‘നമുക്കുകൂടി അവകാശപ്പെട്ട ഈ ഇടത്ത് തന്നെ നിൽക്കും’; റിമ പറയുന്നു

സിനിമകൾ കൊണ്ട് മാത്രമല്ല, നിലപാടുകൾ കൊണ്ടും മലയാളത്തിലെ വേറിട്ട ശബ്ദമാണ് നടി റിമ കല്ലിങ്കൽ. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യം മുതൽ സഹപ്രവർത്തകയോടൊപ്പം അടിപതറാതെ നിന്ന റിമ സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനവും ചൂഷണവും തുറന്നു പറയുകയും ചെയ്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച തന്റെ ചിത്രത്തോടൊപ്പം ചെറിയൊരു കുറിപ്പും കൂടി റിമ ചേർത്തിട്ടുണ്ട്. ഈ കുറിപ്പിലൂടെ ഇതുവരെയുള്ള തന്റെ നിലപാട് ആവർത്തിക്കുകയാണ് നടി.

“നമുക്കെല്ലാവർക്കും അവകാശപ്പെട്ട ഈ സ്ഥലത്ത് ഇവിടെത്തന്നെ ഞാൻ നിൽക്കാൻ പോകുന്നു. കഠിനമായി പരിശ്രമിക്കും. ഒരു കൊടുങ്കാറ്റ് തന്നെ ഉയർത്തും. ഞങ്ങളുടെ ശബ്ദം കേൾക്കുന്നു എന്ന് ഉറപ്പാക്കും. ഇത് അവസാനിച്ചിട്ടില്ല”

Read More: ‘പത്തുപേർ ചേർന്നാണ് ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്’; ആരെയാണ് സംരക്ഷിക്കുന്നതെന്ന് റിമ കല്ലിങ്കൽ

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ മലയാള സിനിമ ലോകത്തിന്റെ നിസ്സംഗതയെ വിമർശിച്ചുകൊണ്ട് റിമ രംഗത്തെത്തിയിരുന്നു. നടിയുടെ പോസ്റ്റ് റീഷെയർ ചെയ്തുകൊണ്ടുള്ള പിന്തുണയല്ല തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും തൊഴിലിടത്തിൽ സ്ത്രീകൾ ചൂണ്ടിക്കാട്ടുന്ന അടിസ്ഥാന പ്രശ്നങ്ങൾക്കെതിരെയുള്ള നടപടിയാണ് ആവശ്യമെന്നും റിമ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നു പോലും നിരാശാജനകമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ റിമ, ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചിരുന്നു.

റിമ കല്ലിങ്കലിന്റെ വാക്കുകൾ:

അതിജീവിച്ച പെണ്‍കുട്ടി ഒരു പോസ്റ്റിടുമ്പോള്‍ അത് റീ ഷെയര്‍ ചെയ്യുന്നതിനപ്പുറത്തേക്ക് പല കാര്യങ്ങളുണ്ട്. രണ്ട് വര്‍ഷമായി ഞങ്ങള്‍ ഒക്കെ ആവശ്യപ്പെടുന്ന ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ല. ഇതുപോലൊരു സംഭവം ഇനി ഒരിക്കലും ഉണ്ടാകരുത് എന്ന ആഗ്രഹത്തിലാണ് ഞങ്ങള്‍ ഇത് സംസാരിക്കുന്നത്. ഇതിനെ തടയണം. പ്രശ്‌ന പരിഹാര സമിതി ഉണ്ടാകണം. അതുകൊണ്ടാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല, എന്തുകൊണ്ട് സര്‍ക്കാര്‍ അത് ഗൗരവമായി എടുക്കുന്നില്ല എന്ന് വീണ്ടും വീണ്ടും ചോദിക്കുന്നത്. ഇങ്ങനെയൊരു കാര്യം ഇനി ആവര്‍ത്തിക്കരുത് എന്നതില്‍ ഞങ്ങള്‍ക്ക് വളരെയധികം വാശിയുണ്ട്.

എല്ലാവരുടേയും പിന്തുണ ഞങ്ങള്‍ക്ക് വേണം. പക്ഷെ ഏതു തരത്തിലുള്ള പിന്തുണ? ഒരു പോസ്റ്റ് റീഷെയര്‍ ചെയ്യുന്നതിലല്ലല്ലോ പിന്തുണ കാണേണ്ടത്. ഗൗരവമായ നടപടികളാണ് ഉണ്ടാകേണ്ടത്. ഇവിടെ നമ്മള്‍ കണ്ടുവരുന്ന സംസ്‌കാരം മാറി വരണം എന്നത് വളരെ പ്രധാനമാണ്. മലയാള സിനിമ വ്യവസായത്തിലെ ഏറ്റവും വലിയ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ എന്താണ് ചെയ്തത് എന്ന് നമുക്കറിയാം. അതിജീവിച്ച പെണ്‍കുട്ടിയേയും പ്രതിയേയും ഒന്നിച്ച് ഇരുത്താം എന്നു തീരുമാനിച്ച ഒരും സംഘടന ഇവിടെയുണ്ട്. ഇവിടുത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയുടെ പ്രസിഡന്‌റ് പ്രതിയെ വച്ച് സിനിമയെടുക്കുകയാണ് ചെയ്തത്. ഇവിടുത്തെ സംസ്‌കാരം എന്താണ് എന്ന് നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. എന്താണ് മാറേണ്ടത് എന്ന് നമുക്ക് മനസിലാകണം. എല്ലാ പ്രൊഡക്ഷന്‍ ഹൗസുകളും ഒരു ഐസി രൂപീകരിക്കാന്‍ തയ്യറാണോ? മുംബൈയില്‍ ഐസി ഇല്ലാത്ത കമ്പനീസിന്റെ ലൈസന്‍സ് റദ്ദാക്കികൊണ്ടിരിക്കുകയാണ്. എല്ലാ സിനിമ സെറ്റുകളിലും ഐസി അത്യാവശ്യമാണ്. എന്തുകൊണ്ട് അത് ഇവിടെ നടക്കുന്നില്ല?

ഇത്രയും അധികാരവും പ്രിവിലേജുമുള്ള ഒരിടത്ത് എന്തുകൊണ്ട് ഇവര്‍ക്കിത് കൊണ്ടുവരാന്‍ പറ്റുന്നില്ല. ഒരു പത്ത് പേര് കൂടിയാണ് ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എന്തുകൊണ്ട് ആ മാറ്റം കൊണ്ടുവരാന്‍ പറ്റുന്നില്ല. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ഇത്രയധികം സംസാരിക്കുന്ന ഒരു സര്‍ക്കാരിന് ഇത് മാറ്റാന്‍ സാധിക്കുന്നില്ല? ഞങ്ങള്‍ പോയി ആവശ്യപ്പെട്ട് ഒരു കമ്മീഷന്‍ കൊണ്ടുവന്ന്, 34 ലക്ഷം രൂപയോളം ചെലവാക്കി ഇങ്ങനെ ഒരു റിപ്പോര്‍ട്ട് വന്നതിന് ശേഷം ഇത്രയും വര്‍ഷമായിട്ടും സ്റ്റേറ്റ് ഹോള്‍ഡേഴ്‌സിന് ഇതിന്റെ ഒരു കോപ്പി പോലും കിട്ടുന്നില്ല. ആരെയാണ് ഇവിടെ സംരക്ഷിക്കുന്നത്? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? അത് ചോദിച്ചുകൊണ്ടേയിരിക്കണം. പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടേ ഇരിക്കണം. കാരണം ഇവിടുത്തെ സിനിമ സംസ്‌കാരം ഇങ്ങനെയാണ്. അത് മാറണം.

സൂപ്പര്‍താരങ്ങള്‍ക്ക് നമ്മുടെ സമൂഹത്തിലുള്ള സ്വാധീനം വലുതാണ്. അവര്‍ക്ക് കൊണ്ടുവരാന്‍ പറ്റുന്ന മാറ്റങ്ങള്‍ വലുതാണ്. കസബ വിവാദത്തില്‍ പോലും മമ്മൂക്ക ആ റോള്‍ ചെയ്യുന്നതിനാലാണ് നമുക്ക് പ്രശ്‌നം. മമ്മൂക്കയെ അത്രയധികം ആളുകള്‍ സ്‌നേഹിക്കുന്നുണ്ട് സ്‌നേഹിക്കുന്നുണ്ട്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ ആളുകള്‍ അനുകരിക്കുന്നുണ്ട് എന്നതിനാലാണ് നമ്മള്‍ അത് ചൂണ്ടിക്കാട്ടുന്നത്. നമുക്ക് ആരോടും വ്യക്തി വൈരാഗ്യമില്ല, മാറേണ്ടത് ഒരു സംസ്‌കാരമാണ്. ഏറ്റവും വലിയ ഇന്‍ഫ്‌ലുന്‍സേഴ്‌സ് അതിനൊപ്പം നില്‍ക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അത് വളരെ വളരെ വളരെ കുറവാണ്.

UPDATES
STORIES