കൊന്ന് മതിവരാതെ കീര്‍ത്തി സുരേഷ്; ആമസോണ്‍ പ്രൈമിന്‌റെ ‘സാനി കായിദം’ ട്രെയിലര്‍

കീര്‍ത്തി സുരേഷ്, സെല്‍വരാഘവന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ അരുണ്‍ മാതേശ്വരന്‍ ഒരുക്കുന്ന ‘സാനി കായിദം’ എന്ന തമിഴ് ചിത്രത്തിന്‌റെ ട്രെയിലര്‍ ആമസോണ്‍ പ്രൈം പുറത്തിറക്കി. 1980കളില്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ പൊന്നി എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. സങ്കയ്യ എന്ന കഥാപാത്രമായി സെല്‍വരാഘവനും എത്തുന്നു. പൊന്നിയും സങ്കയ്യയും നടത്തുന്ന എണ്ണമറ്റ കൊലപാതകങ്ങളും ഇരുവരേയും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വിചാരണ ചെയ്യുന്നതും ട്രെയിലറില്‍ കാണിക്കുന്നു. നിഷ്ഠൂരമായാണ് ഇരുവരും കൊലപാതകങ്ങള്‍ നടത്തുന്നത്.

കൊലയാളികളായി പരിണമിക്കുന്നതിന് മുമ്പ് ഇരുവരും സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു. പൊന്നി പൊലീസ് കോണ്‍സ്റ്റബിളും സങ്കയ്യ ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന തൊഴിലാളിയുമായിരുന്നു. ഇരുവരും വിദ്വേഷത്തിന്‌റെ ഇരകളാണ് എന്നാണ് ട്രെയിലറില്‍ നിന്നും അനുമാനിക്കാനാകുന്നത്. ജീവിതത്തിലെ തിക്താനുഭവങ്ങളാണ് ഇരുവരുടേയും മനസില്‍ വെറുപ്പും പകയും നിറച്ചത്.

‘എന്‌റെ മുന്‍കാല സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സാനി കായിദം. വളരെ പരുക്കനും തീക്ഷ്ണവുമായ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. എന്‌റെ കഥാപാത്രവും സംവിധായകന്‍ അരുണിന്‌റെ വ്യത്യസ്തമായ കഥ പറച്ചിലുമാണ് ഈ ചിത്രത്തിന്‌റെ ഭാഗമാകാന്‍ എന്നെ പ്രേരിപ്പിച്ചത്. അതിലുപരി സംവിധായകന്‍ സെല്‍വരാഘവന്‍ എന്‌റെ സഹതാരമായി എത്തുന്നു എന്ന വാര്‍ത്തയും. എന്‌റെ ഹൃദയവും ആത്മാവും ഈ കഥാപാത്രത്തിലേക്ക് ഞാന്‍ പകര്‍ന്നിട്ടുണ്ട്. ലോകമെമ്പാടുമുള്ള എന്‌റെ ആരാധകര്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സാനി കായിദം കാണുമെന്ന സന്തോഷത്തിലാണ് ഞാന്‍. മെയ് ആറാം തിയതി പ്രേക്ഷകരുടെ പ്രതികരണം അറിയാനുള്ള ആകാംക്ഷയാണ് എന്നില്‍,’ എന്നായിരുന്നു മുന്‍പ് കീര്‍ത്തി സുരേഷ് ഈ ചിത്രത്തെ കുറിച്ച് പറഞ്ഞത്

UPDATES
STORIES