‘ഊ ആണ്ടവാ മാമ’: 24 മണിക്കൂറില്‍ 14 മില്യണ്‍ വ്യൂവേഴ്‌സുമായി സാമന്തയുടെ പുഷ്പ ഡാന്‍സ്, യൂടൂബില്‍ ഏറ്റവുമധികംപേര്‍ കണ്ട സൗത്ത്ഇന്ത്യന്‍ ഗാനം

ഇരുപത്തിനാല് മണിക്കൂറിനിടെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ദക്ഷിണേന്ത്യൻ പാട്ടെന്ന നേട്ടം കരസ്ഥമാക്കി അല്ലു അർജുൻ-ഫഹദ് ഫാസിൽ ബിഗ്ബജറ്റ് ചിത്രം പുഷ്പയിൽ സാമന്ത ചുവടുവെച്ച ഡാൻസ് നമ്പർ ഗാനം ‘ഊ ആണ്ടവാ മാമ’യുടെ ലിറിക്കൽ വീഡിയോ. വെള്ളിയാഴ്ച്ച വൈകുന്നേരം യൂട്യൂബിൽ റിലീസ് ചെയ്‌ത തെലുങ്ക് ഗാനം ഇരുപത്തിനാല് മണിക്കൂറിൽ 14 മില്യണിന് മുകളിൽ ആളുകളാണ് കണ്ടത്. നിലവിൽ വ്യൂവേഴ്‌സ് 16 മില്യൺ കഴിഞ്ഞു. ഏഴ് ലക്ഷത്തിനു മുകളിൽ ലൈക്കുകൾ സ്വന്തമാക്കിയ വീഡിയോ യൂട്യൂബിന്റെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതാണ്.

ചന്ദ്രബോസ് എഴുതി ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിച്ച ഗാനം ഇന്ദ്രാവതി ചൗഹാനാണ് തെലുങ്കിൽ ആലപിച്ചിരിക്കുന്നത്. മലയാളം പതിപ്പ് പാടിയത് രമ്യാ നമ്പീശനാണ്. തമിഴിൽ ആൻഡ്രിയ ജെർമിയയും കന്നടയിൽ മംഗ്ലീയുമാണ് ഗായകർ. മലയാളം വേർഷൻ അഞ്ചുലക്ഷം ആളുകൾ കണ്ടു. തമിഴിൽ പതിനഞ്ച് ലക്ഷത്തിനും കന്നഡയിൽ പതിനൊന്ന് ലക്ഷത്തിനും മുകളിൽ ആളുകൾ ഈ ഗാനം കണ്ടിട്ടുണ്ട്. ചിത്രത്തിലെ ഹൈലൈറ്റായ ഈ ഗാനരംഗത്തിലെ അഭിനയം സാമന്തയുടെ കരിയറിലെ ആദ്യ ഡാന്‍സ് നമ്പര്‍ കൂടിയാണ്. ഈ ഗാനരംഗത്തിനായി താരം വാങ്ങിയ പ്രതിഫലമടക്കം നേരത്തെ ചര്‍ച്ചയായിരുന്നു.

ഡിസംബർ 17നാണ് ചിത്രം റിലീസാകുന്നത്. കേരളത്തിൽ ഉൾപ്പടെ പ്രീബുക്കിങ്‌ ഇതിനോടകം ആരംഭിച്ചു. അല്ലു അര്‍ജുന്‍-രശ്മിക മന്ദാന കോമ്പിനേഷനിലെത്തുന്ന ചിത്രത്തില്‍ വില്ലന്‍ വേഷമാണ് ഫഹദിന്റേത്. രണ്ടുഭാഗമായിട്ടാണ് പുഷ്പ എത്തുക. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.

മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌കിന്റേതാണ് ക്യാമറ. സൗണ്ട് എഞ്ചിനീയറായി റസൂല്‍ പൂക്കുട്ടി എത്തുന്നു. കാര്‍ത്തിക് ശ്രീനിവാസാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.

UPDATES
STORIES