എസ്എസ് രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ പ്രദര്‍ശനത്തിനിടെ ആരാധകന് കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാ സ്വദേശിയായ മുപ്പതുകാരന് ഒബുലേസു ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച ചിത്രത്തിന്റെ ആദ്യദിന പ്രദര്‍ശനം നടക്കുന്നതിനിടെ അനന്തപുര്‍ എസ്വി മാക്സ് തിരയറ്ററില്വെച്ചായിരുന്നു സംഭവം. കുഴഞ്ഞുവീണ യുവാവിനെ സുഹൃത്തുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എസ് എസ് രാജമൗലിയുടെ മറ്റൊരു പീരിയോഡിക് ഡ്രാമയാണ് ‘ആര്‍ആര്‍ആര്‍’. വിപ്ലവ നായകന്മാരായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു സാങ്കല്‍പ്പിക കഥയാണ് ചിത്രം. സ്വാതന്ത്രത്തിന് മുന്‍പ് 1920 കള്‍ പശ്ചാത്തലമാകുന്ന ചിത്രത്തിന് ആദ്യദിവസം മുതല്‍ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
ഈ വര്‍ഷം ജനുവരി 7 ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് കൊവിഡ് മുന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് മാര്‍ച്ച് 25 ലേക്ക് മാറ്റിവെച്ചത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. അജയ് ദേവ്ഗണ്, ആലിയ ഭട്ട്, സമുദ്രക്കനി, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
കേരളത്തില്‍ മാത്രം 500ലധികം സ്ക്രീനുകളിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് തുടങ്ങി വിദേശ ഭാഷകളിലായി ലോകത്താകമാനം 10,000 സ്ക്രീനുകളില്‍ ‘ആര്‍ആര്‍ആര്‍’ റിലീസ് ചെയ്യുമെന്നുമായിരുന്നു റിപ്പോര്‍ട്ട്