തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ റോഷന്‍ മാത്യു? ‘ദസറ’യില്‍ നാനിക്കൊപ്പം എത്തിയേക്കും

‘ദസറ’ എന്ന ആദ്യ ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കാലെടുത്തുവെക്കുകയാണ് ശ്രീകാന്ത് ഒഡേല. നാനിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന മാസ് ആക്ഷന്‍ ചിത്രമാണ് ഇതെന്നാണ് സൂചനകള്‍. മലയാളി താരം റോഷന്‍ മാത്യുവും ദസറയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന പുതിയ വിവരം.

റോഷന്‍ മാത്യു ചിത്രത്തിലുണ്ടായേക്കുമെന്ന സൂചനകളാണ് തെലുങ്ക് മാധ്യമങ്ങള്‍ നല്‍കുന്നതെങ്കിലും ഇക്കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ റോഷന്‍ മാത്യുവിന്റെ ആദ്യ തെലുങ്ക് സിനിമയാവുമിത്. വരുന്ന ആഴ്ചകളില്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകുമെന്നാണ് തെലുങ്ക് സിനിമാവൃത്തങ്ങള്‍ പറയുന്നത്.

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ‘ചതുരം’, സിബി മലയിലിന്റെ ‘കൊത്ത്’ തുടങ്ങിയവയാണ് റോഷന്‍ അഭിനയിച്ചവയില്‍ ഉടന്‍ പുറത്തിറങ്ങാനൊരുങ്ങുന്ന മലയാളം സിനിമകള്‍. കോബ്ര, നൈറ്റ് ഡ്രൈവ്, ഒരു തെക്കന്‍ തല്ലുകേസ് തുടങ്ങിയ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ‘അടി കപ്യാരേ കൂട്ടമണി’യെന്ന ചിത്രത്തിലെ ചെറിയ റോളിലൂടെ സിനിമാ രംഗത്തെത്തിയ റോഷന്‍ ‘പുതിയ നിയമം’, ‘ആനന്ദം’, ‘കൂടെ’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. തുടര്‍ന്ന് വന്ന ‘മൂത്തോന്‍’, ‘കപ്പേള’, ‘സീ യൂ സൂണ്‍’, ‘കുരുതി’, ‘ആണും പെണ്ണും’, ‘വര്‍ത്തമാനം’ തുടങ്ങിയ ചിത്രങ്ങള്‍ റോഷന്‍ മാത്യുവെന്ന അഭിനേതാവിന്റെ കഴിവിനെ വരച്ചിടുന്നതായിരുന്നു.

ഒരു പ്രധാന വേഷത്തില്‍ തന്നെയാണ് റോഷന്‍ ‘ദസറ’യിലെത്തുന്നതെന്നാണ് വിവരം. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ വ്യത്യസ്ത ലുക്കിലുള്ള നാനിയുടെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. സൈറ വഹാബ്, സായ് കുമാര്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്. സന്തോഷ് നാരായണനാണ് സംഗീതസംവിധാനം. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

UPDATES
STORIES