‘ഈ സാഹചര്യത്തില്‍ സുരക്ഷയ്ക്കാണ് പ്രാധാന്യം’; സല്യൂട്ട് റിലീസ് മാറ്റി, വിശദീകരിച്ച് അണിയറ പ്രവര്‍ത്തകര്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ട് റിലീസ് മാറ്റിവെച്ചു. ക്ഷമാപണ കുറിപ്പോടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സല്യൂട്ട് ജനുവരി 14ന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പുതുക്കിയ തീയതി പുറത്തുവിട്ടിട്ടില്ല.

‘വ്യക്തിപരമായ താല്‍പര്യങ്ങളേക്കാള്‍ സാമൂഹിക ഉത്തരവാദിത്വത്തിനാണ് വേഫറെര്‍ ഫിലിംസ് വിലകൊടുക്കുന്നത്. നിങ്ങളെപ്പോലെ തന്നെ അടുത്ത റിലീസിന്റെ ആവേശത്തിലായിരുന്നു ഞങ്ങളും. എന്നാല്‍, കൊവിഡ്-ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സല്യൂട്ടിന്റെ റിലീസ് മാറ്റിവെക്കുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ തീരുമാനം നിങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു. പക്ഷേ, ഈ സമയത്ത് സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്’, അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

‘എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. കഴിയുന്നത്രയും നേരത്തെ റിലീസ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തും. എല്ലാ പിന്തുണയ്ക്കും നന്ദി’, സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ബോബി സഞ്ജയുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് സല്യൂട്ട് സംവിധാനം ചെയ്യുന്നത്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.

രാജ്യത്ത് ഒമിക്രോണ്‍ ഭീതിയുയര്‍ന്നതിനെത്തുടര്‍ന്ന് പല ചിത്രങ്ങളും റിലീസ് മാറ്റി വെച്ചിരിക്കുകയാണ്. രാജമൗലിയുടെ ആര്‍ആര്‍ആര്‍, പ്രഭാസ് നായകനാവുന്ന രാധേശ്യാം, ഷാഹിദ് കപൂറിന്റെ ജേഴ്‌സി, അക്ഷയ് കുമാര്‍ എത്തുന്ന പൃഥ്വിരാജ് തുടങ്ങിയവയാണ് റിലീസ് നീട്ടിയ പ്രധാന ചിത്രങ്ങള്‍.

UPDATES
STORIES