സാമന്ത അന്താരാഷ്ട്ര സിനിമാ ലോകത്തേക്ക്; ബാഫ്‌ത ജേതാവിന്റെ ചിത്രത്തിൽ ബൈസെക്ഷ്വൽ ഡിറ്റക്ടീവ്

ബാഫ്‌ത ജേതാവ് ഫിലിപ്പ് ജോണിന്റെ പുതിയ ചിത്രം ‘അറേഞ്ച്മെൻറ്സ് ഓഫ് ലൗ’വിലൂടെ അന്താരാഷ്ട്ര സിനിമയിലേക്ക് കാലെടുത്ത് വെച്ച് നടി സാമന്താ റൂത്ത് പ്രഭു. തിമേരി എൻ മുരാരിയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ള ബ്രിട്ടീഷ് സംവിധായകനായ ജോണിന്റെ ചിത്രത്തിൽ ഡിറ്റക്ടീവിന്റെ വേഷത്തിലാണ് സാമന്തയെത്തുക. വെൽഷ്-ഇന്ത്യനായ ഒരു യുവാവിന്റെ തന്റെ പിതാവിനെ കണ്ടത്താനുള്ള ഉദ്യമത്തിൽ സാമന്തയുടെ കഥാപാത്രം പങ്കാളിയാകുന്നു.

ബൈസെക്ഷ്വലായ കഥാപാത്രമാണ് സിനിമയിൽ പുരോഗമനവാദിയായ സമാന്തയുടേത്. എന്നാൽ മാതാപിതാക്കളാകട്ടെ തീവ്ര സമ്പ്രദായക വാദികളും. വളരെ സങ്കീർണമായ കഥാപാത്രമാണ് തന്റേത് എന്നാണ് താരം വിശേഷിപ്പിക്കുന്നത്.

അന്താരാഷ്ട്ര മാധ്യമമായ വെറൈറ്റി വാർത്ത പുറത്തുവിട്ടതിന് പിന്നാലെ താരവും ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് പോസ്സ് ചെയ്‌തു.

‘അങ്ങേയറ്റം സ്നേഹജനകമായ കഥയാണ് ‘അറേഞ്ച്മെൻറ്സ് ഓഫ് ലൗ’. ‘ഡൗൺ ടൗൺ അബി’യുടെ വലിയ ആരാധികയാണ് ഞാൻ. ഫിലിപ്പ് ജോണിനൊപ്പം സിനിമ ചെയ്യുന്നതിൽ ഞാൻ വലിയ ആകാംക്ഷയിലുമാണ്,’ എന്നാണ് സാമന്ത പ്രതികരിച്ചത്. ‘ഡൗൺ ടൗൺ അബി’, ‘ദി ഗുഡ് കർമ ഹോസ്‌പിറ്റൽ’ തുടങ്ങി നിരവധി മികച്ച സിനിമകൾ ചെയ്‌ത സംവിധായകന് ഫിലിപ്പ് ജോൺ.

ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട ഇന്റർനാഷണൽ ഫിനാൻസിംഗ് ഫോറം നിർമ്മാണ സഹായത്തിനായി തെരഞ്ഞെടുത്ത ഒരേയൊരു ഏഷ്യൻ സിനിമയാണ് ‘അറേഞ്ച്മെൻറ്സ് ഓഫ് ലൗ’. സുനിതാ ടാറ്റിയുടെ ‘ഗുരു ഫിലിംസിന്റെ’ ബാനറിൽ നിർമിക്കുന്ന ചിത്രം അടുത്തവർഷം ഓഗസ്റ്റോടെയായിരിക്കും റിലീസാകുക.

മെർസൽ, ഈച്ച, സൂപ്പർ ഡീലക്‌സ്, ജനതാ ഗാരേജ് തുടങ്ങിയവ ഉൾപ്പടെ നിരവധി തമിഴ് തെലുങ്ക് സിനിമകളിൽ തിളങ്ങിയ സാമന്ത ‘ഫാമിലി മാൻ’ ആമസോൺ സീരീസിലൂടെയാണ് വലിയ അളവിൽ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയത്. അഭിനയത്തിന്റെ പുതിയ തലങ്ങൾ പരീക്ഷിക്കാൻ തനിക്ക് കഴിഞ്ഞത് ‘ഫാമിലി മാനി’ലൂടെയാണെന്ന് സാമന്ത തന്നെ അഭിപ്രായപ്പെടുന്നു. ‘ശാകുന്തളം’, ‘കാതു വാകുള രണ്ടു കാതൽ’ എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

UPDATES
STORIES