ശാരീരിക-മാനസികാരോഗ്യത്തെക്കുറിച്ച് സോഷ്യല്‍മീഡിയയിലൂടെ നിരന്തരം സംസാരിക്കുന്ന താരമാണ് സമീറ റെഡ്ഡി. താരത്തിന്റെ പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ, 43-ാം വയസിലേക്ക് കടന്ന സമീറ, താന്‍ ജീവിതത്തിലെടുത്ത ചില സുപ്രധാന തീരുമാനങ്ങളെക്കുറിച്ച് വിവരിക്കുന്നു.
അഭിനയ രംഗത്ത് സജീവമായിരുന്ന കാലത്ത് ശരീരത്തിലെ പാടുകളെ വലിയ മേക്കപ്പ് ഇട്ട് മറയ്ക്കുമായിരുന്നെന്നും ഇപ്പോഴത് തുറന്ന് കാണിക്കാന്‍ കഴിയുന്നത്ര ബോധ്യം തനിക്ക് വന്നെന്നും നടി പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
‘ഒരുപാട് കാര്യങ്ങള്‍ ഉപേക്ഷിച്ച് എന്റെ ജീവിതം ആസ്വദിക്കാന്‍ എനിക്ക് നാല്പതുകളിലെത്തേണ്ടി വന്നു. മറ്റുള്ളവരെപ്പറ്റി ആശങ്കപ്പെട്ട് ഞാനെന്റെ ഇരുപതുകളും മുപ്പതുകളും നഷ്ടമാക്കി. എന്റെ ശരീരത്തെക്കുറിച്ചും ഇമേജിനെക്കുറിച്ചും ഞാന്‍ ആശങ്കപ്പെട്ടു. പണത്തെക്കുറിച്ചും വിജയത്തിലെത്തുന്നതിനെക്കുറിച്ചും ആശങ്കപ്പെട്ടു. എന്തെങ്കിലും കാര്യം ചെയ്തുകൊണ്ടേയിരിക്കണമെന്നായിരുന്നു എന്റെ ചിന്ത മുഴുവന്‍. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോഴും എനിക്ക് അതിമോഹങ്ങളുണ്ട്. എന്നാലത് എന്റെ ആരോഗ്യത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചും അവനവനോട് സത്യസന്ധമായിരിക്കുന്നതിനെക്കുറിച്ചുമാണ്. ഇതുതന്നെയാണ് എനിക്ക് എല്ലാവരോടും പറയാനുള്ളതും. ഒന്നിനും പുറകേ പോകരുതെന്നല്ല ഞാന്‍ പറയുന്നത്, പക്ഷേ, അത് ആരോഗ്യകരമായ രീതിയില്‍ ചെയ്യണമെന്നാണ്’, സമീറ പറയുന്നു.
നിലവില്‍ സിനിമാ ആലോചനകളൊന്നുമില്ലെന്നും താരം വ്യക്തമാക്കി. ‘നിരവധി ഓഫറുകള്‍ വരുന്നുണ്ട്. പക്ഷേ, കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കേണ്ട സമയമാണ് ഇതെന്നാണ് എന്റെ വിശ്വാസം. ആറുവയസുമുതല്‍ രക്ഷിതാക്കള്‍ അവര്‍ക്കൊപ്പം തന്നെ വേണം. അതവരുടെ വളര്‍ച്ചയുടെ നിര്‍ണായക ഘട്ടമാണെന്നാണ് ഞാന്‍ കരുതുന്നത്. സിനിമയില്‍നിന്നും മോഹനവാഗ്ദാനങ്ങളുണ്ടായെങ്കിലും അവ വേണ്ടെന്ന് വെച്ചതില്‍ തനിക്ക് കുറ്റബോധമൊന്നുമില്ലെന്നും സമീറ വിശദീകരിച്ചു.