകരിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്ന് അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടെന്നും റിമ പറഞ്ഞു. കൊച്ചിയിൽ നടക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിമ.

“ഞങ്ങള്‍ എല്ലാവരുടെയും ഒരുപാട് കാലത്തെ സമയവും പ്രയത്നവുമാണ് അത്. ഞങ്ങളുടെ മാത്രം ആവശ്യമല്ല, എല്ലാവരുടെയും ആവശ്യമാണ്. ജനങ്ങളുടെ നികുതിപ്പണം ചെലവാക്കിയാണ് കമ്മീഷന്‍ രൂപീകരിച്ചത്. സ്ത്രീകള്‍ക്ക് വേണ്ടി മാത്രമല്ല, സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് ആഭ്യന്തര പ്രശ്ന പരിഹാര സെൽ രൂപീകരിക്കണം എന്ന് പറയുന്നത്. നിര്‍മാതാക്കളുടെ സംഘടനയെല്ലാം അതിനെ ഗൗരവകരമായി എടുത്തിട്ടുണ്ട്. എല്ലാ സിനിമാസെറ്റുകളിലും ആഭ്യന്തരപ്രശ്ന പരിഹാര സെല്‍ ഉണ്ടായിരിക്കും. അതിന് നിമിത്തമായതില്‍ ഡബ്ല്യുസിസിക്ക് അഭിമാനമുണ്ട്,” റിമ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ നിയമനിര്‍മ്മാണം ഉടനുണ്ടാകുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇന്ന് വ്യക്തമാക്കി. നിയമത്തിന്റെ കരട് തയ്യാറെന്നും നിയമം എത്രയും വേഗം നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ സമിതി മുന്നോട്ടുവെച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നിയമത്തിന്റെ കരട് രേഖ തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് കൂടുതല്‍ പ്രതികരണങ്ങളുണ്ടാകുന്നതിനിടെയാണ് ആര്‍ഐഎഫ്എഫ്‌കെ വേദിയിലെ മന്ത്രിയുടെ പ്രഖ്യാപനം. സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും മന്ത്രി പറഞ്ഞു.

UPDATES
STORIES